കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

സംഗീതസംവിധായകൻ ഡി. ഇമ്മൻ വീണ്ടും വിവാഹിതനായി. അന്തരിച്ച പബ്ലിസിറ്റി ഡിസൈനർ ഉബാൾഡിന്റേയും ചന്ദ്ര ഉബാൾഡിന്റേയും മകൾ അമാലി ഉബാൾഡാണ് വധു. വിവാഹത്തിന്റെ ചിത്രങ്ങൾ ഡി. ഇമ്മൻ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു.
അറേഞ്ച്ഡ് വിവാഹമായിരുന്നെന്നും താനും തന്റെ കുടുംബവും കുറച്ചുവർഷങ്ങളായി അനുഭവിച്ചുവന്ന വെല്ലുവിളികൾക്കുള്ള പരിഹാരമാണീ വിവാഹമെന്ന് അദ്ദേഹം ചിത്രങ്ങൾക്കൊപ്പം എഴുതി.
എന്റെ കഠിനമായ നിമിഷങ്ങളിൽ ഒപ്പം നിന്ന പിതാവ് ഡേവിഡ് കിരുബാഗര ദാസിനോടാണ് ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത്. വിട്ടുപിരിഞ്ഞ അമ്മ മഞ്ജുളാ ഡേവിഡിന്റെ ആശീർവാദവും വേണമായിരുന്നു. അമാലിയിലേക്കെത്താൻ സഹായിച്ചതിന് എല്ലാ കുടുംബാംഗങ്ങളോടും അഭ്യുദയകാംക്ഷികളോടും നന്ദി പറയുന്നു. അമാലിയുടെ മകൾ നേത്ര ഇനിമുതൽ എന്റെ മൂന്നാമത്തെ മകളായിരിക്കുമെന്നും അദ്ദേഹം കുറിച്ചു.
മക്കളായ വെറോണിക്ക, ബ്ലെസീക്ക എന്നിവരെയാണ് വിവാഹത്തിന് ഏറ്റവുമധികം മിസ് ചെയ്തത്. എന്നെങ്കിലും അവർ വീട്ടിലേക്ക് വരുന്നതും കാത്ത് ക്ഷമയോടെയിരിക്കുകയാണ്. അമാലിയും നേത്രയും ഞങ്ങളെല്ലാവരും അവരെ ഒരുപാട് സ്നേഹത്തോടെ സ്വീകരിക്കും. തന്നെ പിന്തുണച്ച സംഗീതാസ്വാദകർക്കുള്ള നന്ദിയും അർപ്പിച്ചാണ് ഇമ്മൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഈ മാസം പതിനഞ്ചാം തീയതിയായിരുന്നു ഇമ്മനും അമാലിയും തമ്മിലുള്ള വിവാഹം.
Content Highlights: music director d imman remarriage with with amali uballd