മുപ്പതിനായിരത്തില്‍ താഴെ പ്രതിഫലം, 24000 രൂപ പിഴ; മന്ത്രിക്ക് കത്തയച്ച് നാടക പ്രവര്‍ത്തകര്‍

നാടകത്തിലെ ട്രൂപ്പ് അംഗങ്ങളുമായി പോകുകയായിരുന്ന വാഹനത്തിന് മോട്ടോര്‍ വാഹന വകുപ്പ് 24000 രൂപ പിഴയിട്ടതില്‍ പ്രതിഷേധിച്ച് ഗതാഗത വകുപ്പ് മന്ത്രി ശശീന്ദ്രന് കത്തയച്ച് നാടക പ്രവര്‍ത്തകര്‍. നെറ്റ്‌വര്‍ക്ക് ഓഫ് ആര്‍ട്ടിസ്്റ്റിക് തിയ്യേറ്റര്‍ കേരളയാണ് മന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. ഇത്തരം ഇരുട്ടടികള്‍, നാടകപ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ചു നാടകസമിതികളെ പിരിച്ചു വിടാന്‍ പ്രേരിപ്പിയ്ക്കുന്നതാണെന്ന് അവര്‍ പറയുന്നു.
കത്തിന്റെ പൂര്‍ണരൂപം
ശ്രീ.എ. കെ ശശീന്ദ്രന്‍,
ബഹു. കേരള ട്രാന്‍സ്‌പോര്‍ട് മിനിസ്റ്റര്‍,
തിരുവനന്തപുരം.
വിഷയം: നാടകവണ്ടിയ്ക്കു തൃപ്രയാര്‍ ആര്‍.ടി.ഒ ഓഫീസര്‍ 24,000 രൂപ പിഴ ചുമത്തിയത് സംബന്ധിച്ച്.
--------------------------------------------------------------------
സര്‍,
കേരളത്തിലെ നാടക കലാകാര സമൂഹത്തിനിടയില്‍ വലിയ ഞെട്ടലും പ്രതിഷേധവും നിരാശയും പടര്‍ത്തിയ വേദനിപ്പിയ്ക്കുന്ന ഒരു സംഭവം കേരള ട്രാന്‍സ്‌പോര്‍ട് ഡിപ്പാര്‍ട്‌മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നു. ആലുവ അശ്വതി തിയേറ്റേഴ്‌സിന്റെ നാടക വണ്ടിയ്ക്ക് മുന്‍കൂര്‍ ഫീസ് അടയ്ക്കാതെ ബോര്‍ഡ് വച്ചു എന്ന കുറ്റം ചുമത്തി ഭീമമായ പിഴ ഇട്ടുകൊണ്ടു വെഹിക്കിള്‍ ഓഫീസര്‍ നടപടി എടുത്തിരിയ്ക്കുന്നു. വാടകക്കെടുത്ത വണ്ടിയും മുപ്പതിനായിരത്തില്‍ താഴെ പ്രതിഫലവും 10 ലേറെ അംഗങ്ങളും ഉള്‍ക്കൊള്ളുന്ന സമിതിയ്ക്കാണ് ഈ അവസ്ഥ ഉണ്ടായത്. ഇത്തരം ഷോക്കുകള്‍ മറികടക്കാന്‍ സാധാരണ നാടക പ്രവര്‍ത്തകര്‍ക്ക് സാമ്പത്തികം കൊണ്ടോ സാമൂഹ്യ പിന്‍ബലം കൊണ്ടോ ആകില്ലെന്നത് എല്ലാര്‍ക്കും അറിയുന്ന സത്യമാണ്.
കേരളം ഉണ്ടായ കാലം മുതല്‍ നാടക വണ്ടികള്‍ സമിതിയുടെ പേരും നാടകത്തിന്റെ പേരും എഴുതിയ ബോര്‍ഡുകള്‍ മുന്നിലും പിറകിലും പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് കേരളത്തിന്റെ നെടുകെയും കുറുകെയും രായും പകലും ഓടിക്കൊണ്ടിരിയ്ക്കുന്നത്. കലാ പ്രവര്‍ത്തനം വ്യത്യസ്തമാണെന്നും അതിനുവേണ്ടി ഉപയോഗിയ്ക്കുന്ന വണ്ടി ചരക്കു വണ്ടിയുടെ ഗണത്തില്‍ വരില്ലെന്നുമായിരുന്നു ഞങ്ങള്‍ പ്രതീക്ഷിച്ചത്. നിയമങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പോലും സാംസ്‌കാരികവും മാനവീകവുമായ നിലപാടും കരുതലും കേരളത്തില്‍ എന്നും ഉണ്ടായിട്ടുണ്ട്. ഇത് കേരളത്തില്‍ നിന്ന് മാത്രം പ്രതീക്ഷിയ്ക്കാന്‍ കഴിയുന്ന കാര്യമാണ്. പക്ഷെ ഈ സംഭവം അത്തരം എല്ലാ ധാരണകളെയും തകിടം മറിച്ചിരിയ്ക്കുന്നു.
1988 മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ 191 ഭാഗം പാലിച്ചില്ല എന്ന കാരണത്തിനാണ് പിഴ എന്നു ഓഫിസര്‍ പറയുന്നു. 1988 ഇല്‍ ആ നിയമം വന്നതിനു ശേഷം ഇതുവരെ ഒരു സമിതിയ്ക്കും ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നിട്ടില്ല എന്നു നാടകപ്രവര്‍ത്തകര്‍ ഒന്നടങ്കം പറയുന്നു. ഒരുപക്ഷേ അത് ഉദ്യോഗസ്ഥരുടെ വിവേകമോ വിവേചനമോ ദയയോ ആയിരുന്നിരിയ്ക്കാം. അതാണ് ഇപ്പോള്‍ മനസ്സിലാകുന്നത്.
