'ഏതൊരു മലയാളിയേയുംപോലെ അഭിമാനമുള്ള കാര്യം'; സഞ്ജുവിനൊപ്പം ചിത്രമെടുത്ത് പ്രിയദർശൻ

സിനിമയെപ്പോലെ ക്രിക്കറ്റിനേയും ഏറെ സ്നേഹിക്കുന്ന സംവിധായകനാണ് പ്രിയദർശൻ. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ്താരം സഞ്ജു സാംസണിനൊപ്പമുള്ള ഒരു ചിത്രം പകർത്താനായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. സഞ്ജുവിനൊപ്പം ഫോട്ടോയെടുക്കാനായത് ഏതൊരു മലയാളിയേയുംപോലെ അഭിമാനമുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സഞ്ജു സാംസണോടുള്ള തന്റെ ആരാധനയും ബഹുമാനവും പ്രകടിപ്പിക്കുന്ന കുറിപ്പാണ് പ്രിയദർശൻ ചിത്രത്തിനൊപ്പം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'ഒരു മലയാളിയും ക്രിക്കറ്റ് പ്രേമിയും എന്ന നിലയിൽ, സഞ്ജു സാംസണിന്റെ കൂടെ ഒരു ഫോട്ടോയ്ക്ക് വേണ്ടി നിൽക്കുന്നതിൽ എനിക്ക് അഭിമാനം തോന്നുന്നു. ഓരോ മലയാളി ക്രിക്കറ്റ് ആരാധകനും അഭിമാനകരമായ നിമിഷമാണിത്' എന്നാണ് പ്രിയദർശൻ കുറിച്ചത്.
പോസ്റ്റിന് നന്ദിയറിയിച്ച് സഞ്ജു കമന്റ് ചെയ്തിട്ടുണ്ട്. നടിമാരായ കീർത്തി സുരേഷ്, വേദ ശങ്കർ, കോറിയോഗ്രാഫർ പോണി വർമ എന്നിവരും പ്രിയദർശന്റെ ചിത്രത്തിനും കുറിപ്പിനും പ്രതികരണമറിയിച്ചെത്തി.
അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ ഭൂത് ബംഗ്ലാ ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വാമിഖ ഗബ്ബിയായിരുന്നു നായിക. തബു, രാജ്പാൽ യാദവ്, പരേഷ് റാവൽ, അസ്രാണി എന്നിവരും പ്രധാനവേഷത്തിലെത്തി. ഏപ്രിൽ 17-ന് പുറത്തിറങ്ങിയ ചിത്രം രാജ്യത്തുനിന്ന് 117 കോടിയും ആഗോള ബോക്സ് ഓഫീസിൽ 188 കോടിയും കളക്ഷൻ നേടി. ഏറെക്കാലത്തിന് ശേഷം പ്രിയദർശനും അക്ഷയ് കുമാറും ഒന്നിച്ച ചിത്രമാണിത്.
Content Highlights: Director Priyadarshan expresses pride in meeting cricketer Sanju Samson, Social media interaction highlights mutual respect between the two icons, Priyadarshan's recent film Bhoot Bangla performance update, Engagement from prominent celebrities like Keerthy Suresh