കഴിമ്പ്രം തീരദേശ ഗ്രാമവികസന ധനശേഖരണാർത്ഥം നടത്തുന്ന രാമു കാര്യാട്ട് അവാർഡ് ഏപ്രിൽ 24 ന്

പതിനഞ്ചാമത് രാമു കാര്യാട്ട് അവാർഡ് വേദിയും സമയവും പ്രഖ്യാപിച്ചു. എല്ലാത്തവണത്തേയും പോലെ താര നിബിഡമായ ചടങ്ങാണ് സംഘാടകർ പ്രേക്ഷകർക്ക് വേണ്ടിയൊരുക്കുന്നത്. കഴിമ്പ്രം തീരദേശ ഗ്രാമവികസന ധനശേഖരാർത്ഥമാണ് ഈ വർഷത്തെ അവാർഡ് സംഘടിപ്പിക്കുന്നത്. അവാർഡ് നിശയിൽ നിന്നു പിരിഞ്ഞു കിട്ടുന്ന തുക മുഴുവൻ ചാരിറ്റിക്ക് വേണ്ടി മാറ്റി വയ്ക്കും. ജനകീയ സൗഹൃദവേദിയുടെ നേതൃത്വത്തിൽ കഴിമ്പ്രം ഉൾപ്പെടുന്ന തീരദേശ മേഖലയുടെ വികസനം ആണ് ലക്ഷ്യം വയ്ക്കുന്നത്.
ഇത് പതിനഞ്ചാമത്തെ തവണയാണ് മലയാള സിനിമയുടെ ചരിത്രത്താളുകൾ ഇടംപിടിച്ച മഹാനായ സംവിധായകന്റെ പേരിലുള്ള അവാർഡ് വിതരണത്തിന് ജനം സാക്ഷ്യം വഹിക്കുന്നത്. കോവിഡ് കാലത്ത് നിർത്തിവച്ചിരുന്നുവെങ്കിലും പൂർവാധികം ഭംഗിയായി ഇക്കുറി അവാർഡ് ചടങ്ങ് നടത്താൻ തന്നെയാണ് തീരുമാനം. ടോവിനോ തോമസ്, ജോജു ജോർജ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ്, ആന്റണി വർഗീസ്, സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, അർജുൻ അശോകൻ, ഷെയ്ൻ നിഗം, റോഷൻ, വിനീത് ശ്രീനിവാസൻ തുടങ്ങി ഒരു വലിയ താരനിര ചടങ്ങിന് സന്നിഹിതരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജീവകാരുണ്യപ്രവർത്തനങ്ങളും കുട്ടികളുടെ വിദ്യഭ്യാസവും സ്ത്രീകളുടെ ഉന്നമനവും ആണ് രാമു കാര്യാട്ട് അവാർഡിന്റെ സംഘാടകർ ലക്ഷ്യം വയ്ക്കുന്നത്. തീരദേശ മേഖലക്ക് വേണ്ട മെഡിക്കൽ ഉപകരണങ്ങൾ, വാട്ടർ ബെഡ്, മെഡിക്കൽ ചെയർ വീൽ ചെയർ തുടങ്ങിയവയുടെ വിതരണം , തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്കായി നോട്ട് ബുക്ക് വിതരണം, ഫ്രീ ട്യൂഷൻ സ്പോക്കൺ ഇംഗ്ളീഷ് ക്ലാസ് തുടങ്ങിയവയ്ക്കും സംഘാടകർ നേതൃത്വം നൽകും.
കായിക മേഖലയിൽ വിദ്യാർത്ഥികൾക്ക് പ്രത്യേകം പരിശീലനവും കായിക ഉപകരണങ്ങൾ വിതരണം ചെയ്യൽ, സ്കിൽഡ് താരങ്ങളെ കണ്ടെത്തി പ്രൊഫഷണൽ പരിശീലകരിൽ നിന്ന് പ്രത്യകം പരിശീലനം ഒരുക്കുക തുടങ്ങിയ കാര്യങ്ങൾക്കും സംഘടന നേതൃത്വം നൽകും. തീരദേശ മേഖലയുടെ ഉന്നമനത്തിനു വേണ്ടി തൊഴിലധിഷ്ടിത പി എസ് സി കോച്ചിങ്ങ് ക്യാമ്പുകൾ തുടങ്ങാനും പദ്ധതിയുണ്ട്. വരൾച്ച അനുഭവപ്പെടുന്ന മാസങ്ങളിൽ ഫുഡ് കിറ്റുകൾ തീരദേശ മേഖലയിൽ വിതരണം ചെയ്യാനും സംഘടന മുൻകൈ എടുക്കും.
വനിതകൾക്ക് സ്വയം തൊഴിൽ നൽകുന്ന സംരഭങ്ങൾക്ക് നേതൃത്വം നൽകുകയും നാടക നടൻ കഴിമ്പ്രം വിജയന്റെ പേരിൽ നാടക കളരികൾ ആരംഭിച്ച് പ്രാഫഷണൽ ടീമിന് നേതൃത്വം നൽകുമെന്നും സംഘാടകർ അറിയിച്ചു.
Content Highlights: ramu karyat award function date announced, ramu karyat awards 2023