'ഒരുത്തീ'യില്‍ നവ്യയുടെ അപ്പുവായി ആദിത്യൻ; ജീവിതത്തിന്റെ കൊടുംചൂട് തൊട്ടറിഞ്ഞവൻ

വീട് ജപ്തി ചെയ്യാന്‍ വന്ന ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിക്കുന്ന ആദിത്യന്‍
വീട് ജപ്തി ചെയ്യാന്‍ വന്ന ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിക്കുന്ന ആദിത്യന്‍

രണ്ടു വര്‍ഷം മുന്‍പ്, സാമ്പത്തിക പ്രശ്നത്തെത്തുടര്‍ന്ന് ആദിത്യന്റെ വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ ആ പത്തു വയസ്സുകാരന്‍ തടയുകയും അത് മാധ്യമങ്ങളില്‍ വാർത്തയാകുകയും ചെയ്തിരുന്നു. അവന്റെ പോരാട്ടവും നിസ്സഹായതയും മാധ്യമങ്ങളിലൂടെ ജനങ്ങള്‍ അറിഞ്ഞു.  ഈ ആദിത്യന്‍ ഇപ്പോള്‍ ഒരു ബാലതാരമാണ്. നവ്യ നായരുടെ തിരിച്ചുവരവ് ചിത്രമായ ഒരുത്തീയില്‍ നവ്യയുടെ മകനായി അവന്‍ അഭിനയിക്കുന്നു.

മാര്‍ച്ച് 11-ന് തീയറ്ററുകളില്‍ എത്താനിരിക്കുന്ന ഒരുത്തീ സംവിധാനം ചെയ്തിരിക്കുന്നത് വി.കെ. പ്രകാശാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മ്മിക്കുന്നത്. കഥയും തിരക്കഥയും സംഭാഷണവും എസ്. സുരേഷ് ബാബുവിന്റേതാണ്. 

ReadMore: ജപ്തിയില്‍ വീടിന്റെ പടിയിറങ്ങിയാലും സ്നേഹം കൊണ്ട് ഉള്ളം കൈയില്‍ വളര്‍ത്താം നിന്നെ

തന്റെ മകനായി അഭിനയിക്കുന്ന ആദിത്യനെ കുറിച്ച് നവ്യ നായര്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ജീവിതത്തില്‍ പ്രശ്‌നങ്ങളെ അതിജീവിച്ചു വന്ന ആദിത്യന്‍ അതിജീവനത്തിന്റെ കഥ പറയുന്ന ഒരുത്തീയില്‍ അഭിനയിച്ചു വിസ്മയിപ്പിച്ചു എന്ന് നവ്യ എഴുതി.

ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മോഷന്‍ പോസ്റ്റര്‍ വീഡിയോക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ്‌ ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി നവ്യ തിരിച്ചു വരുന്നത്.

ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്. ആലങ്കോട് ലീലാകൃഷ്ണന്‍, ഹരി നാരായണന്‍, അബ്രു മനോജ് എന്നിവർ ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കറാണ്. നവ്യ നായര്‍ക്കൊപ്പം വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, ചാലി പാല എന്നിങ്ങനെ ശക്തമായ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സമീറ സനീഷാണ്. ഡിക്‌സണ്‍ പോടുതാസ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും കെ ജെ വിനയന്‍ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായ ഒരുത്തീ മാര്‍ച്ച് 11ന് റിലീസ് ചെയ്യും.

Content Highlights: oruthi malayalam movie, Navya Nair VK praksh, Child artist Adithyan 

Content Highlights: