രണ്ട് ചത്ത കുഞ്ഞുങ്ങൾ; പിസാസ് 2, ട്രെയിൻ എന്നീ ചിത്രങ്ങൾ ഉപേക്ഷിക്കുന്നു -മിഷ്കിൻ

#Movie DEsk
സംവിധായകൻ മിഷ്കിൻ, പിസാസ് 2, ട്രെയിൻ എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകൾ | ഫോട്ടോ: Facebook
സംവിധായകൻ മിഷ്കിൻ, പിസാസ് 2, ട്രെയിൻ എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകൾ | ഫോട്ടോ: Facebook

ചിത്രീകരണം പൂർത്തിയായിട്ടും റിലീസ് വൈകുന്ന തന്റെ ചിത്രങ്ങളായ 'പിസാസ് 2' (Pisasu 2), 'ട്രെയിൻ' (Train) എന്നിവയിൽനിന്ന് പിന്മാറി മുന്നോട്ട് പോകാൻ തീരുമാനിച്ചതായി വ്യക്തമാക്കി തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ മിഷ്കിൻ. 2020-ൽ പുറത്തിറങ്ങിയ 'സൈക്കോ'യ്ക്ക് ശേഷം അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരു ചിത്രവും ഇതുവരെ തിയേറ്ററുകളിലോ ഒടിടിയിലോ എത്തിയിട്ടില്ല. ഒരു തമിഴ് യൂട്യൂബ് ചാനലിലൂടെയാണ് നീണ്ടുപോയ ചിത്രങ്ങളെക്കുറിച്ചും താൻ നേരിട്ട അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞത്.

ആൻഡ്രിയ ജെറമിയയും വിജയ് സേതുപതിയും അഭിനയിച്ച 'പിസാസ് 2' എന്ന ചിത്രത്തിന്റെ ചിത്രീകരണം 2020-ലാണ് പൂർത്തിയായത്, എന്നാൽ 2022-ൽ നിശ്ചയിച്ചിരുന്ന ഈ ചിത്രത്തിന്റെ റിലീസ് നീണ്ടുപോവുകയായിരുന്നു. ഫ്ലയിങ് ഹോഴ്സ് പിക്ചേഴ്സും റോക്ക്ഫോർട്ട് എന്റർടൈൻമെന്റും തമ്മിലുള്ള നിയമതർക്കത്തെത്തുടർന്ന് 2024-ൽ മദ്രാസ് ഹൈക്കോടതി ചിത്രത്തിന്റെ റിലീസിന് ഇടക്കാല സ്റ്റേ അനുവദിച്ചു. വിജയ് സേതുപതിയെ നായകനാക്കി 2023-ൽ ചിത്രീകരണം ആരംഭിച്ച 'ട്രെയിൻ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയെങ്കിലും, ആ ചിത്രവും ഇതുവരെ റിലീസ് ചെയ്യാൻ സാധിച്ചിട്ടില്ല.

സിനിമ പൂർത്തിയാക്കുന്നത് ഒരു യുദ്ധക്കളം പോലെയാണെന്നും സർഗ്ഗാത്മകമായ അമിതാഗ്രഹങ്ങൾ ദോഷകരമാണെന്ന് താൻ തിരിച്ചറിഞ്ഞുവെന്നും മിഷ്കിൻ പറഞ്ഞു. അടുത്തിടെ കണ്ട ഒരു സ്വപ്നത്തിൽ തന്റെ വീടിന്റെ കിണറ്റിൻ കരയിൽ ആന രണ്ടു മൃതദേഹങ്ങൾ കൊണ്ടുവെക്കുന്നതായി കണ്ടുവെന്നും ചാറ്റ്ജിപിടിയുടെ (ChatGPT) വ്യാഖ്യാനത്തിലൂടെ അത് തന്റെ വൈകിയ രണ്ടു സിനിമകളെയാണ് സൂചിപ്പിക്കുന്നതെന്ന് മനസ്സിലാക്കിയെന്നും അദ്ദേഹം പങ്കുവെച്ചു. ഈ സ്വപ്നത്തിനുശേഷമാണ് ആ സിനിമകളിൽ തൂങ്ങിനിൽക്കാതെ അവ ഉപേക്ഷിച്ച് മുന്നോട്ട് പോകാൻ താൻ തീരുമാനിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

"ഞാൻ അവയെ വിട്ടുകളയുകയും ഉടൻതന്നെ മറ്റൊന്ന് എഴുതാൻ തുടങ്ങുകയും ചെയ്തു. നമ്മൾ ഒരിടത്തുതന്നെ കുടുങ്ങിനിൽക്കരുത്... മുന്നോട്ട് നടക്കണം. നമ്മൾ ചലിക്കണം. വേദനയുണ്ട്, എങ്കിലും നിങ്ങൾ മുന്നോട്ട് പോകണം. ഞാൻ അവിടെനിന്നു നടന്നുനീങ്ങണമെന്ന്‌ ഞാൻ കരുതുന്നു. ഞാൻ അടുത്തിടെ ലോകേഷ് കനകരാജിനോട് ഒരു കഥ പറഞ്ഞു, അദ്ദേഹത്തിന് അത് വളരെ ഇഷ്ടപ്പെട്ടു." മിഷ്കിൻ കൂട്ടിച്ചേർത്തു. മമ്മൂട്ടിക്കായുള്ള കഥ ഉൾപ്പെടെ 26 പുതിയ ആശയങ്ങൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംവിധാന രംഗത്ത് തടസ്സങ്ങൾ നേരിട്ടെങ്കിലും അഭിനയ രംഗത്ത് മിഷ്കിൻ സജീവമാണ്. 'പരിമള ആൻഡ് കോ' എന്ന ചിത്രത്തിൽ അഭിനയിച്ച അദ്ദേഹം 'ഐ ആം ഗെയിം' (I'm Game) എന്ന ചിത്രത്തിലൂടെ ഈ വർഷം മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചു. ഇതുകൂടാതെ 'ലവ് ഇൻഷുറൻസ് കമ്പനി' എന്ന ചിത്രത്തിൽ കാമിയോ വേഷത്തിലും 'സത്യവാൻ സാവിത്രി' എന്ന പുതിയ ചിത്രത്തിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്.

Content Highlights: Renowned filmmaker Mysskin opened up about his delayed projects, Pisasu 2 and Train, explaining how he decided to move past the frustration, let go of creative baggage, and start writing new stories, including pitching one to Lokesh Kanagaraj.