ഇന്റിമേറ്റ് രംഗം ചോർന്നു, നാലുദിവസം മുറിക്ക് പുറത്തിറങ്ങിയില്ല, ഭയമായിരുന്നു-രാധിക ആപ്തേ

താൻ അഭിനയിച്ച ഒരു ചിത്രത്തിലെ ഇന്റിമേറ്റ് രംഗം ചോർന്നതിനെത്തുടർന്ന് അനുഭവിച്ച മാനസികസമ്മർദത്തെയും ഭയത്തേയുംകുറിച്ച് തുറന്നുപറഞ്ഞ് നടി രാധിക ആപ്തേ. ആ സംഭവത്തിന്റെ പേരിൽ നാല് ദിവസത്തോളം വീടിന് പുറത്തിറങ്ങിയില്ലെന്ന് അവർ തുറന്നുപറഞ്ഞു. തന്റെ വാച്ച്മാനും സ്റ്റൈലിസ്റ്റിന്റെ ഡ്രൈവറും ഉൾപ്പെടെ തന്റെ ചുറ്റുമുള്ളവരും ആ ക്ലിപ്പ് കണ്ടപ്പോൾ ആ സാഹചര്യം നേരിടാൻ കൂടുതൽ ബുദ്ധിമുട്ടായി മാറിയെന്നും താരം പറഞ്ഞു.
ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജിയുടെ പ്രചാരണാർത്ഥം ഇന്ത്യാ ടുഡേയോട് സംസാരിക്കവേയാണ് അഭിനേതാക്കൾ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുമ്പോൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിച്ചത്. ക്യാമറകൾ ഓഫ് ചെയ്തതുകൊണ്ട് മാത്രം ഇത്തരം ഭയങ്ങൾ അവസാനിക്കുന്നില്ലെന്ന് അവർ വിശദീകരിച്ചു. കാരണം അത്തരം ദൃശ്യങ്ങൾ വളരെ പെട്ടെന്നുതന്നെ ഒരു നടിയുടെ വ്യക്തിജീവിതത്തിലുള്ള ആളുകളിലേക്കും എത്തിച്ചേരാമെന്നും രാധിക ആപ്തേ പറഞ്ഞു.
"ഞങ്ങൾ ഇന്റിമേറ്റ് സീനുകൾ ചെയ്യാൻ കഴിയുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു, പക്ഷേ ഞാൻ ചെയ്ത ഒരു രംഗം ചോർന്നപ്പോൾ, എനിക്ക് അക്ഷരാർഥത്തിൽ നാല് ദിവസത്തോളം വീടിന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. പ്രശ്നം എന്തെന്നാൽ ഇത്തരം സംഭവങ്ങളുടെ ആഘാതം വളരെ പെട്ടെന്ന് തന്നെ നമ്മുടെ വ്യക്തിജീവിതത്തിലേക്കും എത്താം. അതുകണ്ട് അതൃപ്തരായ ആരെങ്കിലും വീടിന് പുറത്ത് വന്നുനിൽക്കാം. അതിനാൽ, ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇത് വളരെ സങ്കീർണ്ണമാണ്. എന്റെ സ്റ്റൈലിസ്റ്റിന്റെ ഡ്രൈവർ ആ ക്ലിപ്പ് നോക്കിക്കൊണ്ടേയിരുന്നുവെന്നും, 'നീ അവരുടെ വീട്ടിലേക്ക് പോവുകയാണോ?' എന്ന് നിരന്തരം ചോദിച്ചുകൊണ്ടിരുന്നുവെന്നും എന്റെ സ്റ്റൈലിസ്റ്റ് എന്നോട് പറഞ്ഞു ഓർക്കുന്നു. എന്റെ വാച്ച്മാനും അത് കണ്ടിരുന്നു. അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടായി മാറി."
