ശ്വേതാ മേനോനെതിരെ രമേഷ് പിഷാരടി; കേസിൽ കക്ഷിചേർത്തത് അപമാനിക്കാനെന്ന് കോടതിയിൽ സത്യവാങ്മൂലം

#Movies Desk
ശ്വേതാ മേനോൻ, രമേഷ് പിഷാരടി | Photo: Facebook/ Shwetha Menon, Ramesh Pisharody
ശ്വേതാ മേനോൻ, രമേഷ് പിഷാരടി | Photo: Facebook/ Shwetha Menon, Ramesh Pisharody

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കത്തിൽ പ്രസിഡന്റ് ശ്വേതാ മേനോനെതിരെ നടനും എം.എൽ.എയുമായ രമേഷ് പിഷാരടി. ശ്വേത മേനോൻ നൽകിയ ഹർജിക്കെതിരെ രമേഷ് പിഷാരടി എറണാകുളം മുൻസിഫ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. തനിക്കെതിരെ ശ്വേത മേനോൻ നൽകിയ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും പിഷാരടി കോടതിയെ അറിയിച്ചു.

ജനപ്രതിനിധിയായ തന്നെ അപമാനിക്കുക എന്ന ദുരുദ്ദേശത്തോടെയാണ് അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേർത്തതെന്ന് രമേഷ് പിഷാരടി ആരോപിച്ചു. തനിക്കെതിരെ നിയമപരമായ യാതൊരു കാരണവും ഹർജിയിൽ ബോധിപ്പിച്ചിട്ടില്ല. അതിനാൽ ഹർജി നിലനിൽക്കില്ലെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

സംഘടനയുടെ ഔദ്യോഗിക രേഖകളോ അധികാരമോ താൻ ഒരിക്കലും ഏറ്റെടുത്തിട്ടില്ല. അഡ്ഹോക് കമ്മിറ്റി ഭരണം തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ അടിസ്ഥാനമില്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.

അമ്മയുടെ പ്രസിഡന്റ് എന്ന നിലയിൽ ശ്വേത മേനോൻ നൽകിയ ഹർജിയിൽ, അഡ്ഹോക് കമ്മിറ്റി കൺവീനർ എന്ന നിലയിലാണ് രമേഷ് പിഷാരടിയെ കക്ഷിചേർത്തത്. എന്നാൽ ഔദ്യോഗികമായി താൻ അത്തരം ചുമതലകൾ ഏറ്റെടുത്തിട്ടില്ലെന്നാണ് പിഷാരടിയുടെ വാദം.

Content Highlights: Actor and MLA Ramesh Pisharody has filed an affidavit in the Ernakulam Munsiff Court against AMMA President Swetha Menon regarding internal organizational disputes. Pisharody claimed that Swetha Menon's petition was politically motivated and aimed strictly at tarnishing his public image as an elected representative. He stated in his affidavit that there are no valid legal grounds against him in the plea, making the petition legally unsustainable. Furthermore, Pisharody clarified that he has never officially taken over organizational records or authority, nor accepted any position in the ad-hoc committee. Consequently, he argued that allegations accusing him of attempting to reclaim power within the ad-hoc committee are entirely baseless