രൺബീർ കപൂറിന്റെ രാമായണം സിനിമാ സെറ്റിൽ തീപ്പിടിത്തം, ആളപായമില്ല

#മൂവി ഡെസ്ക്
പ്രൈം ഫോക്കസ് സ്റ്റുഡിയോയിലുണ്ടായ തീപ്പിടിത്തം | സ്ക്രീൻ​ഗ്രാബ്
പ്രൈം ഫോക്കസ് സ്റ്റുഡിയോയിലുണ്ടായ തീപ്പിടിത്തം | സ്ക്രീൻ​ഗ്രാബ്

നടൻ രൺബീർ കപൂർ നായകനാകുന്ന 'രാമായണം' സിനിമയുടെ മുംബൈയിലെ സെറ്റിൽ തീപ്പിടിത്തം. പ്രൈം ഫോക്കസ് സ്റ്റുഡിയോയ്ക്ക് പുറത്തുള്ള ടെന്റുകളിലൊന്നിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സംഭവിച്ച നാശനഷ്ടങ്ങൾ നിസ്സാരമാണെന്നും ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) പ്രസിഡന്റ് ബി.എൻ. തിവാരി സ്ഥിരീകരിച്ചു.

സമീപത്തെ മറ്റൊരു സ്ഥലത്തുണ്ടായ തീപിടിത്തത്തിന് ശേഷം നിർമ്മാതാക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നതായി ബി.എൻ. തിവാരി വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും അശ്രദ്ധ മൂലമാണ് ഈ സംഭവം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ ചെറിയ പരിഭ്രാന്തി ഉയർന്നുവെങ്കിലും തീ ഉടൻ തന്നെ നിയന്ത്രണവിധേയമാക്കുകയും പ്രൈം ഫോക്കസ് സ്റ്റുഡിയോയിൽ ഷൂട്ടിംഗ് പുനരാരംഭിക്കുകയും ചെയ്തു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സിനിമാ ടീമുകൾ കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സ്റ്റുഡിയോ സമുച്ചയത്തിന് പുറത്തുള്ള ടെന്റുകളിലാണ് തീപിടിച്ചതെന്ന് ബി.എൻ. തിവാരി പറഞ്ഞു. മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നതിന് മുമ്പ് തന്നെ തീ അണയ്ക്കാൻ സാധിച്ചു. 'രാമായണം' കൂടാതെ, 'ഹസ്‌റ്റിൽ' (Hustle), 'പതി പത്നി ഔർ പംഗ' (Pati Patni Aur Panga) എന്നീ ടെലിവിഷൻ പരിപാടികളുടെ ചിത്രീകരണവും പ്രൈം ഫോക്കസ് സ്റ്റുഡിയോയിൽ വച്ചാണ് നടക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ പേര് 'രാമായണം: റൈസ് ഓഫ് എ ലെജൻഡ്' (Ramayana: Rise of a Legend) എന്നാണെന്ന് അണിയറപ്രവർത്തകർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ദീപാവലിക്ക് മുന്നോടിയായി നവംബർ 6-ന് ചിത്രം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. കൂടാതെ, ഐമാക്സ് (IMAX), പ്രീമിയം ലാർജ് ഫോർമാറ്റുകൾ എന്നിവയിൽ മികച്ച 3D തിയേറ്റർ അനുഭവമാണ് ഈ ചിത്രം വാഗ്ദാനം ചെയ്യുന്നത്.

Also Read: നടനാവാൻ മോഹിച്ച് 300 രൂപയുമായി 16-ാം വയസ്സിൽ വീടുവിട്ടു, ചായ വിറ്റു; ഇന്ന് യഷിന് 60 കോടിയിലേറെ ആസ്തി

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് നമിത് മൽഹോത്രയാണ്. രൺബീർ കപൂർ ശ്രീരാമനായും യഷ് രാവണനായും എത്തുന്ന ചിത്രത്തിൽ സീതാദേവിയായി സായ് പല്ലവിയും ലക്ഷ്മണനായി രവി ദുബെയും അഭിനയിക്കുന്നു. ഹനുമാനായി സണ്ണി ഡിയോളും ദശരഥ മഹാരാജാവായി അരുൺ ഗോവിലും ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും വേഷമിടുന്നു. എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ചേർന്നാണ് സംഗീതസംവിധാനം.

Content Highlights: A minor fire broke out in a tent outside Prime Focus Studio in Mumbai on the sets of Ranbir Kapoor's upcoming film Ramayana: Rise of a Legend; no casualties were reported, damage was minimal, and shooting resumed shortly after.