വാർണർ ബ്രദേഴ്സ് പാരമൗണ്ട് പിക്ചേഴ്സിന് സ്വന്തമാവും; നെറ്റ്ഫ്ലിക്സ് പിന്മാറി

നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള വാർണർ ബ്രദേഴ്‌സിനെ ഏറ്റെടുക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറി നെറ്റ്ഫ്‌ളിക്‌സ്. ഇതോടെ വാർണർ ബ്രദേഴ്‌സ് അമേരിക്കൻ ചലച്ചിത്ര നിർമാണ- വിതരണക്കമ്പനിയായ പാരമൗണ്ട് സ്‌കൈഡാൻസിന്റെ (പാരമൗണ്ട് പിക്ചേഴ്സ്) കൈയിലേക്കെന്ന് ഉറപ്പായി. നെറ്റ്ഫ്‌ളിക്‌സിനേക്കാൾ കൂടിയ തുകയ്ക്കാണ് പാരമൗണ്ട് ബിഡ് ചെയ്തിരിക്കുന്നതെന്ന് വാർണർ ബ്രദേഴ്‌സ് വ്യാഴാഴ്ച അറിയിച്ചു. ലേലത്തിൽ കൂടുതൽ മുടക്കാൻ നെറ്റ്ഫ്‌ളിക്‌സ് വിസമ്മതിച്ചതോടെയാണ് പാരമൗണ്ടിലേക്ക് വാർണർ ബ്രദേഴ്‌സ് എത്താനുള്ള വഴി തുറന്നത്.
സാമ്പത്തികമായി ലഭകരമല്ലെന്ന് കണ്ടാണ് പാരമൗണ്ടിനേക്കാൾ വലിയ തുക വാഗ്ദാനം ചെയ്യുന്നതിൽനിന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്മാറിയത്. ഔഹരി ഒന്നിന് 27.75 ഡോളർ എന്ന നിലയിലായിരുന്നു നെറ്റ്ഫ്‌ളിക്‌സ് മുന്നോട്ടുവെച്ചത്. 31 ഡോളറായിരുന്നു പാരമൗണ്ടിന്റെ വാഗ്ദാനം.
കിട്ടിയാൽ കൊള്ളാം എന്ന നിലയിലുള്ള തുകയായിരുന്നു തങ്ങൾ മുന്നോട്ടുവെച്ചതെന്ന് നെറ്റ്ഫ്‌ളിക്‌സ് സിഇഒ ടെഡ് സരാൻഡോസ് പറഞ്ഞു. എത്ര വിലകൊടുത്തും എങ്ങനെയെങ്കിലും സ്വന്തമാക്കുക എന്നതായിരുന്നില്ല തങ്ങളുടെ ഉദ്ദേശമെന്നും സരാൻഡോസ് കൂട്ടിച്ചേർത്തു. വ്യാഴാഴ്ച സരാൻഡോസ് വൈറ്റ് ഹൗസ് സന്ദർശിച്ചതിന് പിന്നാലെയാണ് ഏറ്റെടുക്കലിൽനിന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്മാറിയത്. വാർണർ ബ്രദേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള വാർത്താമാധ്യമമായ സിഎൻഎന്നുമായി അമേരിക്കൻ പ്രസിഡന്റ് ഏറെക്കാലമായി ഏറ്റുമുട്ടലിലാണെന്നതും ശ്രദ്ധേയമാണ്.
പൂർണമായും പണം നൽകിക്കൊണ്ടുള്ള ഏറ്റെടുക്കലായിരുന്നു പാരമൗണ്ടിന്റെ വാഗ്ദാനം. നെറ്റ്ഫ്‌ലിക്‌സിന്റെ ഓഫർ പണവും നെറ്റ്ഫ്‌ലിക്‌സിൽ ഓഹരിയും അടങ്ങുന്നതായിരുന്നു. വാർണർ ബ്രദേഴ്സിന്റെ ഫിലിം സ്റ്റുഡിയോ, ടെലിവിഷൻ പ്രവർത്തനങ്ങൾ, എച്ച്ബിഒ, എച്ച്ബിഒ മാക്‌സ് ചാനലുകൾ, സ്ട്രീമിങ് വിഭാഗം എന്നിവ ഉൾപ്പെടെയായിരുന്നു വിൽപ്പനയ്ക്കുവെച്ചത്. ഗെയിം ഓഫ് ത്രോൺസ് ടിവി സീരീസ്, ഡിസി കോമിക്‌സ്, ഹാരി പോർട്ടർ എന്നിവയും ഇടപാടിൽ പെടും.
പോളണ്ടിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ജൂതകുടുംബത്തിൽ പിറന്ന ഹാരി, ആൽബർട്ട്, സാം, ജാക്ക് വാർണർ സഹോദരന്മാർ സിനിമാ തിയേറ്റർ ബിസിനസ് തുടങ്ങിക്കൊണ്ട് ബിസിനസിൽ അരങ്ങേറ്റം കുറിച്ചു. 1903-ലായിരുന്നു അത്. തൊട്ടടുത്ത വർഷം ചലച്ചിത്ര വിതരണ രംഗത്തേക്ക് ചുവടുവെച്ചു. 1923 ഏപ്രിൽ നാലിനായിരുന്നു വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് എന്ന പേരിലുള്ള കമ്പനിക്ക് തുടക്കമിട്ടത്. പിൽക്കാലത്ത് കമ്പനിയുടെ ഉടമസ്ഥത പലതവണ മാറിമറിഞ്ഞു.
Content Highlights: Netflix drops bid for Warner Bros, clearing way for Paramount takeover