‘നതാലി പോർട്ട്മാൻ ആട്ടിപ്പായിച്ചു, ടരന്റീനോ അശ്ലീല ആംഗ്യം കാണിച്ചു, ഇതെന്റെ ഫാൻബോയ് മൊമെന്റ്സ്’

തന്റെ ജീവിതത്തിലെ ഫാൻബോയ് നിമിഷങ്ങൾ പങ്കുവെച്ച് ബോളിവുഡ് താരം രൺബീർ കപൂർ. സിനിമകളെ വളരെയധികം സ്നേഹിക്കുന്ന ഒരാളായ തനിക്കും പ്രിയപ്പെട്ട താരങ്ങളെ കണ്ടപ്പോൾ സാധാരണ ആരാധകരെപ്പോലെ ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 2-ന് ലോസ് ആഞ്ജലിസിൽ നടന്ന ഒരു പരിപാടിയിലാണ് താരം ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.
ഹോളിവുഡ് നടി നതാലി പോർട്ട്മാൻ തന്നെ ആട്ടിപ്പായിച്ചിട്ടുണ്ടെന്നും പ്രശസ്ത സംവിധായകൻ ക്വിന്റിൻ ടരന്റിനോ തനിക്ക് നേരെ കൈകൊണ്ട് അശ്ലീല ആംഗ്യം കാണിച്ചിട്ടുണ്ടെന്നും രൺബീർ വെളിപ്പെടുത്തി. ലോകപ്രശസ്ത നടൻ ബിൽ മുറെയെ കണ്ട അനുഭവവും അദ്ദേഹം ഓർത്തെടുത്തു. കഴിഞ്ഞ 35 വർഷമായി ദിവസവും ഒന്ന് എന്ന നിലയിൽ താൻ സിനിമകൾ കാണാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കഴിഞ്ഞ 35 വർഷമായി എല്ലാ ദിവസവും ഒരു സിനിമ കാണാറുണ്ട്. എന്റെ നാടായ ഇന്ത്യയിലെ താരങ്ങളെ മാത്രമല്ല, യാത്രകളിൽ വിദേശ താരങ്ങളേയും കാണാൻ ശ്രമിക്കാറുണ്ട്. നതാലിയ പോർട്ട്മാൻ എന്നെ ഓടിച്ചു വിട്ടിട്ടുണ്ട്. ക്വിന്റിൻ ടരന്റിനോ എന്നോട് മോശം ആംഗ്യം കാണിച്ചിട്ടുണ്ട്. ബിൽ മുറെയെ കണ്ടിട്ടുണ്ട്. അൽ പാചിനോ സലോമെയുടെ റീഡിംഗിന് വന്നപ്പോൾ പുറത്ത് കാത്തു നിന്നിട്ടുണ്ട്. ആ സമയത്ത് ഞാൻ പഠിക്കുകയായിരുന്നു. മൂന്ന് മണിക്കൂറാണ് അദ്ദേഹത്തെ കാണാൻ കാത്തുനിന്നത്. റോബർട്ട് ഡി നീറോയെ ഇന്ത്യയിൽ വച്ചാണ് കണ്ടത്. അവരെയെല്ലാം ഞാനേറെ ആരാധിക്കുന്നു.' രൺബീറിന്റെ വാക്കുകൾ.
തന്റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'രാമായണ'യെക്കുറിച്ചും രൺബീർ പരിപാടിയിൽ സംസാരിച്ചു. ശ്രീരാമന്റെ വേഷം ചെയ്യുന്നത് വലിയൊരു ഉത്തരവാദിത്തമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഒരു നടൻ എന്ന നിലയിൽ സത്യസന്ധമായി ജോലി ചെയ്യുക എന്നതാണ് തന്റെ ധർമമെന്നും, കോടിക്കണക്കിന് ആളുകൾ കാണുന്ന ഒരു സിനിമയായതിനാൽ വലിയ ആദരവോടെയും ഉത്തരവാദിത്തത്തോടെയുമാണ് ഈ വേഷത്തെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ'യിൽ സായി പല്ലവി സീതയായും, കെജിഎഫ് താരം യഷ് രാവണനായും വേഷമിടുന്നു. സണ്ണി ഡിയോൾ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Bollywood superstar Ranbir Kapoor shared his candid fanboy experiences in Los Angeles, revealing how Natalie Portman once chased him away and Quentin Tarantino gestured rudely, while also discussing his immense responsibility in portraying Lord Ram in Nitesh Tiwari's upcoming magnum opus Ramayana.