‘ആന്റണിയെ മോഹൻലാൽ കൂടെ കൂട്ടിയത് മൂന്നാംമുറ മുതൽ, വൈശാലിയിൽ ബാബു ആന്റണി എത്തിയത് ദേവന് പകരം’

#മൂവി ഡെസ്ക്
മോഹ​ൻലാലും ആന്റണി പെരുമ്പാവൂരും, സിദ്ധു പനയ്ക്കൽ | ഫോട്ടോ: ബി. മുരളികൃഷ്ണൻ\ മാതൃഭൂമി, Facebook
മോഹ​ൻലാലും ആന്റണി പെരുമ്പാവൂരും, സിദ്ധു പനയ്ക്കൽ | ഫോട്ടോ: ബി. മുരളികൃഷ്ണൻ\ മാതൃഭൂമി, Facebook

സ്.എൻ. സ്വാമിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി കെ. മധു ഒരുക്കിയ മൂന്നാംമുറ എന്ന ചിത്രത്തേക്കുറിച്ചുള്ള അറിയാക്കഥകൾ പങ്കുവെച്ച് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. ചിത്രത്തിന്റെ യഥാർഥ ക്ലൈമാക്സ് സീൻ ഇന്ന് കാണുന്നതായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സെൻസർ ബോർഡിന്റെ അനുമതി കിട്ടാതിരുന്നതിനാലായിരുന്നു ഇത്. മലയാള സിനിമയിൽ പിന്നീട് തിളങ്ങിയ പല താരങ്ങളുടെയും ആദ്യ സിനിമ കൂടിയായിരുന്നു ‘മൂന്നാം മുറ’. ആന്റണി പെരുമ്പാവൂരിനെ മോഹൻലാൽ കൂടെ കൂട്ടുന്നത് ‘മൂന്നാം മുറ’യുടെ സെറ്റിൽ നിന്നാണെന്നും സിദ്ധു പനയ്ക്കൽ ഓർത്തെടുത്തു. വൈശാലി എന്ന ചിത്രത്തിലെ ലോമപാദ മഹാരാജാവായി ബാബു ആന്റണിയെ കാസ്റ്റ് ചെയ്തതിനുപിന്നിലെ കഥയും സോഷ്യൽ മീഡിയയിലൂടെ സിദ്ധു പനയ്ക്കൽ ഇതിനൊപ്പം പറഞ്ഞു.

സിദ്ധു പനയ്ക്കലിന്റെ കുറിപ്പിന്റെ പൂർണരൂപം:

മൂന്നാംമുറ റിലീസായി 38 വർഷമായി.

ക്ലൈമാക്സ് വരെ ആവേശത്തോടെ മുന്നേറിയ ചിത്രം ക്ലൈമാക്സിൽ കാലിടറിയതായി തോന്നി എന്ന് ഒരു സുഹൃത്ത് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ഞാനന്ന് സെവൻ ആട്സ് മോഹനേട്ടന്റെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യുന്ന കാലമാണ്. ആ സിനിമയുടെ പ്രൊഡക്ഷൻ മാനേജരായി വർക്ക് ചെയ്ത ആൾ എന്ന നിലയിൽ ആ ക്ലൈമാക്സിനെ പറ്റിയും ആ സിനിയിലെ രസകരമായ ചില കാര്യങ്ങളും വിശദീകരിക്കാമെന്ന് തോന്നുന്നു.

പ്രേക്ഷകർ അമിത പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് മൂന്നാംമുറ. ആ കാത്തിരിപ്പിന് കാരണമുണ്ട്. ഇരുപതാം നൂറ്റാണ്ടിനുശേഷം ലാലേട്ടൻ K മധുസർ S N സ്വാമിസാർ എന്നിവർ ഒന്നിക്കുന്ന സിനിമ. ഒരു CBI ഡയറിക്കുറിപ്പിനു ശേഷം മധുസാറും സ്വാമിസാറും ഒന്നിക്കുന്ന സിനിമ. താളവട്ടം,മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രങ്ങൾക്കുശേഷം സെവൻ ആർട്സും ലാലേട്ടനും ഒന്നിക്കുന്ന സിനിമ.

