ഭീഷണിയെ തുടർന്ന് രൺവീറിനും ദീപികയ്ക്കും സുരക്ഷ വർധിപ്പിച്ചു, ദുരിതത്തിലായി അയൽവാസികൾ

#Movie Desk
രൺവീർ സിങ്ങും ദീപികാ പദുക്കോണും | Photo: AFP
രൺവീർ സിങ്ങും ദീപികാ പദുക്കോണും | Photo: AFP

ബോളിവുഡ് താരം രൺവീർ സിങ്ങിന് ഭീഷണി സന്ദേശം. വാട്ട്‌സ്ആപ്പിൽ വോയ്‌സ് മെസേജായാണ് താരത്തിന് ഭീഷണി സന്ദേശം ലഭിച്ചത്. കോടികളാണ് ഭീഷണി സന്ദേശം അയച്ചയാൾ രൺവീറിനോട് ആവശ്യപ്പെട്ടത്. താൻ ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽപെട്ടയാളാണെന്നും ഇയാൾ പറഞ്ഞു. ഉടൻ തന്നെ വിവരം മുംബൈ പോലീസിനെ അറിയിച്ചതിനെ തുടർന്ന് രൺവീറും ഭാര്യയും ബോളിവുഡ് താരവുമായ ദീപികാ പദുക്കോണും താമസിക്കുന്ന വീടിന് പുറത്ത് സുരക്ഷ വർധിപ്പിച്ചു.

യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥന് പുറമെ സ്വകാര്യ സുരക്ഷാ ജീവനക്കാരേയും താരകുടുംബത്തിന്റെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. ആയുധധാരികളായ ആറ് പേരണ് സുരക്ഷയ്ക്കായി നിലയുറപ്പിച്ചിരിക്കുന്നത്. എന്നാൽ മുൻകൂർ അനുമതിയില്ലാതെയാണ് രൺവീർ അധിക സുരക്ഷ ഏർപ്പെടുത്തിയതെന്ന് ഇവരുടെ വീട് ഉൾപ്പെടുന്ന ഹൗസിങ് സൊസൈറ്റിയുടെ മാനേജ്‌മെന്റ് ആരോപിച്ചു. സായുധ സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം അയൽവാസികൾക്ക് ശല്യമാകുന്നുവെന്നും മാനേജ്‌മെന്റ് പറയുന്നു.

Also Read: സുരക്ഷാമേഖലയിൽ അനധികൃതമായി ഡ്രോൺ പറത്തി ഷൂട്ടിങ്; ധുരന്ധർ 2 അണിയറപ്രവർത്തകർക്കെതിരെ കേസ്

ലോബി, ജിംനേഷ്യം, കുട്ടികളുടെ കളിസ്ഥലം തുടങ്ങിയ പൊതുഇടങ്ങളിലെ സായുധ ഗാർഡുകളുടെ സാന്നിധ്യം താമസക്കാരിൽ ആശങ്കയുണ്ടാക്കുന്നുവെന്നും സൊസൈറ്റി മാനേജ്‌മെന്റ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൗസിങ് സൊസൈറ്റി മാനേജ്‌മെന്റ് ദാദർ പോലീസിന് ഔദ്യോഗികമായി കത്തയച്ചു. ആയുധവുമായി ഇത്രയും പേർ സുരക്ഷയൊരുക്കുന്നതിന് പോലീസിന്റെ മതിയായ ഔദ്യോഗിക അനുമതിയുണ്ടോ എന്ന് സ്ഥിരീകരിക്കണമെന്ന് സൊസൈറ്റി കത്തിലൂടെ പോലീസിനോട് ആവശ്യപ്പെട്ടു.

Don’t Miss: ഡോൺ 3-ൽ നിന്ന് രൺവീർ സിങ്ങിനെ പുറത്താക്കിയതാണെന്ന് റിപ്പോർട്ട്; കാരണം ഇത്

അതേസമയം രൺവീർ സിങ്ങിന് ലഭിച്ച ഭീഷണി സന്ദേശത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പരാതി ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് പോലീസ് പറഞ്ഞത്. അടുത്തിടെ സംവിധാൻ രോഹിത് ഷെട്ടിയുടെ വീടിനുമുന്നിൽ വെടിവെപ്പുണ്ടായിരുന്നു. പിന്നാലെയാണ് രൺവീറിന് ഭീഷണി ലഭിക്കുന്നത്. ഇതോടെ നഗരത്തിലെ സെലിബ്രിറ്റികളുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയാണ് ഉയർന്നിരിക്കുന്നത്.

Also Read: ദീപികയുടേയും രൺവീറിന്റേയും മകൾ ദുവയുടെ മുഖം അബദ്ധത്തിൽ പുറത്ത്; കാർബൺ കോപ്പിയെന്ന് ആരാധകർ

രൺവീർ സിങ് നായകനായെത്തിയ ധുരന്ധർ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് വലിയ വിജയമാണ് നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം മാർച്ചിൽ റിലീസ് ചെയ്യും. ഇതും വലിയ വിജയമാകുമെന്നാണ് വിലയിരുത്തൽ. സ്‌പൈ ത്രില്ലർ ചിത്രമാണ് ധുരന്ധർ. രൺവീറിന്റെ കഥാപാത്രം ഇന്ത്യയ്ക്കുവേണ്ടി ചാരനായി പാകിസ്താനിൽ പോകുന്നതും ഭീകരവാദികൾക്കിടയിലേക്ക് നുഴഞ്ഞുകയറുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തിയേറ്ററിലെ വിജയത്തിന് ശേഷം ഒടിടിയിലും വിജയകരമായ സ്ട്രീം ചെയ്യുകയാണ് ചിത്രം ഇപ്പോൾ. രൺവീറിന് പുറമെ അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ റാംപാൽ, മാധവൻ, സാറാ അർജുൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

Content Highlights: Ranveer Singh and Deepika Padukone have significantly increased their private security following a multi-crore extortion threat sent via WhatsApp. Armed guards at their residence have prompted complaints from neighbors and the housing society management, who have petitioned the Dadar police regarding safety concerns in common areas. This comes amidst rising security tensions in Mumbai following the success of Ranveer’s spy thriller Dhurandhar.