'വിജയ്യെപ്പോലെ അഭിനയം നിർത്തരുത്, ഞങ്ങൾക്ക് ഒരു മികച്ച നടനെ നഷ്ടപ്പെടും'; ധനുഷിനോട് സായി പല്ലവി

'O.M: Chapter One' എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ നടൻ ധനുഷിനോട് വൈകാരികമായ അഭ്യർത്ഥനയുമായി നടി സായ് പല്ലവി. ജീവിതത്തിൽ ഏതുവഴി തിരഞ്ഞെടുത്താലും അഭിനയം ഉപേക്ഷിക്കരുതെന്നാണ് സായ് പല്ലവി ധനുഷിനോട് ആവശ്യപ്പെട്ടത്. തമിഴ്നാട് മുഖ്യമന്ത്രി വിജയ് രാഷ്ട്രീയ പ്രവേശനത്തിന് ശേഷം സിനിമ ഉപേക്ഷിച്ച കാര്യം ചൂണ്ടിക്കാണിച്ചാണ് സായ് പല്ലവി ഈ അഭ്യർത്ഥന നടത്തിയത്. ധനുഷ് രാഷ്ട്രീയത്തിലിറങ്ങാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടയിലാണ് സായി പല്ലവിയുടെ ഈ വാക്കുകൾ ശ്രദ്ധ നേടുന്നത്.
വേദിയിലേക്ക് വരുന്ന വഴിയിൽ കൊടികൾ കണ്ടപ്പോൾ ഇതൊരു രാഷ്ട്രീയ സമ്മേളനമാണോ എന്ന് തോന്നിയതായി സായ് പല്ലവി തമാശയായി പറഞ്ഞു. വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് അഭിനയം നിർത്തിയതിനെക്കുറിച്ച് നടിയെന്ന നിലയിൽ താൻ എപ്പോഴും ചിന്തിക്കാറുണ്ടെന്നും, അതുകൊണ്ട് ധനുഷ് അഭിനയം തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി. പൊല്ലാതവൻ എന്ന ചിത്രത്തിന് ശേഷം നിരവധിയാളുകൾ ആ ബൈക്കും ശൈലിയും സ്വീകരിച്ച കാര്യം ഓർമ്മിപ്പിച്ച അവർ, ധനുഷിന്റെ തന്മയത്വമുള്ള പ്രകടനങ്ങൾ പ്രേക്ഷകരിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
"നിങ്ങൾ എന്തുചെയ്താലും നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങൾക്ക് ഏറ്റവും മികച്ചത് സംഭവിക്കട്ടെ. വിജയ് സർ രാഷ്ട്രീയത്തിൽ പ്രവേശിച്ച് അഭിനയം നിർത്തിയതിനെക്കുറിച്ച് എന്നിലെ നടി എപ്പോഴും ചിന്തിക്കുന്നുണ്ട്. അതിനാൽ ധനുഷ് അഭിനയം തുടരണമെന്ന് ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. അദ്ദേഹത്തെപ്പോലെയുള്ളവരുടെ പ്രകടനങ്ങൾ, അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന യാഥാർത്ഥ്യബോധമുള്ള കഥകൾ, അവ ശാശ്വതമായ സ്വാധീനം ചെലുത്തുന്നു. 'പൊല്ലാതവന്'ക്ക് ശേഷം എത്രയോ പേരാണ് ആ ബൈക്ക് വാങ്ങിയതും ആ സ്റ്റൈലും ആറ്റിറ്റ്യൂഡും അനുകരിച്ചതും. അത്തരമൊരു സ്വാധീനം ചെലുത്താൻ ഒരു യഥാർത്ഥ നടന് മാത്രമേ കഴിയൂ. അതുകൊണ്ട് നിങ്ങൾ ഏത് പാത തിരഞ്ഞെടുത്താലും ദയവായി അഭിനയം തുടരുക. അല്ലാത്തപക്ഷം ഞങ്ങൾക്ക് എല്ലാവർക്കും മികച്ച ഒരു നടനെ നഷ്ടപ്പെടും. ഇതാണ് അദ്ദേഹത്തോടുള്ള എന്റെ അഭ്യർത്ഥന." സായ് പല്ലവിയുടെ വാക്കുകൾ.
ഈ ചടങ്ങിൽ വച്ച് രാമായണം സിനിമയുമായി ബന്ധപ്പെട്ട് സായ് പല്ലവിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ ധനുഷ് സംസാരിച്ചു. നിതേഷ് തിവാരിയുടെ രാമായണം: റൈസ് ഓഫ് എ ലെജൻഡ് എന്ന ചിത്രത്തിൽ സീതാദേവിയായി സായ് പല്ലവിയെ തെരഞ്ഞെടുത്തതിനെതിരെ ഉയർന്ന സോഷ്യൽ മീഡിയ വിമർശനങ്ങളിൽ ധനുഷ് തന്റെ സഹപ്രവർത്തകയ്ക്ക് പിന്തുണ നൽകി. സായ് പല്ലവിയുടെ സമർപ്പണബോധത്തെയും ശുദ്ധമായ മനസ്സിനെയും അഭിനയത്തെയും പ്രശംസിച്ച ധനുഷ്, അവരുടെ പ്രകടനത്തിന് പകരക്കാരായി മറ്റാരുമില്ലെന്നും വ്യക്തമാക്കി. ഇതിനുമുമ്പ് 2018-ൽ പുറത്തിറങ്ങിയ മാരി 2 എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നത്.
രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'OM: Chapter One' ആന്ധ്രാപ്രദേശ്-തമിഴ്നാട് അതിർത്തിയിലെ ശേഷാചലം കാടുകളിൽ നടക്കുന്ന രക്തചന്ദനക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. ചിത്രത്തിൽ ധനുഷ് അണ്ടർകവർ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഓഫീസറായും സായ് പല്ലവി നിത്യ റെഡ്ഡി എന്ന സിബിഐ/ഐപിഎസ് ഓഫീസറായും വേഷമിടുന്നു. കാർത്തികേയൻ എന്ന കഥാപാത്രമായി മമ്മൂട്ടിയും ഈ ചിത്രത്തിൽ എത്തുന്നുണ്ട്. ശ്രീലീല, നസീറുദ്ദീൻ ഷാ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ചിത്രം നവംബർ 20-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. സായ് അഭ്യങ്കറാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ധനുഷ് തന്നെ നിർമ്മിക്കുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളുള്ള ഒരു ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
Content Highlights: At the pre-release event for OM – Chapter 1: Udhiram – The Blood Wood—co-starring Mammootty and releasing worldwide on November 20—actor Sai Pallavi earnestly urged co-star Dhanush never to quit acting amid rumours of his political entry, referencing Tamil Nadu CM Vijay's exit from cinema, while Dhanush stood firmly in defence of her casting as Sita in Ramayana.