പരിക്കേറ്റ കുട്ടിക്കുരങ്ങിനെ ദത്തെടുത്ത് റാഷ തഡാനി, പൊന്നുപോലുള്ള ഹൃദയമെന്ന് സോഷ്യൽ മീഡിയ

#മൂവി ഡെസ്ക്
നടി റാഷ തഡാനി | ഫോട്ടോ: PTI
നടി റാഷ തഡാനി | ഫോട്ടോ: PTI

പരിക്കേറ്റ അംഗാദ് എന്ന കുരങ്ങിൻ കുഞ്ഞിനെ ദത്തെടുത്ത് ബോളിവുഡ് നടി റാഷ തഡാനി. മറ്റ് കുരങ്ങുകളുടെ ആക്രമണത്തിൽ പരിക്കേറ്റ് അവശനായ കുരങ്ങാണ് അംഗാദ്. ഒരു മൃഗസ്നേഹിയെന്ന നിലയിൽ അറിയപ്പെടുന്ന റാഷയുടെ ഈ ദയാപൂർവമായ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ഇന്ത്യയിൽ നേരത്തെ തരംഗമായ 'പഞ്ച്' എന്ന കുരങ്ങന്റെ കഥയ്ക്ക് സമാനമായാണ് അംഗാദിന്റെ ഈ യാത്രയെ പലരും കാണുന്നത്.

അമ്മയിൽനിന്ന് വേർപെട്ട കുട്ടിക്കുരങ്ങിനെ മറ്റ് കുരങ്ങുകൾ കൂട്ടമായി ആക്രമിക്കുകയും പരിക്കേൽപിക്കുകയുമായിരുന്നു. ഹീലിംഗ് സാഥി എന്ന മൃഗസംരക്ഷണ കേന്ദ്രം പ്രവർത്തകർ കണ്ടെത്തുമ്പോൾ അംഗാദ് അതീവ അവശനായിരുന്നെങ്കിലും കൃത്യസമയത്ത് ചികിത്സ നൽകാൻ അവർക്ക് സാധിച്ചു. അംഗാദിന്റെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ഡെറാഡൂണിലെ 'ഹീലിംഗ് സാഥി' (Healing Saathi) എന്ന മൃഗസംരക്ഷണ കേന്ദ്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോഴാണ് റാഷ ഈ വിഷയത്തിൽ ഇടപെട്ടത്.

നടിയും റാഷയുടെ അമ്മയുമായ രവീണ ഠണ്ടനും അംഗാദിന്റെ അവസ്ഥയറിഞ്ഞു. തുടർന്ന് അംഗാദിന്റെ ചികിത്സയ്ക്കും സംരക്ഷണത്തിനുമായി അവനെ വിർച്വലായി ദത്തെടുക്കാൻ റാഷ തീരുമാനിക്കുകയായിരുന്നു. പ്രത്യേക പരിചരണം ആവശ്യമുള്ള മൃഗങ്ങൾക്കായുള്ള സങ്കേതമാണ് ഹീലിംഗ് സാഥി.

റാഷയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. പൊന്നുപോലുള്ള ഹൃദയത്തിന് ഉടമ എന്നാണ് ആരാധകർ റാഷയെ വിശേഷിപ്പിച്ചത്. മൃഗങ്ങളോടുള്ള റാഷയുടെ സ്നേഹത്തെയും മനോഭാവത്തെയും പുകഴ്ത്തിക്കൊണ്ട് നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. സ്വാധീനമുള്ള വ്യക്തികൾ ഇത്തരത്തിൽ മൃഗങ്ങളെ സഹായിക്കാൻ മുന്നോട്ട് വരുന്നത് നല്ലൊരു മാതൃകയാണെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.

മൃഗങ്ങളെ ദത്തെടുക്കുന്ന കാര്യത്തിൽ റാഷ മുൻപും മാതൃകയായിട്ടുണ്ട്. എൽസ, ആസാദ്, ബില്ലു എന്നിങ്ങനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മൂന്ന് വളർത്തുമൃഗങ്ങൾ റാഷയ്ക്ക് ഒപ്പമുണ്ട്. മൃഗങ്ങളെ കടകളിൽ നിന്ന് വാങ്ങുന്നതിന് പകരം അവയെ ദത്തെടുക്കുന്നതിനെക്കുറിച്ച് റാഷ എപ്പോഴും സംസാരിക്കാറുണ്ട്.

Content Highlights: Rasha Thadani adopts an injured monkey named Angad., Angad was rescued by Healing Saathi after suffering severe injuries., The story highlights the importance of compassion and animal welfare., Rasha Thadani is an advocate for rescuing and adopting injured animals.