നമ്മളെ കണ്ടാൽ റിട്ടയർമെന്റ് ജീവിതം നയിക്കുന്നവരെപ്പോലുണ്ടെന്ന് ആര്യ പറഞ്ഞു, ബാംഗ്ലൂർ ഡേയ്സ് റീമേക്ക് ചെയ്ത് നശിപ്പിച്ചു -റാണ

#മൂവി ഡെസ്ക്
റാണ ദഗ്ഗുബട്ടി, ബാം​​ഗ്ലൂർ നാട്കൾ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: AFP, X
റാണ ദഗ്ഗുബട്ടി, ബാം​​ഗ്ലൂർ നാട്കൾ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: AFP, X

സൂപ്പർഹിറ്റ് മലയാള ചലച്ചിത്രം ബാംഗ്ലൂർ ഡേയ്സിന്റെ റീമേക്ക് പരാജയപ്പെട്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ റാണ ദഗ്ഗുബട്ടി. തങ്ങളെല്ലാവരും ചേർന്ന് ആ ചിത്രത്തെ നശിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ചിത്രം ‘കാന്ത’യുടെ പ്രമോഷന്റെ ഭാഗമായി സുധിർ ശ്രീനിവാസന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റാണ. കാന്തയുടെ നിർമാതാവായ അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.

യഥാർത്ഥ സിനിമയുടെ വലിയ ആരാധകനായിരുന്നിട്ടും, തമിഴ് പതിപ്പായ 'ബാംഗ്ലൂർ നാട്കൾ' വിജയിച്ചില്ലെന്ന് റാണ വെളിപ്പെടുത്തി. ദുൽഖറും താനും സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. അദ്ദേഹം ചെയ്തതിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷം 'ബാംഗ്ലൂർ ഡേയ്സി'ലെ കഥാപാത്രമായിരുന്നു. എന്നാൽ തമിഴിൽ റീമേക്ക് ചെയ്തപ്പോൾ അത് പൂർണ്ണമായും നശിപ്പിച്ചെന്ന് റാണ പറഞ്ഞു. ദുൽഖർ സൽമാൻ അവതരിപ്പിച്ച കഥാപാത്രത്തോടാണ് തനിക്ക് ആദ്യം വളരെ ഇഷ്ടം തോന്നിയതെങ്കിലും ഫഹദ് ഫാസിലിന്റെ കഥാപാത്രം അവതരിപ്പിക്കാനാണ് അവസരം ലഭിച്ചതെന്ന് റാണ വെളിപ്പെടുത്തി.

സിനിമയുടെ ചിത്രീകരണത്തിനിടയിലെ ഒരു രസകരമായ നിമിഷവും റാണ ഓർത്തെടുത്തു. "ഷൂട്ടിനിടെ ആര്യ എന്നോട് പറഞ്ഞത് ഞാനിപ്പോഴും ഓർക്കുന്നു—‘മച്ചാ, ദുൽഖറിനെയും നിവിനെയും നോക്കൂ, അവർ ചെറുപ്പക്കാരാണ്. എന്നാൽ നമ്മളെ കാണുമ്പോൾ, വിരമിച്ച ജീവിതം നയിക്കുന്നവരെപ്പോലെയുണ്ട്’ എന്നാണ് ആര്യ പറഞ്ഞത്." റാണ ചിരിയോടെ പറഞ്ഞു.

ഭാസ്കർ ആണ് ബാംഗ്ലൂർ നാട്കൾ സംവിധാനം ചെയ്തത്. മലയാളത്തിൽ ഫഹദ് ഫാസിൽ ചെയ്ത വേഷം റാണയും, ദുൽഖർ സൽമാന്റെ ഭാഗം ആര്യയും, നിവിൻ പോളിയുടെ കഥാപാത്രത്തെ ബോബി സിംഹയുമാണ് അവതരിപ്പിച്ചത്. പാർവതി തിരുവോത്ത്, ലക്ഷ്മി റായ്, ശ്രീദിവ്യ എന്നിവരും ചിത്രത്തിലെ താരനിരയിൽ ഉണ്ടായിരുന്നു. 2016-ൽ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്.

Content Highlights: Rana Daggubati opens up about his biggest cinematic regret: the Tamil remake of Bangalore Days. Discover why he feels they `ruined` the film.