‘തിരിച്ചുവരവിന്റെ ആഘോഷം അവന്റെ ഉള്ളിലുണ്ട്, അന്നായിരിക്കും ഞങ്ങൾക്ക് പുതുവർഷം’

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽക്കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ഏറ്റവും പുതിയ ആരോഗ്യവിവരം പങ്കുവെച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. രാജേഷ് ആശുപത്രിയിൽക്കഴിയാൻ തുടങ്ങിയിട്ട് നാലുമാസമായെന്ന് പ്രതാപ് സോഷ്യൽ മീഡിയാ കുറിപ്പിൽ പറഞ്ഞു. രാജേഷിന്റെ ഓരോ ചെറിയ പ്രതികരണവും പ്രതീക്ഷ നൽകുന്നതാണ്. ഒരു തിരിച്ചുവരവിന്റെ ആഘോഷം രാജേഷിന്റെ ഉള്ളിലുണ്ട്. രാജേഷ് ജീവിതത്തിലേക്ക് തിരിച്ചുവരുന്ന അന്നായിരിക്കും താനടക്കമുള്ള സുഹൃത്തുക്കൾക്ക് പുതുവർഷാഘോഷമെന്നും പ്രതാപ് ജയലക്ഷ്മി കുറിച്ചു.
പ്രതാപ് ജയലക്ഷ്മിയുടെ കുറിപ്പിന്റെ പൂർണരൂപം:
രാജേഷിന്റെ പുതുവർഷം,
പുതുവത്സരത്തലേന്ന് രാജേഷിനെ കാണാൻ പോകുമ്പോൾ എന്റെ കൂടെ ഞങ്ങളുടെ സുഹൃത്ത് ജെയ് ജേഡനുമുണ്ടായിരുന്നു. അവൻ ഓസ്ട്രേലിയയിൽ നിന്നും വന്നു നേരെ വെല്ലൂരിലേക്ക് ഒരുമിച്ചു പോകുമ്പോൾ ചെറിയ ആശങ്ക. ഊർജസ്വലനായ ചുറു ചുറുക്കുള്ള രാജേഷിനെ നിശബ്ദനായി ബെഡിൽ കാണുമ്പോൾ സഹിക്കാൻ കഴിയുമോ എന്നൊക്കെ ഉള്ള ചില സങ്കടവർത്തമാനം യാത്രയിലുടനീളം അവനെ പിന്തുടരുന്നതായി എനിക്ക് തോന്നി..
അവിടെ എത്തുമ്പോൾ രാജേഷിനെ തെറാപ്പിക്ക് കൊണ്ട് പോകാനുള്ള തിരക്കിലായിരുന്നു രൂപേഷും സിന്ധുവും. തെറാപ്പി റൂമിൽ ഞങ്ങളും കയറി.. സുഹൃത്തുക്കളുടെ ശബ്ദം പരിചിതമായത് കൊണ്ടാവാം അവൻ തെറാപ്പിയിൽ നന്നായി സഹകരിച്ചു.. ഡോക്ടർമാർക്കും തെറാപ്പിസ്റ്റിനും ഹാപ്പി ആയി.. "രാജേഷ് സാർ നൻപൻ വന്തല്ലേ.. നീങ്കൾ ഹാപ്പി ആയി അല്ലെ " എന്നൊക്കെ തമിഴിലും ഇംഗ്ലീഷിലുമായി അവർ പറഞ്ഞു.. രാജേഷ് ചുണ്ടനക്കി എന്തോ മറുപടി പറയാൻ ശ്രമിച്ചു.. രാജേഷിന്റെ ഓരോ ചെറിയ പ്രതികരണവും ഞങ്ങളിൽ ഉണ്ടാക്കുന്ന ഹോപ്പ് എത്ര വലുതാണെന്നു അവൻ അറിയുന്നുണ്ടോ?
4 മാസം കഴിഞ്ഞിരിക്കുന്നു ഇപ്പോൾ... അവനോടൊപ്പം ആഘോഷിക്കേണ്ട ഓണവും, ക്രിസ്തുമസും, പുതുവർഷവും പെട്ടെന്ന് കടന്ന് പോയിരിക്കുന്നു... കാണേണ്ട സിനിമകളുടെ ലിസ്റ്റ് വീണ്ടും കൂടി...
ചികിത്സാ ചിലവുകൾ ഭരിച്ചതാണ്, ചികിത്സയും നീണ്ടു പോയേക്കാം... പക്ഷേ... ഒരു തിരിച്ചു വരവിന്റെ ആഘോഷം അവന്റെ ഉള്ളിൽ എവിടെയോ ഉണ്ടെന്നു ഒടുവിൽ കണ്ടപ്പോൾ ഞങ്ങൾക്ക് തോന്നി... അന്നായിരിക്കും ഞങ്ങൾക്ക് ആഘോഷം... ഞങ്ങളുടെ പുതു വർഷം... ആ വരവിനായി കാത്തിരിപ്പാണ്...എല്ലാവരെയും പോലെ.. എന്നും സ്നേഹത്തോടെ പ്രാർത്ഥനയോടെ...
Content Highlights: Friend shares positive health update on actor Rajesh Keshav, undergoing treatment for a heart attack. Four months in hospital, small reactions bring hope for his comeback.