കാന്താര അനുകരണ വിവാദം: നിരുപാധികം മാപ്പുപറയാൻ തയ്യാറെന്ന് രൺവീർ സിങ്

#മൂവി ഡെസ്ക്
നടൻ രൺവീർ സിങ് | ഫോട്ടോ: AFP
നടൻ രൺവീർ സിങ് | ഫോട്ടോ: AFP

ബെംഗളൂരു: കാന്താര-ചാപ്റ്റർ 01 ചിത്രത്തിലെ രംഗം വികലമായി അനുകരിച്ചതിന് സത്യവാങ്മൂലത്തിലൂടെ നിരുപാധികം ക്ഷമാപണം നടത്താൻ തയ്യാറായി ബോളിവുഡ് നടൻ രൺവീർ സിങ്. കർണാടക ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 10-ന് സത്യവാങ്മൂലം സമർപ്പിക്കും.

കഴിഞ്ഞവർഷം നവംബറിൽ ഗോവ അന്തരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ നടത്തിയ അനുകരണമാണ് രൺവീർ സിങ്ങിന്റെപേരിലുള്ള കേസിന് അടിസ്ഥാനം. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിച്ചപ്പോഴാണ് നിരുപാധികം ക്ഷമാപണം നടത്തുന്നെന്ന് അറിയിച്ചത്.

താരത്തിന്റെ ക്ഷമാപണം സത്യസന്ധമായിട്ടാണോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചപ്പോഴാണ് സത്യാവാങ്മൂലം സമർപ്പിക്കുമെന്ന് അഭിഭാഷകൻ അറിയിച്ചത്. ചലച്ചിത്രമേള സമാപനച്ചടങ്ങിൽ കാന്താര സിനിമയെക്കുറിച്ചും അതിലെ ഋഷഭ് ഷെട്ടിയുടെ അഭിനയത്തെക്കുറിച്ചും പറയുമ്പോഴായിരുന്നു രൺവീർ സിങ്ങിന്റെ അനുകരണം. ചാവുണ്ഡി ദേവി പൈശാചിക ശക്തിയാണെന്ന തരത്തിലായിരുന്നു അനുകരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ബെംഗളൂരുവിലെ അഭിഭാഷകൻ പരാതി നൽകിയത്.

വിവാദം ഇങ്ങനെ

2025-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപനച്ചടങ്ങിൽ രൺവീർ സിങ് കാന്താരയിലെ 'ദൈവക്കോലം' അനുകരിച്ചത് ഋഷഭ് ഷെട്ടിയെ അസ്വസ്ഥനാക്കിയിരുന്നു. പിന്നീട് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തലിന്റെ പരാതിയിൽ രൺവീറിനെതിരെ ബെംഗളൂരു പോലീസ് കേസെടുത്തിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ധുരന്ധർ റിലീസായി വലിയ വിജയം നേടിയത്. എന്നാൽ അന്ന് ഈ സിനിമയെക്കുറിച്ചോ അതിന്റെ വിജയത്തെക്കുറിച്ചോ ഋഷഭ് ഷെട്ടി പ്രതികരിച്ചിരുന്നില്ല.

Content Highlights: Bollywood actor Ranveer Singh has informed the Karnataka High Court that he is ready to submit an unconditional apology via affidavit for his controversial imitation of a Kantara sequence during the 2025 IFFI Goa closing ceremony.