രജനികാന്തിനായി മുകേഷ് അംബാനി ഒരുക്കിയത്....| ചിത്രങ്ങള്‍

ഐശ്വര്യ രജിനികാന്ത് പങ്കുവച്ച ചിത്രങ്ങൾ
ഐശ്വര്യ രജിനികാന്ത് പങ്കുവച്ച ചിത്രങ്ങൾ

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് ഗുജറാത്തിലെ ജാംനഗറില്‍ കഴിഞ്ഞ ദിവസമാണ് തിരശ്ശീല വീണത്. മാര്‍ച്ച് ഒന്ന് മുതല്‍ മൂന്നു വരെ നീണ്ടുനിന്ന ആഘോഷങ്ങളില്‍ സെലിബ്രിറ്റികളുടെ നീണ്ടനിരതന്നെ പങ്കെടുത്തിരുന്നു. മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബില്‍ ഗേറ്റ്സ്, റിഹാന തുടങ്ങി ഒട്ടേറെ പ്രശസ്തർ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും അതിഥികളായെത്തി.

നടന്‍ രജനികാന്തും ഭാര്യ ലത രജനികാന്തും മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തും ചടങ്ങളില്‍ അതിഥികളായെത്തിയിരുന്നു. മുകേഷ് അംബാനി അയച്ച പ്രൈവറ്റ് ജെറ്റിലാണ് മൂവരും ജാംനഗറിലെത്തിയത്.  

അംബാനിയുടെ ആതിഥ്യമര്യാദയെ ഐശ്വര്യ പ്രശംസിക്കുകയും ജാംനഗറില്‍ നിന്നുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. വിമാനത്തില്‍ സഞ്ചരിക്കുന്നതിന്റെയും അംബാനി ഒരുക്കിയ ആഡംബര വസതിയുടെയും ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. 

"സ്‌നേഹം നിറഞ്ഞ നിത ആന്റിയ്ക്കും മുകേഷ് അങ്കിളിനും ഒരുപാട് നന്ദി. പ്രിയപ്പെട്ട ആനന്ദിന്റെയും രാധികയുടെയും മാസ്മരികമായ വിവാഹചടങ്ങുകള്‍ക്ക് മുമ്പുള്ള അവിസ്മരണീയമായും മനോഹരവുമായ വാരാന്ത്യം അംബാനി കുടുംബം ഒരുക്കിയ അതിമനോഹരമായ വസതിയില്‍ അപ്പയ്ക്കും അമ്മയ്ക്കും ഒപ്പം  ചെലവഴിക്കാന്‍ സാധിച്ചു"- ചിത്രങ്ങള്‍ പങ്കുവച്ച് ഐശ്വര്യ കുറിച്ചു.

ഇതുവരെ കാണാത്ത പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്കാണ് മൂന്ന് ദിവസം ഗുജറാത്തിലെ ജാംനഗര്‍ സാക്ഷ്യം വഹിച്ചത്. ജാംനഗറിലെ റിലയന്‍സിന്റെ ടൗണ്‍ഷിപ്പിലാണ് നടക്കുന്നത്. 750 ഏക്കറോളം പരന്നുകിടക്കുന്നതാണ് ഈ ഗ്രീന്‍ ടൗണ്‍ഷിപ്പ്. ഏകദേശം 1250 കോടി രൂപയാണ് പ്രീ വെഡ്ഡിങ് ചടങ്ങുകള്‍ക്കായി അംബാനി കുടുംബം ചെലവഴിക്കുന്നത്. അതിഥികള്‍ക്കുള്ള ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള കണക്കാണിത്. ഇതിന് മുന്നോടിയായി ജാംനഗറില്‍ കംകോത്രി ചടങ്ങും അന്നസേവയും ആനന്ദിന്റേയും രാധികയുടേയും കുടുംബം നടത്തിയിരുന്നു. 

ഭൂട്ടാന്‍ രാജാവ് ജിഗ്മെ വാങ്ചുക്ക്, ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ത്താനി, ഓസ്‌ട്രേലിയ, കാനഡ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ മുന്‍ പ്രധാനമന്ത്രിമാര്‍, മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക, വ്യവസായ പ്രമുഖരായ ബില്‍ ഗേറ്റ്‌സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, സുന്ദര്‍ പിച്ചെ, ഗൗതം അദാനി തുടങ്ങിയവരൊക്കെ അതിഥികളില്‍പ്പെടുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിംഗ് ധോണി തുടങ്ങിയ ക്രിക്കറ്റ് താരങ്ങള്‍ ചടങ്ങിനെത്തി.  ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ഐശ്വര്യ റായ്, അഭിഷേക് ബച്ചന്‍, ജയാ ബച്ചന്‍, ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, ദീപിക പദുക്കോണ്‍, റണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട്, സെയ്ഫ് അലി ഖാന്‍, കരീഷ്മ കപൂര്‍, കരീന കപൂര്‍, രാംചരണ്‍, റാണി മുഖര്‍ജി, മാധുരി ദീക്ഷിത് എന്നിവരും ചടങ്ങിന് മാറ്റുകൂട്ടി. പോപ് താരം റിഹാന, അര്‍ജിത് സിങ്ങ്, ദില്‍ജിത് ദോസാന്‍ജ്, പ്രീതം, ഹരിഹരന്‍ എന്നിവരുടെ സംഗീത പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി. പ്രശസ്ത ഗുജറാത്തി ഗായകന്‍ കീര്‍ത്തിദന്‍ ഗാധ്വിയുടെ പരമ്പരാഗത നാടോടി സംഗീത വിരുന്നും ഒരുക്കിയിരുന്നു. 

മൂന്ന് വിമാനങ്ങള്‍മാത്രം സര്‍വീസ് നടത്തുന്ന ജാംനഗറില്‍ 150 വിമാനങ്ങളാണ് ഈ ദിവസങ്ങളില്‍ അതിഥികളുമായി എത്തിയത്. ഇതില്‍ 90 ശതമാനവും വിദേശത്തുനിന്നാണ്. പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ കഴിഞ്ഞ് നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിവാഹം നടക്കുക. ജൂലൈ 12-ന് മുംബൈയിലാണ് വിവാഹം.

Content Highlights: rajinikanth and family mukesh ambani's anant pre wedding function, aishwarya shares photos.