വൃക്ക മാറ്റിവെച്ചു, ചികിത്സ കഴിഞ്ഞപ്പോൾ രൂപം മാറി, സിനിമകൾക്ക് വാങ്ങിയ അഡ്വാൻസ് തിരിച്ചുകൊടുത്തു-റാണ

#മൂവി ഡെസ്ക്
നടൻ റാണ ദഗ്ഗുബട്ടി | ഫോട്ടോ: AFP
നടൻ റാണ ദഗ്ഗുബട്ടി | ഫോട്ടോ: AFP

ആരോഗ്യപരമായ വെല്ലുവിളികൾ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ റാണ ദഗ്ഗുബട്ടി. വൃക്ക തകരാറിലാകുകയും ഹൃദയസംബന്ധമായ സങ്കീർണ്ണതകൾ ഉണ്ടാവുകയും ചെയ്തതിനെത്തുടർന്ന്, അമേരിക്കയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സമയത്തെക്കുറിച്ച്അദ്ദേഹം ഓർത്തെടുത്തു. ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തി ചെയ്യാമെന്നേറ്റിരുന്ന സിനിമകളിൽനിന്ന് പിന്മാറിയെന്നും അഡ്വാൻസ് തുക മടക്കിനൽകിയെന്നും അദ്ദേഹം പറഞ്ഞു. റിയ ചക്രബർത്തിയുടെ പോഡ്കാസ്റ്റ് ഷോ ആയ ചാപ്റ്റർ 2-ലായിരുന്നു റാണയുടെ വെളിപ്പെടുത്തൽ.

കരിയറിൽ ഒരു സിനിമ ചെയ്ത് വലിയ ഹിറ്റായി നിൽക്കുന്ന സമയത്താണ് ആരോഗ്യം വഷളായതെന്ന് റാണ ദഗ്ഗുബട്ടി പറഞ്ഞു. ചികിത്സാർത്ഥം സിനിമയിൽനിന്ന് ഇടവേളയെടുക്കേണ്ടിവന്നു. അമേരിക്കയിൽ ചികിത്സയിലായിരിക്കുമ്പോൾ ശ്രദ്ധ അതിജീവിക്കുന്നതിലായിരുന്നു. ഒരുവർഷത്തെ ചികിത്സയ്ക്കുശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോൾ, തീവ്രമായ ചികിത്സ തന്റെ രൂപത്തെ ഗണ്യമായി മാറ്റിയതായി തിരിച്ചറിഞ്ഞു. ഇതുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടിയെന്നും റാണ പറഞ്ഞു.

തന്റെ ആരോഗ്യ പ്രതിസന്ധിയുടെ അനന്തരഫലങ്ങളിലൊന്ന്, അസുഖത്തിന് മുമ്പ് ഒപ്പുവെച്ച നിരവധി സിനിമകളുടെ അഡ്വാൻസ് തുക തിരികെ നൽകാനുള്ള തീരുമാനമായിരുന്നുവെന്ന് റാണ വെളിപ്പെടുത്തി. ഒരു ഗുസ്തിക്കാരന്റെ കഥ പറയുന്ന പ്രോജക്റ്റ് ഉൾപ്പെടെയുള്ള വേഷങ്ങൾക്ക് ആവശ്യമായ ശാരീരിക രൂപം ചികിത്സ കഴിഞ്ഞെത്തിയപ്പോൾ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. അക്കാരണത്താൽ ആ ചിത്രങ്ങൾക്കായി വാങ്ങിയ അഡ്വാൻസ് തുക മുഴുവൻ തിരികെ നൽകിയെന്നും താരം കൂട്ടിച്ചേർത്തു.

ദുൽഖർ സൽമാൻ, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ കാന്ത എന്ന ചിത്രമാണ് റാണയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഈ സിനിമയുടെ നിർമാതാവും റാണയായിരുന്നു. മിറൈ, പരാശക്തി എന്നീ ചിത്രങ്ങളിൽ കാമിയോ വേഷങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.

Content Highlights: Rana Daggubati shares candid insights into his health battle, career changes, and navigating a new self-image post-transplant. A must-read for fans.