മികച്ച പ്രതികരണം നേടി 'ഒറ്റ ഞാവൽമരം'; 'അജയന്റെ മരണം: ഒരു കേസ് സ്റ്റഡി' ഇന്ന്

പനജി: രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രേക്ഷക പ്രശംസ നേടി മലയാള ചിത്രം 'ഒറ്റ ഞാവൽമരം'. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രം ഇന്ത്യൻ പനോരമയുടെ ന്യൂ ഹൊറൈസൺ വിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്. ഡിമെൻഷ്യ ബാധിച്ച മായ എന്ന വ്യക്തിയുടെ അവസാന നിമിഷങ്ങളുടെയും മറയുന്ന ഓർമകളുടെയും കഥ പറയുന്ന ചിത്രമാണ് 'ഒറ്റ ഞാവൽമരം'. നിറഞ്ഞ കൈയടിയോടെ ആണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്.
മലയാള ചിത്രം 'അജയന്റെ മരണം: ഒരു കേസ് സ്റ്റഡി' ഇന്ന് പ്രദർശിപ്പിക്കും. ശ്രീഹരി ഹരിദാസ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യൻ പനോരമ വിഭാഗത്തിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
റെസ്ട്രോസ്പെക്റ്റീവ് വിഭാഗത്തിൽ കലാ അക്കാദമിയിൽ നടന്ന ലതാ മങ്കേഷ്കർ ടോക്കിൽ മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര പങ്കെടുത്തു. ആശാ ഭോസ്ലെ, എസ്. ജാനകി, ലത മങ്കേഷ്കർ എന്നിവർക്കൊപ്പമുള്ള ഓർമകൾ അവർ പങ്കുവെച്ചു. നടിയും സംവിധായകയുമായ സുഹാസിനിയായിരുന്നു മോഡറേറ്റർ.
കഴിഞ്ഞ ദിവസം മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ജാപ്പനീസ് ചിത്രം 'ഇൻ മൈ ഫാദേഴ്സ് റൂം', കിർഗിസ്താൻ ചിത്രം 'സ്കൈലാർക്ക്' എന്നിവ പ്രേക്ഷക പ്രശംസ നേടി. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന കഥാപാത്രമായി എത്തിയ കന്നഡ ചിത്രം 'കാന്താര ചാപ്റ്റർ വൺ' ഇന്ന് അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തും.
Content Highlights: Malayalam film Otta Njavalmarm, directed by Sruthi Sharanyam and screening in Indian Panorama's New Horizons section at IFFI, received warm audience reception for its story about Maya living with dementia. Srihari Haridas's Malayalam film Ajayanante Maranam Oru Case Study is scheduled for screening today in the Indian Panorama section. KS Chithra joined a Lata Mangeshkar talk moderated by Suhasini at Kala Academy, sharing memories alongside Asha Bhosle, S. Janaki, and Lata Mangeshkar. The update also notes audience praise for In My Fathers Room and Skylark, while Rishab Shetty's Kantara Chapter 1 screens today in the international competition section.