'മൂന്നുപേരുടേയും പിറന്നാൾ ഒരുദിവസം, എന്തൊരു യാദൃച്ഛികത'; കുറിപ്പുമായി പ്രേംപ്രകാശ്

#Movies Desk
പത്മരാജന്‍, റഹ്‌മാന്‍, അശോകന്‍, പ്രേംപ്രകാശ്‌ | Photo: Mathrubhumi
പത്മരാജന്‍, റഹ്‌മാന്‍, അശോകന്‍, പ്രേംപ്രകാശ്‌ | Photo: Mathrubhumi

അനശ്വര സംവിധായകനും എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി. പത്മരാജന്റെ ജന്മവാർഷികമാണ് ശനിയാഴ്ച. പത്മരാജന്റെ 81-ാം ജന്മദിനമാണിത്. തിരക്കഥാകൃത്തായി തുടങ്ങി പെരുവഴിയമ്പലത്തിലൂടെ സ്വതന്ത്രസംവിധായകനായ പത്മരാജൻ മലയാളികൾക്ക് സമ്മാനിച്ചത് എന്നും ഓർത്തിരിക്കാവുന്ന ഒരുപിടി ചിത്രങ്ങളാണ്. 46-ാം വയസ്സിലായിരുന്നു പത്മരാജന്റെ അകാലമരണം.

പത്മരാജൻ സംവിധാനംചെയ്ത ആദ്യചിത്രം പെരുവഴിയമ്പലം നിർമിച്ചത് നടൻകൂടിയായ പ്രേംപ്രകാശ് ആയിരുന്നു. നടൻ അശോകൻ ആദ്യമായി അഭിനയിച്ച ചിത്രവും ഇതാണ്. പത്മരാജൻ സംവിധാനംചെയ്ത കൂടെവിടെ ആയിരുന്നു നടൻ റഹ്‌മാന്റെ ആദ്യചിത്രം. ഇതും നിർമിച്ചിരിക്കുന്നത് പ്രേംപ്രകാശ് തന്നെയാണ്. ഇപ്പോഴിതാ മൂവർക്കുമിടയിൽ പൊതുവായുള്ള ഒരുകാര്യം വീണ്ടും ഓർമിപ്പിക്കുകയാണ് പ്രേംപ്രകാശ്.

മൂവരുടേയും പിറന്നാൾ ഒരേ ദിവസമാണെന്നാണ് പ്രേംപ്രകാശ് ഓർമിപ്പിക്കുന്നത്. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം മൂവർക്കും പിറന്നാൾ ആശംസയും അറിയിച്ചു.

'പപ്പൻ, അശോകൻ, റഷീൻ... മൂന്ന് സർഗാത്മക വ്യക്തിത്വങ്ങൾ, മൂന്ന് മികച്ച മനുഷ്യർ. മൂന്നുപേരുടേയും സിനിമാ യാത്രയുടെ ലോഞ്ച് പാഡ് ആയി മാറാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ഇവരുടേയും പിറന്നാൾ ഒരേദിവസമാണെന്നത് എന്തൊരു യാദൃച്ഛികതയാണ്! എന്റെ ഏറ്റവും പ്രിയപ്പെട്ടവർക്ക് പിറന്നാൾ ആശംസകൾ', പ്രേംപ്രകാശ് കുറിച്ചു. 'എന്തൊരു യാദൃച്ഛികതയും അത്ഭുതവുമാണിത്', എന്ന കുറിപ്പോടെ റഹ്‌മാൻ പ്രേംപ്രകാശിന്റെ പോസ്റ്റ് പങ്കുവെച്ചു.

മുമ്പും സമാന പോസ്റ്റുമായി പ്രേംപ്രകാശ് എത്തിയിരുന്നു. തന്നെ സംബന്ധിച്ച് മൂവരും ഇപ്പോഴും തന്റെ കുടുംബത്തിന്റെ ഭാഗമാണെന്ന് പത്മരാജന്റെ 75-ാം പിറന്നാൾ ദിനത്തിൽ പങ്കുവെച്ച കുറിപ്പിൽ പ്രേംപ്രകാശ് പറഞ്ഞിരുന്നു.

Content Highlights: P. Padmarajan's 81st birth anniversary celebrations. Prem Prakash highlights the rare coincidence of sharing a birthday with P. Padmarajan, Ashokan, and Rahman. Prem Prakash produced the debut films of both Padmarajan and Rahman. Emotional tribute shared on social media by Prem Prakash and Rahman