2.50 രൂപ ശമ്പളം; കിട്ടിയത് ഒരുരൂപയോ എട്ടണയോ; കിടന്നുറങ്ങിയത് ബസ് സ്റ്റാൻഡിൽ- ദുരിതകാലം പറഞ്ഞ് നടൻ

#Movies Desk
രഘുബീർ യാദവ് പഞ്ചായത്തിൽ | Photo: Scrren grab/ YouTube: Prime Video India
രഘുബീർ യാദവ് പഞ്ചായത്തിൽ | Photo: Scrren grab/ YouTube: Prime Video India

ജീവിതത്തിലെ ദുരിതകാലം ഓർത്തെടുത്ത് നടൻ രഘുബീർ യാദവ്. സിനിമാ മേഖലയിൽ അറിയപ്പെടുന്നതിന് മുമ്പ് ജീവിതത്തിൽ താണ്ടിയ കഠിനകാലമാണ് അദ്ദേഹം ഒരു ഹിന്ദി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞത്. ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങിയതും രണ്ടര രൂപ ശമ്പളത്തിന് ജോലി ചെയ്തതുമായ ഓർമകൾ അദ്ദേഹം പങ്കുവെച്ചു.

പരീക്ഷയിൽ പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ് താൻ അഭിനയത്തിലേക്ക് കടക്കാമെന്ന് തീരുമാനിച്ചതെന്ന് രഘുബീർ യാദവ് ഓർത്തെടുത്തു. വീട്ടിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പിച്ച്, ഒരു സുഹൃത്തിനൊപ്പം ഉത്തർപ്രദേശിലെ ലളിത്പൂരിലേക്ക് തിരിച്ചു. നടൻ അന്നു കപൂറിന്റെ പിതാവ് നടത്തുന്ന തിയേറ്റർ കമ്പനി അവിടെ നാടകം അവതരിപ്പിക്കുന്നുണ്ടായിരുന്നു. ആദ്യത്തെ ദിവസം നാടകം കണ്ടു, ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ സുഹൃത്തിന്റെ അമ്മാവന്റെ വീട്ടിലേക്ക് പോയി. എന്നാൽ മൂന്ന്- നാല് ദിവസത്തിന് ശേഷം സുഹൃത്ത് തന്നെ ഉപേക്ഷിച്ച് നാടുവിട്ടു. അതോടെ താൻ നാടകക്കമ്പനി ഉടമയായ മദൻലാൽ കപൂറിനെ കണ്ട് അവസ്ഥ വിവരിച്ചു. ഇനി എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തോട് ചോദിച്ചു. പാടാൻ അറിയാമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അന്നത്തെ പ്രശസ്തമായൊരു പാട്ടുപാടിക്കേട്ടപ്പോൾ പ്രതിദിനം രണ്ടര രൂപ ശമ്പളത്തിൽ അദ്ദേഹം ജോലിക്ക് എടുത്തുവെന്നും രഘുബീർ യാദവ് അയവിറക്കി.

'രണ്ടര രൂപ എന്നാണ് പറയുന്നതെങ്കിലും ഒരു രൂപ മാത്രമാണ് കൈയിൽ കിട്ടിയിരുന്നത്. ചിലപ്പോൾ മഴ പെയ്താൽ വെറും എട്ടണ (50 പൈസ) മാത്രമായിരിക്കും തരിക. നാലണയ്ക്ക് റൊട്ടിയും നാലണയ്ക്ക് തക്കാളിയും വാങ്ങി റൊട്ടിയും ചട്‌നിയുമുണ്ടാക്കി ഒരു മരത്തിന് മുകളിൽ സൂക്ഷിക്കും. അവിടെ ചൂതാട്ടത്തിന് വരുന്ന ആളുകളും ഉണ്ടായിരുന്നു. കളിയിൽ തോൽക്കുമ്പോൾ അവർ ഞങ്ങളുടെ ഭക്ഷണം എടുത്തു കഴിക്കും. അതുകാരണം പല വൈകുന്നേരങ്ങളിലും ഞങ്ങൾ പട്ടിണി കിടന്നാണ് ഉറങ്ങിയിരുന്നത്', നടൻ പറഞ്ഞു.

ആറ് മാസത്തിന് ശേഷം താൻ വീട്ടിലേക്ക് മടങ്ങിയെങ്കിലും ഒരു ബന്ധുവിന്റെ പരിഹാസം കാരണം വീണ്ടും വീടുവിട്ടിറങ്ങേണ്ടി വന്നതായി രഘുബീർ വെളിപ്പെടുത്തി. പിന്നീട് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയെത്തിയത്. അപ്പോഴേക്കും 'മാസി സാഹിബ്' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ അറിയപ്പെടുന്ന നടനായി കഴിഞ്ഞിരുന്നു.

സെയ്ഗം ഇമാം സംവിധാനം ചെയ്ത് ജൂൺ 12-ന് തിയേറ്ററുകളിൽ എത്തിയ 'ദ നർമ്മദ സ്റ്റോറി' എന്ന ചിത്രത്തിലാണ് രഘുബീർ യാദവ് ഒടുവിലായി വേഷമിട്ടത്. ആമസോൺ പ്രൈമിലെ ജനപ്രിയ വെബ് സീരീസായ 'പഞ്ചായത്ത്' ആണ് അദ്ദേഹത്തെ അടുത്ത കാലത്ത് ശ്രദ്ധേയനാക്കിയത്. ദൂരദർശനിലെ മുംഗേരിലാൽ കെ ഹസീൻ സപ്‌നെയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. സലാം ബോംബെ, ലഗാൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

Content Highlights: Veteran actor Raghubir Yadav recently shared the harrowing details of his early struggle days in the entertainment industry during an interview with a Hindi media outlet. He revealed that he ran away from home due to the fear of failing exams and ended up sleeping at a bus stand before joining a theater company run by actor Annu Kapoor's father. Despite a promised daily wage of 2.5 rupees, he often received much less and had to survive on bread and chutney, which was also frequently stolen by locals. After leaving home again due to a relative's mockery, he returned only two decades later as an established actor celebrated for his performance in the film 'Massey Sahib'. Yadav, widely known for his roles in 'Panchayat', 'Mungeri Lal Ke Haseen Sapne', and 'Lagaan', was recently seen in the movie 'The Narmada Story'