‘ഐസിയുവിന് സമാനമായ സജ്ജീകരണങ്ങൾ വീട്ടില്‍ ഒരുക്കിയിരുന്നു’; ധർമേന്ദ്രയെ അവസാനമായി കണ്ടതിനെക്കുറിച്ച് മുകേഷ് ഖന്ന

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം മുതിർന്ന താരം ധർമേന്ദ്രയെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കണ്ടതിനെക്കുറിച്ച് ഓർത്തെടുത്ത് നടൻ മുകേഷ് ഖന്ന. ധർമേന്ദ്രയ്ക്കായി വീടിനുള്ളിൽ ഐസിയുവിന് സമാനമായ സൗകര്യം ഒരുക്കിയിരുന്നുവെന്ന് ഖന്ന പറഞ്ഞു. ധർമേന്ദ്ര സുഖം പ്രാപിച്ച് തിരിച്ചുവരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നുവെന്നും മുകേഷ് വെളിപ്പെടുത്തി.
തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ധർമേന്ദ്രയെ അവസാനമായി കണ്ടതിനെക്കുറിച്ച് മുകേഷ് ഖന്ന പറഞ്ഞത്. ഈ സന്ദർശനത്തിനിടെ സണ്ണി, ബോബി ഡിയോൾ എന്നിവരെ കണ്ടുവെന്നും താരം കൂട്ടിച്ചേർത്തു. ധർമേന്ദ്രയുടെ ലാളിത്യവും വിനയവുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്തെന്ന് മുകേഷേ് ഖന്ന പറഞ്ഞു. അവസാന മാസങ്ങളിൽ, അദ്ദേഹത്തിന് സുഖമില്ലാതിരുന്നപ്പോൾ പോലും മുഖത്ത് പോസിറ്റിവിറ്റി നിറഞ്ഞിരുന്നുവെന്നും മുകേഷ് ഓർമിച്ചു.
"അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് തിരികെ കൊണ്ടുവന്നതിന് ശേഷം, അഞ്ചോ ആറോ ദിവസം മുൻപാണ് ഞാൻ അവരുടെ വീട്ടിൽ പോയത്. അവർ വീടിനുള്ളിൽ തന്നെ ഒരു ഐസിയുവിന് സമാനമായ സൗകര്യം ഒരുക്കിയിരുന്നു. അദ്ദേഹത്തെ ശരിയായി കാണാൻ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു, എങ്കിലും പോകേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നി." മുകേഷ് ഖന്നയുടെ വാക്കുകൾ.
"ഞാൻ സണ്ണിയോടും ബോബിയോടും പറഞ്ഞു, അദ്ദേഹം വളരെ ശക്തനാണ്. ഇതിൽ നിന്ന് പുറത്തുവരും... ഈ പ്രശ്നത്തെ അദ്ദേഹം അതിജീവിക്കുമെന്ന്. എന്നാൽ അവസാനം, ദൈവം എന്താണോ ആഗ്രഹിക്കുന്നത് അതാണ് സംഭവിക്കുക. സുഖം പ്രാപിക്കാൻ മാത്രം ശക്തനാണ് അദ്ദേഹമെന്ന് എല്ലാവരും വിശ്വസിച്ചിരുന്നതിനാൽ ആളുകൾ ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ ശരീരം തളർന്നു, പക്ഷേ ആത്മാവ് യാത്ര തുടരുന്നു. അദ്ദേഹത്തിന് മനോഹരമായ ഒരു ആത്മാവുണ്ടായിരുന്നു." മുകേഷ് ഖന്ന കൂട്ടിച്ചേർത്തു.
നവംബർ 24-ന് 89-ാം വയസ്സിലാണ് ധർമേന്ദ്ര അന്തരിച്ചത്. ഡിസംബർ എട്ടിന് 90-ാം പിറന്നാൾ ആഘോഷിക്കാനിരിക്കേയാണ് മുംബൈയിലെ ജുഹുവിലെ വസതിയിൽ വിടവാങ്ങൽ. ശ്വാസതടസ്സത്തെത്തുടർന്ന് ധർമേന്ദ്രയെ ഒക്ടോബർ അവസാനം മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ട് 12 ദിവസത്തിനുശേഷമാണ് വിടവാങ്ങിയത്. നടൻ എന്നതിനുപുറമേ സിനിമാനിർമാതാവും രാഷ്ട്രീയനേതാവുമായിരുന്നു ധർമേന്ദ്ര. ജുഹുവിലെ പവൻ ഹൻസ് ശ്മശാനത്തിലായിരുന്നു സംസ്കാരം.
ധർമേന്ദ്രയുടെ ഓർമ്മയ്ക്കായി വ്യാഴാഴ്ച മുംബൈയിൽ ഒരു പ്രാർത്ഥനാ യോഗം നത്തിയിരുന്നു. 'സെലിബ്രേഷൻ ഓഫ് ലൈഫ്' എന്ന് പേരിട്ട ഈ പ്രാർത്ഥനാ യോഗത്തിന് ഡിയോൾ കുടുംബമാണ് ആതിഥേയത്വം വഹിച്ചത്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, രേഖ, ഐശ്വര്യ റായ് എന്നിവരടക്കമുള്ളവർ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തു.
Content Highlights: Mukesh Khanna Recounts Final Visit with Dharmendra, Details ICU Setup at Home