എനിക്കെതിരെ ഹേറ്റ് ക്യാമ്പെയ്ൻ നടന്നു, ആ ഭൂതകാലത്തിലേക്ക് തിരിച്ചുപോകാൻ ആഗ്രഹമില്ല -പ്രിയങ്ക മോഹൻ

#മൂവി ഡെസ്ക്
പ്രിയങ്ക മോഹൻ | ഫോട്ടോ: www.instagram.com/priyankaamohanofficial/
പ്രിയങ്ക മോഹൻ | ഫോട്ടോ: www.instagram.com/priyankaamohanofficial/

തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന പരിഹാസങ്ങളേയും ട്രോളുകളേയുംകുറിച്ച് പ്രതികരിച്ച് നടി പ്രിയങ്കാ മോഹൻ. തനിക്കെതിരെ വലിയതോതിൽ ഹേറ്റ് ക്യാമ്പെയിൻ നടന്നുവെന്ന് അവർ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഈ ട്രോളുകളിൽനിന്നെല്ലാം തനിക്ക് ഒരുപാടുകാര്യങ്ങൾ പഠിക്കാൻ സാധിച്ചെന്നും അവർ പറഞ്ഞു. പുതിയ ചിത്രമായ മെയ്ഡ് ഇൻ കൊറിയ പുറത്തിറങ്ങാനിരിക്കേയാണ് പ്രിയങ്ക മോഹൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഡോക്ടർ, ഡോൺ, ഓജി, ഗ്യാങ് ലീഡർ, സരിപോധാ ശനിവാരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടിയാണ് പ്രിയങ്കാ മോഹൻ. അടുത്തിടെയാണ് അവർ സൈബർ ആക്രമണം നേരിട്ടത്. ഇതേക്കുറിച്ച് സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. ഒരുപാട് അനിശ്ചിതത്വങ്ങൾ നിറഞ്ഞ മേഖലയാണ് സിനിമാ ഇൻഡസ്ട്രിയെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. ഇവിടെ ആർക്കും എന്തും സംഭവിക്കാം. പക്ഷേ ഒരു വിഷമ ഘട്ടം ഉണ്ടാകുമ്പോൾ അത് നമ്മളെ കൂടുതൽ ഉയർന്ന് വരാൻ സഹായിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

"എനിക്കെതിരെ ഹേറ്റ് ക്യാമ്പയിൻ നടന്നിട്ടുണ്ട്. ഇന്ന് എല്ലാവരും എല്ലാവരെയും സോഷ്യൽ മീഡിയയിലൂടെ പരിഹസിക്കുകയാണ്. ലെജൻഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഭിനേതാക്കളെയും സംവിധായകന്മാരെയും ഉൾപ്പെടെ ഇന്ന് പരിഹസിക്കുന്നുണ്ട്. എന്റെ കാര്യത്തിലും അത്തരത്തിൽ ഒരുപാട് കാര്യങ്ങൾ നടന്നിരുന്നു. എന്നാൽ ആ ഭൂതകാലത്തിലേക്ക് തിരിച്ചുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം അത് ഒരുതരത്തിൽ എന്നെ ഒരു നല്ല മനുഷ്യനാകാൻ സഹായിച്ചു. അതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു." പ്രിയങ്കയുടെ വാക്കുകൾ.

പവൻ കല്യാൺ ചിത്രം ഓജി ആണ് പ്രിയങ്കയുടേതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വിജയിച്ചിരുന്നു. നെറ്റ്ഫ്ലിക്സ് ചിത്രമായ മെയ്ഡ് ഇൻ കൊറിയ, കവിൻ നായകനാകുന്ന ചിത്രം എന്നിവയാണ് പ്രിയങ്കയുടേതായി വരാനിരിക്കുന്ന ചിത്രങ്ങൾ. ഇതിൽ മെയ്ഡ് ഇൻ കൊറിയ മാർച്ച് 12 ന് സ്ട്രീമിങ് ആരംഭിക്കും.

Content Highlights: Priyanka Mohan addresses the surge of social media trolling and hate campaigns against her., The actress views past negative experiences as learning opportunities that shaped her character., Discussion on the uncertainties of the film industry and the rise of cyberbullying against public figures., Updates on her upcoming projects including the Netflix release 'Made in Korea'.