രൺവീർ സിങ് മതവിശ്വാസങ്ങളെ അവഹേളിച്ചു, 'കാന്താര' രംഗം അനുകരണ വിവാദത്തിൽ പരാതിയുമായി അഭിഭാഷകൻ

#മൂവി ഡെസ്ക്
രൺവീർ സിങ് | ഫോട്ടോ: AFP
രൺവീർ സിങ് | ഫോട്ടോ: AFP

കാന്താര: ചാപ്റ്റർ 1 എന്ന ചിത്രത്തിലെ ദൈവക്കോലത്തെ അനുകരിച്ച സംഭവത്തിൽ ബോളിവുഡ് നടൻ രൺവീർ സിങ് കൂടുതൽ പ്രശ്നത്തിലേക്ക്. രൺവീർ സിങ്ങിനെതിരെ ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ് ബെംഗളൂരു സ്വദേശിയായ അഭിഭാഷകൻ പ്രകാശ് മെത്തൽ. രൺവീറിന്റെ അനുകരണം മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിക്കാരൻ ആരോപിച്ചു.

നവംബർ 28ന് ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (IFFI) വെച്ചാണ് രൺവീർ സിങ് കാന്താരയിലെ ഒരു രംഗംഅനുകരിച്ചത്. 'കാന്താര ചാപ്റ്റർ 1' നെയും അതിന്റെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയെയും പ്രശംസിക്കുന്നതിനിടയിൽ, രൺവീർ സിങ് 'ദൈവ'രൂപത്തെ "സ്ത്രീ പ്രേതം" എന്ന് വിശേഷിപ്പിച്ചതായാണ് പ്രകാശിന്റെ പരാതിയിൽ പറയുന്നത്. ഇത് മതവിശ്വാസങ്ങൾക്ക് നേരെയുള്ള അവഹേളനമാണെന്നും അഭിഭാഷകൻ അവകാശപ്പെടുന്നു.

ഭാരതീയ ന്യായ സംഹിത (BNS) 2023 ലെ 299, 302, 196 വകുപ്പുകൾ പ്രകാരമാണ് അഭിഭാഷകൻ രൺവീറിനെതിരെ നിയമനടപടി ആവശ്യപ്പെട്ടിരിക്കുന്നത്. രൺവീറിന്റെ നിയമവിരുദ്ധവും അധിക്ഷേപകരവുമായ പ്രവൃത്തികൾ ലക്ഷക്കണക്കിനുപേരുടെ പ്രത്യേകിച്ച് കർണാടകയിലെ തുളു ഭാഷ സംസാരിക്കുന്ന സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. IFFI സമാപന ചടങ്ങിലെ പ്രസംഗത്തിനിടയിൽ നടൻ അനാദരവോടെ സംസാരിച്ചതായും പരാതിക്കാരൻ കൂട്ടിച്ചേർത്തു.

അതേസമയം ഈ വിഷയത്തിൽ രൺവീർ സിങ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ മാപ്പുപറഞ്ഞിരുന്നു. തൻ്റെ ഉദ്ദേശ്യം സിനിമയിലെ ഋഷഭിന്റെ അവിശ്വസനീയമായ പ്രകടനം എടുത്തു കാണിക്കുക എന്നതായിരുന്നുവെന്ന് രൺവീർ പറഞ്ഞു. ഒരു നടൻ എന്ന നിലയിൽ, അദ്ദേഹം ചെയ്ത രീതിയിൽ ആ പ്രത്യേക രംഗം അവതരിപ്പിക്കാൻ എത്രമാത്രം പ്രയത്നം ആവശ്യമാണെന്ന് തനിക്കറിയാം, അതിന് അദ്ദേഹത്തോട് അങ്ങേയറ്റം ആരാധനയുണ്ടെന്നും രൺവീർ സിങ് പറഞ്ഞു.

ഐഎഫ്എഫ്ഐ സമാപനവേദിയിൽ കാന്താരയിലെ ഋഷഭിന്റെ പ്രകടനത്തെ അഭിനന്ദിച്ച ശേഷമാണ് രണ്‍വീര്‍ അതിലെ രംഗം അനുകരിച്ചത്. 'ഞാന്‍ കാന്താര 1 തിയേറ്ററില്‍ പോയി കണ്ടു. ഋഷഭ്, നിങ്ങളുടെ പ്രകടനം മികച്ചതായിരുന്നു. പ്രത്യേകിച്ച് സ്ത്രീ പ്രേതം നിങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കുന്ന രംഗം അതിശയകരമായിരുന്നു.'-ഇതായിരുന്നു രണ്‍വീറിന്റെ വാക്കുകള്‍. ഇതിലെ സ്ത്രീ പ്രേതം എന്ന പരാമർശമാണ് വിവാദത്തിനിടയാക്കിയത്.

Content Highlights: Bollywood star Ranveer Singh faces FIR in Bengaluru for allegedly hurting religious sentiments by mimicking the Daiva scene from Rishab Shetty`s `Kantara Chapter 1` at IFFI.