കേരളത്തിലെ നാടക മേഖല പിടിച്ചുനില്‍ക്കാന്‍ പോലും പെടാപ്പാട് പെടുന്ന ഈ കാലത്തു ഇത്തരം ഇരുട്ടടികള്‍, നാടകപ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ചു നാടകസമിതികളെ പിരിച്ചു വിടാന്‍ പ്രേരിപ്പിയ്ക്കുന്നതാണ്. ഇങ്ങനെ ഒരു നിയമം ഉണ്ടെന്നോ അത് നാടക വണ്ടികള്‍ക്കും ബാധകമാണെന്നോ എത്ര നാടകക്കാര്‍ക്ക് അറിയും എന്നത് പോലും വലിയ പ്രശ്‌നമാണ്.
സര്‍, കാലാകാലങ്ങളില്‍ പല നിയമങ്ങളും വരികയും ചിലതൊക്കെ കടലാസ്സില്‍ തന്നെ ഉറങ്ങുകയും, ചിലതൊക്കെ സാധാരണക്കാര്‍ക്ക് മാത്രം ബാധകമാക്കുകയും ചെയ്യുന്നു എന്ന് പരക്കെ ഉള്ള ആക്ഷേപത്തിനെ സാധൂകരിയ്ക്കുന്നതല്ലേ ഈ നടപിടി. രാഷ്ട്രീയ സാമുദായിക സര്‍ക്കാര്‍ പരിപാടികളിലെല്ലാം ഇത്തരം ബോര്‍ഡുകളും വാഹനം മുഴുവന്‍ കവര്‍ ചെയ്യുന്ന ബോകസ്‌കളുമൊക്കെ പരക്കെ ഉപയോഗിച്ചു കാണാറുണ്ട്. അപ്പോള്‍ സാമാന്യജനം കരുതുന്നത് ഇത്തരം കാര്യങ്ങള്‍ നിയമ വിധേയം ആണെന്നല്ലേ? നാടകക്കാരും അങ്ങനെ മാത്രമേ ഇതുവരെ കരുതിയിരുന്നുള്ളൂ.
സര്‍, ഇതുമായി ബന്ധപ്പെട്ട് 2 കാര്യങ്ങളില്‍ ഉടനടി അങ്ങയുടെ ഇടപെടല്‍ ഉണ്ടാകണം എന്ന് കേരളത്തിലെ നാടകകാര്‍ക്ക് വേണ്ടി നാടകിന്റെ (നെറ്റ്‌വര്‍ക്ക് ഓഫ് ആര്‍ട്ടിസ്്റ്റിക് തിയ്യേറ്റര്‍ കേരള) പേരില്‍ അഭ്യര്‍ത്ഥിയ്ക്കുന്നു. ചുമത്തിയ 24,000/ പിഴ റദ്ദ് ചെയ്യാന്‍ വേണ്ട നിര്‍ദ്ദേശം നല്‍കണം.
ഈ വിഷയത്തിന്റെ വെളിച്ചത്തില്‍1988 ലെ മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ 191 വകുപ്പില്‍ നിന്ന് കേരളത്തിലെ നാടക സാംസ്‌ക്കാരിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള വാഹനങ്ങളെ ഒഴിവാക്കാന്‍ വേണ്ടി നിയമ ഭേദഗതി നടത്താന്‍ മുന്‍കയ്യെടുക്കണം. ഭേദഗതി ഉണ്ടാകും വരെ നിയമം നടപ്പാക്കുന്നതില്‍ നിന്നും ഈ വിഭാഗത്തെ ഒഴിവാക്കി നിര്‍ത്താനുള്ള നിദ്ദേശം നല്‍കണം.
തനിയ്ക്ക് ഒരു നേരത്തെ അന്നം കിട്ടുന്നതിനൊപ്പം നാടിന്റെകലാ പാരമ്പര്യത്തെ കൂടി ജീവിപ്പിയ്ക്കുന്നവരാണ് നാടകക്കാര്‍. നാടിന്റെ സാംസ്‌കാരിക മുഖച്ഛായ നിലനിര്‍ത്താന്‍ കഷ്ടതകള്‍ക്കുള്ളിലും പുഞ്ചിരിച്ചുകൊണ്ട്തട്ടില്‍ നിന്നും തട്ടിലേക്കു രാപ്പകല്‍ ഓടുന്നവര്‍ക്ക് സാമൂഹ്യ നീതി നിഷേധിക്കരുത്. എല്ലാ പരിമിതികള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ട് നിര്‍മ്മിയ്ക്കുന്ന നാടകം കളിയ്ക്കാനും അതിനു വേണ്ടി സഞ്ചരിയ്ക്കാനും കഴിയാത്ത തരത്തില്‍ ഉള്ള എല്ലാ നിയമ തടസ്സങ്ങളും സാമ്പത്തീക ബാധ്യതകളും ഒഴിവാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം ആണ്. നാടക കലാകാരരെ അവരുടെ പ്രവര്‍ത്തി സുഗമമായി ചെയ്യാന്‍ സഹായിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണം എന്നു അഭ്യര്‍ത്ഥിയ്ക്കുന്നു.
വിശ്വസ്ഥതയോടെ
ജെ.ശൈലജ
ജ. സെക്രട്ടറി,
നാടക് സംസ്ഥാന കമ്മറ്റി.
05/03/2020.
Content Highlights: