യഷ്, ശിവ രാജ്കുമാർ, രുക്മിണി വസന്ത്; മൈസൂരു ദസറയുടെ ജംബൂസവാരിയിൽ ഇത്തവണ കന്നഡ സിനിമാതാരങ്ങളും

മൈസൂരു: ദസറയുടെ പ്രധാന ആഘോഷമായ ജംബൂസവാരി ഘോഷയാത്രയിൽ കന്നഡ സിനിമാതാരങ്ങളും അണിനിരക്കും. കന്നഡ ഫിലിം ചേംബർ ഓഫ് കൊമേഴ്സ് അധ്യക്ഷയും പ്രമുഖനടിയുമായ ജയമാലയാണ് ഇക്കാര്യം അറിയിച്ചത്.
കന്നഡ സിനിമാലോകത്തെ പ്രശസ്ത 30 പ്രമുഖ താരങ്ങളെയാണ് ജംബൂസവാരിയിൽ പങ്കെടുക്കാനായി ക്ഷണിക്കുക. മൈസൂരു കൊട്ടാരത്തിൽനിന്ന് കെ.ആർ. സർക്കിൾ വരെ തുറന്ന ടോപ്പ് ബസിൽ താരങ്ങൾ ജനങ്ങളെ അഭിവാദ്യംചെയ്ത് ഘോഷയാത്രയെ അനുഗമിക്കും.
നടന്മാരായ യഷ്, ശിവ രാജ്കുമാർ, ഋഷഭ് ഷെട്ടി, രക്ഷിത് ഷെട്ടി, കിച്ച സുദീപ്, രവി ചന്ദ്രൻ, നടിമാരായ ഉമാശ്രീ, രചിതാ റാം, രുക്മിണി വസന്ത്, സപ്തമി ഗൗഡ എന്നിവരുൾപ്പെടെയുള്ളതാരങ്ങളാണ് ക്ഷണപ്പട്ടികയിലുള്ളത്. കൂടാതെ കന്നഡ സിനിമാവ്യവസായത്തിന്റെ ചരിത്രം വിളിച്ചോതുന്ന പ്രത്യേക സ്റ്റിൽമാതൃകകളും ഘോഷയാത്രയിൽ അണിനിരക്കും.
കന്നഡ സിനിമാലോകത്തിന് മികച്ച സംഭാവനകൾ നൽകിയ ഡോ. രാജ്കുമാർ, ഡോ. വിഷ്ണു വർധൻ, അംബരീഷ്, പുനീത് രാജ്കുമാർ എന്നിവരുടെ സ്മരണയ്ക്കായി പ്രത്യേകം രൂപകല്പനചെയ്ത ചിത്രങ്ങളും പ്രദർശിപ്പിക്കും.
Content Highlights: Prominent Kannada film personalities, including stars like Yash, Rishab Shetty, and Shiva Rajkumar, will participate in the grand Mysuru Dasara Jamboo Savari procession aboard an open-top bus, alongside tableaux honoring legendary figures of Sandalwood.