റിലീസ് ദിവസം തൃശൂർ ജോസ് തീയേറ്ററിന്റെ ഗേറ്റ് ജനങ്ങളുടെ തള്ള്മൂലം മറിഞ്ഞുവീഴുകയും. ഗേറ്റിന് അടിയിൽ പെട്ട ആളുകളുടെ മുകളിൽ കൂടി കാണികൾ ടിക്കറ്റ് കൗണ്ടറിലേക്ക് ഓടുകയും, ഒട്ടേറെ പേർക്ക് സാരമായി പരിക്ക് ഏൽക്കുകയും ചെയ്തു. കേരളത്തിലെ എല്ലാ റിലീസ് സെന്ററുകളുടെയും അവസ്ഥ ഏകദേശം ഇതൊക്കെ തന്നെയായിരുന്നു.

മൂന്നാംമുറയുടെ ക്ലൈമാക്സിനെകുറിച്ചും പറയാം. തിയേറ്ററിൽ ആദ്യത്തെ ആഴ്ച അവസാനിപ്പിച്ചരീതിയിൽ ആയിരുന്നില്ല ക്ലൈമാക്സ്‌. യഥാർത്ഥ ക്ലൈമാക്സ്‌ സെൻസർബോർഡ് അനുവദിച്ചു തന്നില്ല. അതായിരുന്നു ക്ലൈമാക്സ്‌ എങ്കിൽ നിറഞ്ഞ കയ്യടികളോടെ ജനങ്ങൾ തിയേറ്ററിൽ നിന്ന് ഇറങ്ങിപോകുമായിരുന്നു. നിയമങ്ങൾ ശക്തമായി, ശരിയായി നടപ്പാക്കാതെ പോകുന്നതിന് എതിരെയുള്ള താക്കിതായിരുന്നു ക്ലൈമാക്സ്‌.

റിലീസിന് രണ്ടുമൂന്നു ദിവസം മുമ്പാണ് സെൻസർ ചെയ്തു കിട്ടിയത്. റിലീസ് ഡേറ്റ് ഫിക്സ് ചെയ്യുകയും തിയേറ്റുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. അത് കൊണ്ട് തല്ക്കാലം വേറെ ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല. റ്റെയിൽ എൻഡിനു തൊട്ടുമുൻപ് കട്ട് ചെയ്ത് നിർത്തേണ്ടി വന്നു. അത് മനസ്സിലാക്കി തന്നെയാണ് ഞങ്ങൾ ആദ്യത്തെ ആഴ്ച തന്നെ ഇപ്പോഴുള്ള റ്റെയിൽ എൻഡ് ഷൂട്ട് ചെയ്ത് ചേർത്തത്. ഒരുപാട് സെൻസർ കട്ടുകൾ ആ പടത്തിൽ വന്നിരുന്നു.

സുരേഷ് ഗോപി ചേട്ടനെ നായ കടിച്ചു കീറി കൊല്ലുന്ന സീനിന്റെ നൂറിൽ ഒരംശം പോലും സെൻസർ ചെയ്തു കിട്ടിയില്ല. റിവൈസിംഗ് കമ്മിറ്റിക്ക് പോയാണ് അവസാനം ആ സിനിമ സെൻസർ ചെയ്തത് . യൂട്യൂബിൽ ആ പടം എടുത്തു നോക്കിയാൽ കാണാം മൂന്നാംമുറ എന്ന ടൈറ്റിലിനു ബ്രാക്കറ്റിൽ റിവൈസ്ഡ് എന്ന് ചേർത്തിട്ടുണ്ടാവും.

മൂന്നാംമുറയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, നായകന്മാരായും വില്ലനായും ക്യാറക്‌ടർ റോളുകളിലും സിനിമയിൽ തുടക്കം കുറിച്ച് പിന്നീട് സ്വന്തം പേരിൽ സിനിമാ തിയേറ്ററിൽ ആളെക്കൂട്ടാൻ പ്രാപ്തരായി വളർന്ന, നായകന്മാരായി വളർന്ന കുറച്ചുപേർ ആ പടത്തിൽ അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിചേട്ടൻ, മുകേഷ്ചേട്ടൻ, ബാബു ആന്റണിചേട്ടൻ , മുരളിയേട്ടൻ, വിജയരാഘവൻചേട്ടൻ തുടങ്ങിയവർ. ബഡായി ബംഗ്ലാവിൽ അമ്മായിയായി അഭിനയിച്ചിരുന്ന പ്രസിതയും, സുമ ജയറാമും ആദ്യമായി അഭിനയിച്ച സിനിമയാണ് മൂന്നാംമുറ.

