കഴിവുള്ളവരെ പണം നൽകി താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നു, ഇത് അന്യായം, ഭയപ്പെടുത്തുന്നത് -നിധി അഗർവാൾ

#മൂവി ഡെസ്ക്
നിധി അ​ഗർവാൾ | ഫോട്ടോ: www.facebook.com/NidhhiAgerwal
നിധി അ​ഗർവാൾ | ഫോട്ടോ: www.facebook.com/NidhhiAgerwal

സിനിമാ മേഖലയിലെ നെഗറ്റീവ് പിആർ ക്യാമ്പെയ്‌നുകൾ അഭിനേതാക്കളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ആശങ്ക പങ്കുവെച്ച് നടി നിധി അഗർവാൾ. യഥാർത്ഥ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം മറ്റുള്ളവരെ താഴ്ത്തിക്കെട്ടാനാണ് പലപ്പോഴും പണം ഉപയോഗിക്കുന്നത് എന്നും ഇത് അഭിനേതാക്കൾക്ക് വലിയ ദോഷമുണ്ടാക്കുന്നുവെന്നും അവർ പറഞ്ഞു. സിനിമയിലെ ഈ പ്രവണത അങ്ങേയറ്റം അന്യായമാണെന്നാണ് നിധിയുടെ പക്ഷം.

രൺവീർ അല്ലാബാദിയയുമായുള്ള പോഡ്‌കാസ്റ്റിലാണ് സിനിമയിൽ നടക്കുന്ന നെഗറ്റീവ് പിആർ ആക്രമണങ്ങളുടെ രീതികളെക്കുറിച്ച് നിധി വെളിപ്പെടുത്തിയത്. വിവിധ സിനിമാ ബുക്കിങ് പ്ലാറ്റ്‌ഫോമുകളിലെ റേറ്റിംഗുകളെപ്പോലും സ്വാധീനിക്കുന്ന പെയ്ഡ് റിവ്യൂകൾ ഇതിന്റെ ഭാഗമാണെന്ന് അവർ ചൂണ്ടിക്കാട്ടി. തനിക്കെതിരെയും ഇത്തരം നെഗറ്റീവ് ക്യാമ്പെയ്‌നുകൾ അടുത്ത കാലത്ത് തുടങ്ങിയതായും എന്നാൽ താൻ അത് ഉടനടി തടഞ്ഞതായും നിധി വ്യക്തമാക്കി. താരങ്ങൾക്ക് ഇത്തരം ആക്രമണങ്ങൾ വലിയ ആഘാതമുണ്ടാക്കുമെന്നും അവർ പറഞ്ഞു.

"പെയ്ഡ് റിവ്യൂകളുടെ ഒരു പ്രത്യേക വിഭാഗമുണ്ട്. മറ്റുള്ളവരെ താഴ്ത്തിക്കെട്ടാൻ ആളുകൾ ധാരാളം പണം നൽകുന്നു. ചിലപ്പോൾ മറ്റുള്ളവരെ ഉയർത്തുന്നതിനേക്കാൾ താഴ്ത്തിക്കെട്ടാനാണ് ആളുകൾ കൂടുതൽ പണം ചെലവഴിക്കുന്നതായി എനിക്ക് തോന്നുന്നു. ഞാൻ എന്നെത്തന്നെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയാണ്, എന്നാൽ നിങ്ങൾ എന്തെങ്കിലും നെഗറ്റീവ് ചെയ്താൽ, ഞാൻ തിരിച്ചും അതുതന്നെ ചെയ്യും." അവർ പറഞ്ഞു.

വരുൺ ധവാൻ, കാർത്തിക് ആര്യൻ എന്നിവർക്കെതിരായ സമീപകാല നെഗറ്റീവ് പിആർ ആക്രമണങ്ങളെക്കുറിച്ചും അവർ സംസാരിച്ചു. "അത് വളരെ മോശമാണ്. ഇതിനായി ആളുകൾ ധാരാളം പണം നൽകുന്നു. ഇത് ഭയാനകമാണെന്ന് ഞാൻ കരുതുന്നു. കാരണം അഭിനേതാക്കൾ വളരെ സെൻസിറ്റീവും വൈകാരികവുമാണ്. ഉള്ളിൽ അവർ കുട്ടികളെപ്പോലെയാണ്. അവരുടെ മാനസികാരോഗ്യത്തിന് ഇത് നല്ലതല്ലെന്ന് ഞാൻ കരുതുന്നു. ആക്രമിക്കപ്പെട്ടതായി നിങ്ങൾക്ക് തോന്നും. പൊതു വ്യക്തികൾ പൊതു സ്വത്തല്ല. എല്ലാവർക്കും വീട്ടിൽ മാതാപിതാക്കളുണ്ട്, അവരോട് നിങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. ഇത് നല്ലതല്ല." നിധി കൂട്ടിച്ചേർത്തു.

പ്രഭാസിനൊപ്പം 'ദി രാജാ സാബ്' എന്ന ചിത്രത്തിലാണ് നിധി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. മാരുതിയാണ് ചിത്രം സംവിധാനം ചെയ്തത്. സഞ്ജയ് ദത്ത്, മാളവിക മോഹനൻ, റിദ്ധി കുമാർ, സറീന വഹാബ് എന്നിവരും അഭിനയിച്ച ഈ ചിത്രം ഇതുവരെ ലോകമെമ്പാടും 200 കോടി രൂപ കളക്റ്റ് ചെയ്തു.

Content Highlights: Nidhhi Agerwal Exposes Film Industry's "Negative PR" Culture: "Money Used to Pull Down Talent"