'കാന്താര'യുടെ അനുകരണം: മാപ്പുപറഞ്ഞു, രൺവീർ സിങ്ങിനെതിരായ കേസ് റദ്ദാക്കി

#സ്വന്തം ലേഖകന്‍
രണ്‍വീര്‍ സിങ് | File Photo - AFP
രണ്‍വീര്‍ സിങ് | File Photo - AFP

ബെംഗളൂരു: കാന്താര സിനിമയിലെ ദൈവക്കോലത്തെ വികലമായി അനുകരിച്ചതിന് ബോളിവുഡ് നടൻ രൺവീർ സിങ്ങിന്റെ പേരിലെടുത്ത കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. രൺവീർ സിങ് നിരുപാധികം മാപ്പുപറയുകയും മൈസൂരുവിലെ ചാമുണ്ഡി ക്ഷേത്രം സന്ദർശിച്ച് മാപ്പുചോദിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതിനെത്തുടർന്നാണ് കേസ് തള്ളിയത്.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കേസ്. ചാമുണ്ഡി ദേവിയെ അധിക്ഷേപിച്ചെന്നും പരാതിയിൽ പറഞ്ഞിരുന്നു. കഴിഞ്ഞ നവംബറിൽ ഗോവയിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ കാന്താരയിലെ നായക നടൻ ഋഷഭ് ഷെട്ടിയുടെ സാന്നിധ്യത്തിലായിരുന്നു രൺവീർ സിങ് വിവാദമായ അനുകരണം നടത്തിയത്. ബെംഗളൂരുവിലെ അഭിഭാഷകനായ പ്രശാന്ത് മെത്തൽ നൽകിയ പരാതിയിൽ ബെംഗളൂരു പോലീസാണ് രൺവീർ സിങ്ങിന്റെ പേരിൽ കേസെടുത്തത്. കേസ് തള്ളണമെന്നാവശ്യപ്പെട്ട് രൺവീർ സിങ് സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് നടപടി. ക്ഷമാപണം നടത്തിയതിന്റെ സത്യവാങ് മൂലം രൺവീർസിങ്ങിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്നാണിത്.

'ധുരന്തർ' സിനിമയുടെ വൻ വിജയത്തെത്തുടർന്ന് രൺവീർ സിങ്ങിന് യാത്ര ചെയ്യുന്നതിന് സുരക്ഷാ പ്രശ്‌നമുണ്ടെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അതിനാൽ നടൻ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കുന്നതെന്നാണെന്ന് വ്യക്തമാക്കിയില്ല. അതേസമയം, നടന്റെ പെരുമാറ്റം പൊതുജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയതായി കോടതി ചൂണ്ടിക്കാട്ടി. നടനോട് നാലാഴ്ചയ്ക്കുള്ളിൽ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്ന് നിർദേശിച്ചു.

Content Highlights: Karnataka HC quashed the case against Ranveer Singh regarding Kantara mimicry, Ranveer Singh submitted an unconditional apology to the court, Actor directed to visit the Chamundi Temple within four weeks, Legal proceedings initiated by advocate Prashant Methal were dismissed