ആ 'മറവി'ക്ക് 'പ്രായശ്ചിത്തം'; ഗിരീഷ് പുത്തഞ്ചേരിയെ ചേര്‍ത്ത് 'രാവണപ്രഭു'വിന്റെ പുതിയ പോസ്റ്റര്‍

വിവാദമായതിന് പിന്നാലെ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ചേര്‍ത്ത പുതിയ 'രാവണപ്രഭു' 4K റിലീസ് പോസ്റ്റര്‍ പുറത്തിറക്കി. ഞായറാഴ്ച പുറത്തിറക്കിയ പുതിയ സോഷ്യല്‍മീഡിയ പോസ്റ്ററിലാണ് ചിത്രത്തിന്റെ ഗാനരചയിതാവായ ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ചേര്‍ത്തത്. പുത്തഞ്ചേരിയുടെ പേര് ഒഴിവാക്കിയതിനെതിരേ ഗാനരചയിതാവ് മനു മഞ്ജിത്ത് വിമര്‍ശനം ഉന്നയിച്ചിരുന്നു.
മനു മഞ്ജിത്ത് തന്നെയാണ് പുതിയ പോസ്റ്ററില്‍ പുത്തഞ്ചേരിയുടെ പേര് ചേര്‍ത്ത കാര്യം അറിയിച്ചത്. 'ആ 'കുറവ്' പുതിയ പോസ്റ്ററില്‍ തിരുത്തിയിരിക്കുന്നു എന്നറിയുന്നു. ഒരുപാട് സന്തോഷം, എല്ലാവരോടും സ്‌നേഹം. അങ്ങനെ വിട്ടുപോകാന്‍ പാടുള്ള പേരല്ലല്ലോ അത്, ഗിരീഷ് പുത്തഞ്ചേരി', പുതിയ പോസ്റ്റര്‍ പങ്കുവെച്ച് മനു മഞ്ജിത്ത് കുറിച്ചു. 'ബോക്‌സ് ഓഫീസ് റീ റിലീസ് ഭൂകമ്പം' എന്ന പരസ്യവാചകത്തോടെ പുറത്തിറക്കിയ പോസ്റ്ററിലാണ് പുത്തഞ്ചേരിയുടെ പേര് ചേര്‍ത്തത്.
പുത്തഞ്ചേരിയുടെ പേര് വെട്ടിയത് ചൂണ്ടിക്കാട്ടി കടുത്ത വിമര്‍ശനമായിരുന്നു മനു മഞ്ജിത്ത് ഉയര്‍ത്തിയത്. പുത്തഞ്ചേരിയുടെ പേര് വെട്ടിക്കളയാന്‍ ‘ധൈര്യം’ തോന്നിയത് ആര്‍ക്കാണെന്ന് അറിയില്ലെന്ന് മനു ചോദിച്ചു. ചില ഓര്‍മക്കുറവുകള്‍ക്ക് പേര് മറവിയെന്നല്ലെന്നും നന്ദികേടാണെന്നും മനു വിമര്‍ശിച്ചിരുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം 4K അറ്റ്‌മോസില്‍ എത്തിച്ചത് മാറ്റിനി നൗ ആണ്. മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ എത്തിയ ചിത്രത്തില്‍ നെപ്പോളിയന്‍, സിദ്ദിഖ്, രതീഷ്, സായ്കുമാര്‍, ഇന്നസന്റ്, വസുന്ധരാ ദാസ്, രേവതി, ഭീമന്‍ രഘു, അഗസ്റ്റിന്‍, രാമു, മണിയന്‍പിള്ള രാജു തുടങ്ങിയ വലിയ താരനിര തന്നെയുണ്ട്. സുരേഷ് പീറ്റേഴ്‌സിന്റേതാണ് സംഗീതം. രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2001-ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.
Content Highlights: Following controversy, the 4K re-release poster of `Ravanaprabhu` now features lyricist Gireesh Puthenchery`s name. Manu Manjith welcomed the correction