കേരളാ സ്റ്റോറി കാണാൻ ഉദ്ദേശിക്കുന്നില്ല, നമ്മൾ സഞ്ചരിക്കുന്നത് നാസി ജർമനിയുടെ വഴിയേ -നസിറുദ്ദീൻ ഷാ

പ്രഖ്യാപിച്ച നാൾ മുതൽ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സിനിമയാണ് സുദീപ്തോ സെൻ സംവിധാനം ചെയ്ത ദി കേരളാ സ്റ്റോറി. റിലീസ് ചെയ്തപ്പോൾ തിയേറ്ററുകളിൽ നിന്നുതന്നെ ബഹിഷ്കരണം നേരിട്ട ചിത്രംകൂടിയാണിത്. എങ്കിലും 200 കോടിയോളമാണ് ചിത്രം ബോക്സോഫീസിൽ നിന്ന് സ്വന്തമാക്കിയത്. ഓ.ടി.ടി റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തേക്കുറിച്ച് നടൻ നസിറുദ്ദീൻ ഷാ പറഞ്ഞ കാര്യം ശ്രദ്ധനേടുകയാണ്.
കേരളാ സ്റ്റോറി എന്ന ചിത്രം ഇതുവരെ കണ്ടിട്ടില്ലെന്നും ഇനി കാണാനുദ്ദേശിക്കുന്നുമില്ല. കാരണം അതേക്കുറിച്ച് ഇതിനോടകം ധാരാളം വായിച്ചുകഴിഞ്ഞിരിക്കുന്നു എന്നാണ് ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. അതീവ അപകടകരമായ ട്രെൻഡ് എന്നാണ് ഇതിനേക്കുറിച്ച് ഷാ അഭിപ്രായപ്പെട്ടത്.
“നാസി ജര്‍മനിയുടെ വഴിയെയാണ് നാം ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഹിറ്റ്‌ലറുടെ ഭരണകാലത്ത്, അദ്ദേഹം ചെയ്ത കാര്യങ്ങളെ പുകഴ്ത്തി സിനിമ ചെയ്യാന്‍ അവിടത്തെ പ്രധാന നേതാവ് സിനിമക്കാരെ സമീപിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ജര്‍മനിയിലെ അനേകം മികച്ച സിനിമക്കാര്‍ അവിടെ നിന്നും ഹോളിവുഡിലേക്ക് പോവുകയും സിനിമകളുണ്ടാക്കുകയും ചെയ്തു. ഇവിടെയും അതുതന്നെ സംഭവിക്കുമെന്നാണ് തോന്നുന്നത്.” നസിറുദ്ദീൻ ഷാ പറഞ്ഞു.
എന്നാൽ വിദ്വേഷത്തിന്റെ ഈ അന്തരീക്ഷം അധികകാലം നീണ്ടുനിൽക്കില്ലെന്ന് താൻ പ്രതീക്ഷിക്കുന്നതായും ഷാ പറഞ്ഞു. വിദ്വേഷം പരത്താൻ നിങ്ങൾക്ക് എത്രനാൾ കഴിയും? ആ വെറുപ്പ് നമ്മളെ ഗ്രസിച്ചപോലെതന്നെ അപ്രത്യക്ഷമാകുമെന്ന് കരുതുന്നു. നസിറുദ്ദീൻ ഷാ അഭിപ്രായപ്പെട്ടു.
Content Highlights: Naseeruddin Shah on The Kerala Story, Naseeruddin Shah Latest Interview, The Kerala Story