‘ദേശീയ അവാർഡിലും ലോബിയിങ്, ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നില്ല’; വിമർശനവുമായി പരേഷ് റാവൽ

ചലച്ചിത്ര അവാർഡുകളിൽ ലോബിയിങ് നടക്കുന്നുണ്ടെന്ന വിമർശനവുമായി നടനും ദേശീയ അവാർഡ് ജേതാവുമായ പരേഷ് റാവൽ. അന്താരാഷ്ട്ര തലത്തിലുള്ള ഓസ്‌കർ അവാർഡുകളിൽ മാത്രമല്ല ദേശീയ അവാർഡുകളിൽ പോലും സമാനമായ രീതികൾ നടക്കുന്നുണ്ടെന്ന് രാജ് ഷാമാനിയുമായുള്ള പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ പരേഷ് പറഞ്ഞു.
കരിയറിൻ്റെ വിവിധ തലങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് താരം ഇത്തരത്തിലൊരു വിമർശനം ഉന്നയിച്ചത്. അവാർഡുകളുടെ വിശ്വാസ്യതയെക്കുറിച്ച് സംസാരിക്കവെ താൻ ഏതെങ്കിലും ട്രോഫിയേക്കാൾ ഉപരിയായി സംവിധായകരിൽ നിന്നും എഴുത്തുകാരിൽ നിന്നുമുള്ള അഭിനന്ദനങ്ങൾക്ക് വളരെയധികം മൂല്യം നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു.
‘ദേശീയ അവാർഡിൽ കുറച്ചൊക്കെ ലോബിയിങ് ഉണ്ടാവാം, പക്ഷെ മറ്റ് അവാർഡുകളിലുള്ളത്ര ഉണ്ടാവില്ല. ദേശീയ അവാർഡ് എന്നത് അഭിമാനകരമാണ്’- പരേഷ് പറയുന്നു.
ലോബിയിങ് ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. സ്വാധീനവും നെറ്റ്‌വർക്കിങ്ങും വഴിയാണ് ഈ പ്രക്രിയ പ്രധാനമായും മുന്നോട്ട് പോകുന്നതെന്നും അക്കാദമിയിലെ അംഗങ്ങളെ സ്വാധീനിക്കാൻ വേണ്ടി വലിയ പാർട്ടികൾ പോലും നടത്താറുണ്ട് എന്നും അദ്ദേഹം വിശദീകരിച്ചു.
തൻ്റെ ക്രിയാത്മക വശങ്ങളിൽ സഹകരിക്കുന്നവരുമായുള്ള അംഗീകാരമാണ് താൻ ആഗ്രഹിക്കുന്നതെന്നും അതിനപ്പുറം മറ്റൊന്നും ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. 1993-ൽ 'വോ ചോക്രി', 'സർ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ദേശീയ അവാർഡ് പരേഷ് റാവലിന് ലഭിച്ചിരുന്നു.
തുഷാർ അമരീഷ് ഗോയൽ സംവിധാനം ചെയ്ത ദി താജ് സ്റ്റോറി എന്ന ചിത്രത്തിൽ ആഗ്രയിലെ ടൂർ ഗൈഡിൻ്റെ വേഷത്തിലാണ് പരേഷ് റാവൽ അവസാനമായി അഭിനയിച്ചത്. താജ്മഹലിൻ്റെ ഉത്ഭവത്തെ ചോദ്യം ചെയ്യുന്നതിലൂടെ ജോലി നഷ്ടപ്പെടുന്ന ഒരു ടൂർ ഗൈഡിൻ്റെ കഥയാണ് ഈ സിനിമ.
Content Highlights: National Award winner Paresh Rawal criticizes lobbying in film awards, including national ones. He values director/writer appreciation over trophies.