നയൻതാരയ്ക്ക് ഇത്ര സൗമ്യമായി പെരുമാറാൻ എങ്ങനെ കഴിയുന്നു; ചർച്ചയായി വീഡിയോ

വൈറല്‍ വീഡിയോയില്‍ നിന്ന്‌ | Photo: x
വൈറല്‍ വീഡിയോയില്‍ നിന്ന്‌ | Photo: x

യുട്യൂബ് വീഡിയോയിലൂടെ തന്നെ കുറിച്ച് മോശം പരാമർശം നടത്തുന്ന മൂന്ന് വ്‌ളോഗേഴ്‌സിനെതിരെ നയൻതാര രംഗത്തെത്തിയിരുന്നു. 2025-ൽ നൽകിയ ഒരു അഭിമുഖത്തിൽ അവരെ 'മൂന്ന് കുരങ്ങൻമാർ' എന്നാണ് നടി വിളിച്ചത്. ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അതേ വ്‌ളോഗേഴ്‌സിനെ നയൻതാര കണ്ടുമുട്ടിയതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ദുബായ് വിമാനത്താവളത്തിലായിരുന്നു ഈ അപ്രതീക്ഷിത കൂടിക്കാഴ്ച്ച. തമിഴകത്തെ ഗോസിപ്പുകളെ കുറിച്ച് പറയുന്ന യുട്യൂബ് ചാനലിന്റെ ഉടമകളായ അനന്തൻ, ബിസ്മി, ശക്തിവേൽ എന്നിവരാണ് വീഡിയോയിലുള്ളത്. താരജാഡകളൊന്നുമില്ലാതെ, സാധാരണക്കാരെപ്പോലെ നയൻതാരയും വിഘ്‌നേഷ് ശിവനും ഇവരോട് സംസാരിച്ചു. മക്കളായ ഉലഗിനേയും ഉയിരിനേയും ഇവർക്ക് പരിചയപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. ഉയിർ മൂന്ന് പേർക്കും കൈ കൊടുക്കുന്നതും ഉലക് തമിഴിൽ വണക്കം പറയുന്നതും വീഡിയോയിലുണ്ട്.

'ഇവർ നന്നായി തമിഴ് പറയുന്നുണ്ടല്ലോ' എന്ന് വ്‌ളോഗർമാർ പറയുമ്പോൾ വീട്ടിൽ എപ്പോഴും തമിഴിലാണ് സംസാരിക്കുന്നതെന്ന് നയൻതാര മറുപടി പറയുന്നുണ്ട്. ഇവർ ഐഡന്റിക്കൽ ട്വിൻസ് അല്ലെന്നും വ്‌ളോഗർമാരുടെ ചോദ്യത്തിന് നയൻതാര മറുപടി നൽകുന്നുണ്ട്.

യുട്യൂബ് ചാനലിൽ നയൻതാരയെ നിരന്തരമായി ബോഡിഷെയിം ചെയ്യുന്ന രീതിയിലാണ് ഇവർ സംസാരിച്ചിരുന്നത്. ഇത് അതിരുവിട്ടതോടെയാണ് അവരെ കുരങ്ങൻമാർ എന്ന് നടി വിളിച്ചത്. ഇതും വലിയ വിവാദമായി. തങ്ങളെ നയൻതാര ബോഡിഷെയിം ചെയ്‌തെന്ന് ആരോപിച്ച ഇവർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ആ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചുവെന്ന് തോന്നുന്നുവെന്നും ഇത്രയും വിമർശിച്ചിട്ടും നയൻതാരയ്ക്ക് ഇത്ര സൗമ്യമായി പെരുമാറാൻ കഴിയുന്നത് എങ്ങനെയാണെന്നും ആരാധകർ വീഡിയോയ്ക്ക് താഴെ ചോദിക്കുന്നുണ്ട്.

Content Highlights: nayanthara meets vloggers after three monkey controversies