വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹം; സമയമാവുമ്പോൾ വെളിപ്പെടുത്താമെന്ന് രശ്മിക മന്ദാന

തെലുങ്ക് താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന് ഏറെക്കാലമായി അഭ്യൂഹങ്ങളുണ്ടായിരുന്നു. സാമൂഹികമാധ്യമങ്ങളിൽ ആരാധകരുടെ അടക്കം പറച്ചിലുകൾക്ക് വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ഒക്ടോബറിൽ ഹൈദരാബാദിൽ നടന്ന സ്വകാര്യചടങ്ങിൽ ഇരുവരുടേയും വിവാഹനിശ്ചയം നടന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇക്കാര്യം ഇരുവരും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിവാഹത്തെസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് ഇപ്പോൾ നടി രശ്മിക മന്ദാന.
ഫെബ്രുവരിയിൽ താരങ്ങളുടെ വിവാഹമുണ്ടാവുമെന്നാണ് വിജയ് ദേവരകൊണ്ടയുടെ ടീമിനെ ഉദ്ധരിച്ച് ചില ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. 2018-ൽ 'ഗീതാഗോവിന്ദം' ചിത്രത്തിൽ ഒന്നിച്ചഭിനയിച്ച നാൾമുതൽ ഇരുവരും ഡേറ്റിങ്ങിലാണെന്നാണ് റിപ്പോർട്ടുകൾ. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രശ്മിക വിവാഹത്തെ സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകിയത്.
വിവാഹത്തെക്കുറിച്ചുള്ള പ്രചാരണങ്ങൾ തള്ളാനോ കൊള്ളാനോ താരം തയ്യാറായില്ല. 'വിവാഹം സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. എപ്പോഴാണോ സംസാരിക്കേണ്ടത്, അപ്പോൾ അതിനെക്കുറിച്ച് പറയാം', നടി ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
രശ്മിക വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രശ്മിക ഉദയ്പുരിലേക്ക് നടത്തിയ യാത്രയെ ചുറ്റിപ്പറ്റിയാണ് അഭ്യൂഹങ്ങളുയർന്നത്. വലിയ ആഘോഷമായി നടത്താനുദ്ദേശിക്കുന്ന വിവാഹത്തിന്റെ വേദി തേടിയാണ് താരം ഉദയ്പുരിലെത്തിയതെന്നായിരുന്നു റിപ്പോർട്ട്.
Content Highlights: Rashmika Mandanna addresses ongoing rumors about her marriage to Vijay Deverakonda, stating she`ll speak when the time is right