നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ- ഇന്ത്യൻ ചിത്രം 'സ്വയംഭൂ' ടീസർ ബുധനാഴ്ച

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'സ്വയംഭൂ' ടീസർ തീയതി പുറത്ത്. ഫെബ്രുവരി 11-ന് ചിത്രത്തിന്റെ ടീസർ പുറത്തുവിടും. നിഖിൽ ഒരു ഇതിഹാസ യോദ്ധാവിന്റെ വേഷത്തിലെത്തുന്ന ചിത്രം പിക്‌സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. 'കാർത്തികേയ 2' എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിന്റെ 20-ാമത്തെ ചിത്രമാണ് 'സ്വയംഭൂ'.
സ്വയംഭൂവിന്റെ തീവ്രമായ ലോകത്തിലേക്കുള്ള ആദ്യകാഴ്ചയാണ് ടീസർ സമ്മാനിക്കുക. മലയാളി താരം സംയുക്തയും നഭാ നടേഷുമാണ് ചിത്രത്തിലെ നായികാതാരങ്ങൾ. തന്റെ കഥാപാത്രത്തിന്റെ ആധികാരികതയ്ക്കായി കഠിനമായ ശാരീരിക പരിശീലനത്തിന് വിധേയനായ നിഖിൽ, വേഷത്തിനായി ഏകദേശം രണ്ട് വർഷത്തോളമാണ് ചെലവഴിച്ചത്. വൻ ബജറ്റും ഉയർന്ന സാങ്കേതിക നിലവാരവുമുള്ള വലിയ ക്യാൻവാസിൽ, പീരിയോഡിക് യുദ്ധപശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതിയും വൈകാതെ പുറത്തു വിടും. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം, ചൈനീസ്, സ്പാനിഷ്, അറബിക് ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.
ഛായാഗ്രഹണം: കെ.കെ. സെന്തിൽ കുമാർ, സംഗീതം: രവി ബസ്രൂർ, എഡിറ്റിങ്: തമ്മി രാജു, പ്രൊഡക്ഷൻ ഡിസൈനേഴ്‌സ്: എം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം: വിജയ് കാമിസേട്ടി, ആക്ഷൻ: കിങ് സോളമൻ, സ്റ്റണ്ട് സിൽവ, വരികൾ: രാമജോഗയ്യ ശാസ്ത്രി, മാർക്കറ്റിങ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി.
Content Highlights: Nikhil Siddhartha starrer Swayambhu's teaser to unveil on February 11