Also Read: ഒരു കൈയിൽ ബ്രെസ്റ്റ് പമ്പും മറുകൈയിൽ ഷാംപെയ്ൻ ഗ്ലാസും, ശ്രദ്ധനേടി രാധിക ആപ്‌തേയുടെ പോസ്റ്റ്
തുടർന്ന് അപ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന താരം തന്റെ ജീവനക്കാരുമായി വിഷയം തുറന്നു സംസാരിക്കുകയായിരുന്നു. വീഡിയോ കണ്ടതിനുശേഷവും ഒപ്പം നിൽക്കാൻ തയ്യാറാണെങ്കിൽ മാത്രം ജോലിയിൽ തുടർന്നാൽ മതിയെന്നും, അല്ലാത്തപക്ഷം പിരിഞ്ഞുപോകാമെന്നും ഡ്രൈവറോടും സെറ്റിലെ സഹായിയോടും പറഞ്ഞു. എന്നാൽ തനിക്കൊപ്പം ഉറച്ചുനിൽക്കുമെന്നും പൂർണ്ണ സംരക്ഷണം നൽകുമെന്നും അവർ ഉറപ്പുനൽകിയതായി രാധിക ഓർത്തെടുത്തു.
"ഞാൻ ഒടുവിൽ എന്റെ ഡ്രൈവറെയും മറ്റുജീവനക്കാരെയും വിളിച്ച് പറഞ്ഞു, 'ഒരു ക്ലിപ്പ് ചോർന്നിട്ടുണ്ട്. നിങ്ങൾ അത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഞാൻ അത് നിങ്ങൾക്ക് അയച്ചുതരാം. അത് കാണുക. നിങ്ങൾക്ക് അതിൽ കുഴപ്പമില്ലെങ്കിൽ, എനിക്കൊപ്പം നിൽക്കാം, അല്ലെങ്കിൽജോലി നിർത്തി പോകാം. നിങ്ങളുടെ ശമ്പളം ഇതാ എന്ന്. അപ്പോൾ അവരെല്ലാം പറഞ്ഞു, 'ഞങ്ങൾ നോക്കിക്കോളാം' എന്ന്". രാധികയുടെ വാക്കുകൾ.
തന്റെ ഒരു കരിയർ തീരുമാനത്തെ ഭയം സ്വാധീനിച്ച മറ്റൊരു സംഭവത്തെക്കുറിച്ചും രാധിക സംസാരിച്ചു. ചെയ്യാനാഗ്രഹിച്ചിരുന്ന ഒരു പ്രോജക്റ്റ് ഉണ്ടായിരുന്നെങ്കിലും അന്നത്തെ രാഷ്ട്രീയ സാഹചര്യം കാരണം താൻ അത് ഉപേക്ഷിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. കരിയറിലെ ഒരു തീരുമാനം എടുക്കാൻ താൻ ആദ്യമായി ഭയപ്പെട്ടത് അപ്പോഴാണ്. തന്റെ മുഴുവൻ കുടുംബത്തെയും അപകടത്തിലപ്പെടുത്താൻ ആഗ്രഹിച്ചില്ലെന്നും ആ തീരുമാനത്തിൽ തനിക്ക് നാണക്കേട് തോന്നിയിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
വിശാൽ ഭരദ്വാജ്, കിരൺ റാവു, വിക്രമാദിത്യ മോത്വാനെ, ശകുൻ ബത്ര എന്നിവർ ചേർന്നാണ് ലസ്റ്റ് സ്റ്റോറീസ് 3 സംവിധാനം ചെയ്തത്. റോണി സ്ക്രൂവാലയും അഷി ദുവ സാറയും ചേർന്നാണ് നിർമാണം. രാധികാ അപ്തേക്ക് പുറമേ കൊങ്കൊണ സെൻ ശർമ, വിജയ് വർമ, അഭിഷേക് ബാനർജി, ഗുർഫത്തേ പിർസാദ, സന തമ്പി, അലി ഫസൽ, രാധിക മദൻ, സിദ്ധാർത്ഥ്, അദിതി റാവു ഹൈദരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തിയത്.
Content Highlights: Actress Radhika Apte opened up about the trauma of an intimate scene from a film being leaked online, revealing that the fear for her personal safety left her unable to leave her home for four days until she sought reassurance from her driver and staff.