‘അവരങ്ങനെയാണ്, കാണുമ്പോള്‍ കെട്ടിപ്പിടിക്കാനായി കൈകള്‍ വിടര്‍ത്തിക്കാണിക്കും’; മലയാളത്തിന്റെ അമ്മമാരെ ഓര്‍ത്ത് നവ്യ

കെപിഎസി ലളിത, സുകുമാരി, കവിയൂര്‍ പൊന്നമ്മ, നവ്യാ നായര്‍ | ഫോട്ടോ: മാതൃഭൂമി
കെപിഎസി ലളിത, സുകുമാരി, കവിയൂര്‍ പൊന്നമ്മ, നവ്യാ നായര്‍ | ഫോട്ടോ: മാതൃഭൂമി

15-ാം വയസ്സില്‍ ചലച്ചിത്രരംഗത്തെത്തിയ തന്നെ അന്നത്തെ അനുഭവ സമ്പന്നരായ അഭിനേതാക്കള്‍ സ്വാധീനിച്ചിട്ടുണ്ടെന്ന്  നടി നവ്യാ നായര്‍. ഇക്കാര്യം വിശദീകരിക്കവെ മലയാളസിനിമയിലെ  മാതൃകഥാപാത്രങ്ങളെ ധന്യമാക്കിയ കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, സുകുമാരി എന്നിവരുമൊത്തുള്ള ഓര്‍മകളും നവ്യ എടുത്തുപറഞ്ഞു. ധന്യാ വര്‍മയുടെ അഭിമുഖപരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. 

അവരൊക്കെ എന്നെ ഒത്തിരി ഹെല്‍പ് ചെയ്തിട്ടുണ്ട്. ലളിത ആന്റിക്ക് എന്നെ ഒരുപാട് ഇഷ്ടമായിരുന്നു. അമ്മക്കിളിക്കൂട് സിനിമാ ലൊക്കേഷനില്‍ പൊന്നൂസും(കവിയൂര്‍ പൊന്നമ്മ) ലളിതാന്റി(കെപിഎസി ലളിത)യും ഉണ്ടായിരുന്നു. പൊന്നമ്മ ആന്റിക്കും എന്നെ വളരെ ഇഷ്ടമായിരുന്നു. ഞാന്‍ സൗന്ദര്യം നോക്കാതെ അഭിനയിക്കുന്ന ആളാണെന്ന് പല അഭിമുഖങ്ങളിലും പൊന്നൂസ് പറഞ്ഞിട്ടുണ്ടായിരുന്നു. അമ്മക്കിളിക്കൂടിന്റെ ലൊക്കേഷനില്‍ വെച്ചാണ് പൊന്നൂസിനെ ആദ്യമായി കണ്ടത്. എനിക്ക് ഒരുപാട് സ്‌നേഹമായിരുന്നതിനാല്‍ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുമായിരുന്നു. എന്നാല്‍ ലളിത ആന്റി സ്‌നേഹം പ്രകടിപ്പിച്ചിരുന്നില്ല. ‘ഇവള്‍ കുളിച്ചിട്ടാണോ വരുന്നേ’ എന്നൊക്കെ പറയും. ‘എന്താ ഇങ്ങനെയൊക്കെ പറയുന്നേ’ എന്ന് ഞാന്‍ പൊന്നൂസിനോട് പറയുമ്പോള്‍ ‘ചുമ്മാ പറയുന്നതാ’ എന്ന് ആന്റി പറയും. അതെല്ലാം ലളിതാന്റി അഭിനയിക്കുകയായിരുന്നു. ഒരു ദിവസം എന്നെ ഒരുപാട് ഇഷ്ടമാണ് എന്റെ സിനിമ ഇഷ്ടമാണെന്നെല്ലാം പറഞ്ഞു, കെട്ടിപ്പിടിച്ചു. അവര്‍ ഓരോരുത്തരും ഓരോ രീതിയിലാണ് ഡീല്‍ ചെയ്യുന്നത്, നവ്യ പറഞ്ഞു.

നടി സുകുമാരിക്കൊപ്പമുള്ള വ്യക്തിപരമായ ഒരു അനുഭവവും നവ്യ പങ്കുവെച്ചു. എന്റെ രണ്ടാമത്തെ സിനിമയായ മഴത്തുള്ളിക്കിലുക്കം ലൊക്കേഷനിലെ ഭക്ഷണം എനിക്ക് ഇഷ്ടപ്പെടാതിരുന്നതിനാല്‍ ഞാന്‍ വിശന്നിരിക്കുമായിരുന്നു. പാവയ്ക്കാ തോട്ടത്തില്‍ ഷൂട്ടിനു പോയിട്ട് അവിടത്തെ പാവയ്ക്ക മുഴുവന്‍ വാങ്ങാം എന്നായിരുന്നു എഗ്രിമെന്റ്. അതുകാരണം രാവിലെത്തെ സാമ്പാറില്‍ പോലും പാവയ്ക്ക ഇടുമായിരുന്നു. അന്നെനിക്ക് പാവയ്ക്ക ഇഷ്ടമല്ലായിരുന്നു. ആ സമയത്ത് രാവിലെത്തൊട്ട് വിശന്നിരിക്കും. കൂര്‍ഗിലെ ഏതോ ഒരു ബംഗ്ലാവിലാണ് ഷൂട്ടിങ്. സുകുമാരി ആന്റിയുടെ ഉള്ളില്‍ ഒരമ്മയുണ്ടല്ലോ. അവര്‍ ഞാന്‍ ഭക്ഷണം കഴിച്ചില്ലേ എന്ന് അന്വേഷിച്ചു. ‘ഞാന്‍ കഴിച്ചില്ലാ’ എന്ന് പറഞ്ഞതിനെ തുടര്‍ന്ന് എനിക്കായി പ്രൊഡക്ഷനില്‍ ചെന്ന് ഒരു വലിയ കപ്പില്‍ നിറയെ പാലൊഴിച്ച് സ്‌പെഷ്യല്‍ കോഫിയുണ്ടാക്കി തന്നു. പിറ്റേ ദിവസം ആന്റി വന്നത് കോണ്‍ഫ്‌ളേക്‌സും വാങ്ങിക്കൊണ്ടായിരുന്നു. അടുത്ത ദിവസം ബേക്കറിയില്‍ പോയി ബിസ്‌ക്കറ്റും സാധനങ്ങളും വാങ്ങി വന്നു. രണ്ടാമത്തെ സിനിമയില്‍ അഭിനയിക്കുന്ന ഏതോ ഒരു നടി. എനിക്ക് ഇത് വാങ്ങിത്തരേണ്ട എന്ത് ആവശ്യമാണ് അവര്‍ക്ക്? അനുകമ്പ കൊണ്ടാണത്. ഇവരൊക്കെ അങ്ങനെയാണ്, കാണുമ്പോള്‍ത്തന്നെ കെട്ടിപ്പിടിക്കാനായി കൈകള്‍ വിടര്‍ത്തിക്കാണിക്കും അവര്‍. ഞാന്‍ ഓടിപ്പോയി കെട്ടിപ്പിടിക്കും, നവ്യ കൂട്ടിച്ചേര്‍ത്തു.

അങ്ങനെയുള്ള അമ്മമാര്‍ ഇന്നില്ലെന്നും ചിലപ്പോള്‍ തനിക്ക് അത് അറിയാത്തതുകൊണ്ടാകാമെന്നും നവ്യ പറഞ്ഞു.

Content Highlights: Navya Nair shares heartwarming memories of veteran actresses Kaviyoor Ponnamma, KPAC Lalitha, and Sukumari.