20 വർഷങ്ങൾക്ക് ശേഷവും അതേ സിനിമ, അതേ മാജിക്ക്; ഗില്ലി വീണ്ടും കണ്ട് ത്രില്ലടിച്ച് വിദ്യാസാഗർ

തമിഴിൽ അടുത്തിടെ വന്ന റീ റിലീസ് ചിത്രങ്ങളിൽ പുതിയ ചരിത്രം രചിക്കുകയാണ് വിജയ് നായകനായ ഗില്ലി എന്ന ചിത്രം. ധരണി സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ ചിത്രം വിദ്യാസാഗർ ഈണമിട്ട ഗാനങ്ങൾകൊണ്ടും ശ്രദ്ധേയമായിരുന്നു. ചിത്രത്തിനും ഗാനങ്ങൾക്കും ഇപ്പോഴും തിയേറ്ററിൽനിന്ന് ലഭിക്കുന്ന കയ്യടികളിൽ തികഞ്ഞ സന്തോഷവാനാണ് വിദ്യാസാഗർ.
കഴിഞ്ഞദിവസം സംവിധായകൻ ധരണിക്കൊപ്പം അദ്ദേഹം സിനിമ കണ്ടശേഷം അറിയിച്ച പ്രതികരണം ശ്രദ്ധേയമാവുകയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഗില്ലി കാണാൻ പോയപ്പോഴുണ്ടായ പ്രേക്ഷകരുടെ ആരവം വിദ്യാസാഗർ പങ്കുവെച്ചത്. ഗില്ലിയിലെ നായകന്റെ ഇൻട്രോ ഗാനത്തിനൊപ്പം കാണികൾ നൃത്തംചെയ്യുന്നത് ബാൽക്കണിയിൽനിന്ന് ആസ്വദിക്കുന്ന വീഡിയോയാണ് സംഗീത സംവിധായകൻ പങ്കുവെച്ചത്. ധരണിയേയും വീഡിയോയിൽ കാണാം.
'20 വർഷങ്ങൾക്ക് ശേഷം, അതേ സിനിമ, അതേ മാജിക്, കാലങ്ങൾക്കിപ്പുറവും പ്രേക്ഷകരുടെ ഈ ആഹ്ലാദത്തിൽ മനസ് നിറഞ്ഞു. ഒരിക്കലും മറക്കാൻ കഴിയാത്ത ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഭാഗ്യവാനാണ് ഞാൻ.'വിദ്യാസാഗർ കുറിച്ചു.
അതേസമയം, റീ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ 20 കോടിയിലധികം രൂപയാണ് ഗില്ലി നേടിയത്. തമിഴകത്തെ റീ റിലീസുകളിൽ 20 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ചിത്രമാണ് ഗില്ലി. 320 തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. എട്ട് കോടി ബജറ്റിലെത്തിയ ഗില്ലി 50 കോടി ക്ലബ്ബിലെത്തിയ വിജയ്‍യുടെ ആദ്യ സിനിമ കൂടിയായിരുന്നു. വിജയ്‍യുടെ സൂപ്പർതാരപദവിയിൽ സുപ്രധാനപങ്കുവഹിച്ച ചിത്രംകൂടിയാണ് ഗില്ലി.
പ്രകാശ് രാജ്, ആശിഷ് വിദ്യാർഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദർശനം നടത്തിയത്.
Content Highlights: music director vidyasagar watched ghilli movie