രജനീകാന്ത് ആത്മകഥയെഴുതുന്നു, സ്ഥിരീകരിച്ച് മകൾ സൗന്ദര്യ

സൂപ്പർതാരം രജനീകാന്ത് ആത്മകഥയെഴുതുന്നുവെന്ന് സ്ഥിരീകരിച്ച് മകൾ സൗന്ദര്യ. തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണത്തിനിടെ സംസാരിക്കവേയാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. കഷ്ടപ്പാടുകളിൽ നിന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തനായ നടനായി ഉയർന്നുവന്ന അദ്ദേഹത്തിന്റെ യാത്ര പുസ്തകത്തിൽ വിവരിക്കുമെന്ന് അവർ പറഞ്ഞു.
കഠിനാധ്വാനംകൊണ്ട് സ്വന്തം വഴിവെട്ടിയയാൾ എന്നാണ് സൗന്ദര്യ തന്റെ പിതാവായ രജനീകാന്തിനെ വിശേഷിപ്പിച്ചത്. ആളുകൾക്ക് അറിയാൻ ആകാംക്ഷയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വഴിത്തിരിവുകൾ പുസ്തകം വിവരിക്കും. ഇത് അദ്ദേഹത്തിന്റെ കരിയറിലെ അധികമാരും അറിയാത്ത ഘട്ടങ്ങളിലേക്കുള്ള വെളിച്ചം വീശുമെന്നും അവർ സൂചിപ്പിച്ചു.
രജനീകാന്തിന്റെ ജീവിതത്തെയും അഭിനയത്തെയും കുറിച്ചുള്ള സമഗ്രമായ വിവരണമായിരിക്കും ഈ പുസ്തകമെന്ന് സൗന്ദര്യ വിശേഷിപ്പിച്ചു. "ഈ ആത്മകഥ അദ്ദേഹത്തിന്റെ യാത്രയെക്കുറിച്ചും ഓരോ വേഷത്തിനും ജീവിതത്തിനും വേണ്ടി അദ്ദേഹം നടത്തിയ പ്രയത്നത്തെക്കുറിച്ചും ഉൾക്കാഴ്ച നൽകും. ഇത് ലോകമെമ്പാടും ചർച്ചയാകും,"- സൗന്ദര്യ കൂട്ടിച്ചേർത്തു.
രജനിയുടെ ആത്മകഥയെക്കുറിച്ച് കൂലി എന്ന ചിത്രത്തിന്റെ റിലീസിന് മുൻപ് സംവിധായകൻ ലോകേഷ് കനകരാജ് പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണ ഇടവേളകളിൽ രജനീകാന്ത് എല്ലാദിവസവും എഴുതാറുണ്ടായിരുന്നുവെന്നാണ് ലോകേഷ് അന്ന് പറഞ്ഞത്.
കമൽഹാസൻ നിർമിച്ച് സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന തലൈവർ 173, നെൽസൺ ഒരുക്കുന്ന ജയിലർ 2 എന്നിവയാണ് രജനീകാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പ്രധാനചിത്രങ്ങൾ.
Content Highlights: Superstar Rajinikanth is writing his autobiography! Discover his incredible journey from bus conductor to cinema icon.