കീരിക്കാടൻ ജോസ് എന്ന പേരിൽ പ്രശസ്തനായ മോഹൻരാജ് മൂന്നാം മുറയിലാണ് ആദ്യം അഭിനയിച്ചത്. ഇപ്പോൾ യൂട്യൂബിൽ പടം കാണുന്നവർക്ക് ശ്രദ്ധിച്ചാൽ മനസ്സിലാകും ലാലു അലക്സിന്റെ താവളമായി ഷൂട്ട് ചെയ്ത തൃപ്പൂണിത്തുറ ഹിൽപാലസിൽ ലാലു അലക്സ്‌ സാറിന്റെ കിങ്കരന്മാരായി തോക്കുപിടിച്ചു നിൽക്കുന്നവരിൽ ഒരാൾ മോഹൻരാജ് ആണ്. ചെറിയ ഒരു ഡയലോഗ് മാത്രമേ അദ്ദേഹത്തിന് ആ പടത്തിൽ ഉള്ളു. പക്ഷേ മോഹൻരാജിന് കീരിക്കാടനിലേക്കുള്ള വഴി തുറന്നത് ആ വേഷമായിരുന്നു. കല അടൂർ എന്ന കലാധരനായിരുന്നു കെ മധു സാറിന്റെ അസോസിയേറ്റ് മൂന്നാംമുറയിൽ. ഐ ശശി എന്നൊരു ചേട്ടനും അസോസിയേറ്റായി ഉണ്ടായിരുന്നു. കിരീടം എന്ന ചിത്രത്തിൽ സിബി മലയിൽ സാറിന്റെ അസോസിയേറ്റും കലാധരൻചേട്ടനായിരുന്നു. കലാധരനാണ് കിരീടത്തിലേക്ക് മോഹൻരാജിനെ റെകമെന്റ് ചെയ്തത്. നേരിൽ കണ്ടപ്പോൾ സിബി മലയിൽ സാറിനും ലോഹി സാറിനും മോഹൻരാജിനെ ഇഷ്ടപ്പെടുകയും ചെയ്തു.

ഒരുകാലത്ത് തമിഴിലും തെലുങ്കിലും മലയാളത്തിലും നിറഞ്ഞാടിയ വില്ലനായി മോഹൻരാജ്. കീരിക്കാടൻ അത്രമേൽ ശക്തൻ ആയതുകൊണ്ടാവാം മോഹൻരാജ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേരെന്ന്‌ ഇന്നും പലർക്കും അറിയില്ല. സിനിമാക്കാർ പോലും കീരിക്കാടൻ ജോസ് എന്ന പേരിൽ ഷൂട്ടിങ്ങിനു വരുമ്പോൾ അദ്ദേഹത്തിന് റൂമുകൾ ബുക്ക് ചെയ്തിട്ടുണ്ട്. ഹോട്ടലിൽ വന്ന് ഐഡി കാർഡ് കാണിക്കുമ്പോഴാണ് യഥാർത്ഥപേർ പലർക്കും മനസ്സിലാവുന്നത്.

തമിഴിൽ പ്രശസ്ത വില്ലനായി മാറിയ പൊന്നമ്പലവും മൂന്നാംമുറിയിൽ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്. മലയാള സിനിമയിൽ സംഘട്ടന സംവിധായകരായി മാറിയ മാഫിയ ശശിയും പഴനിരാജും ത്യാഗരാജൻ മാസ്റ്ററുടെ അസിസ്റ്റന്റ് മാരായിരുന്നു മൂന്നാം മുറയിൽ, പടത്തിൽ അഭിനയിച്ചിട്ടുമുണ്ട്.

PVS ഹോസ്പിറ്റലായി മാറിയ എറണാകുളത്തെ കലൂരിൽ ഉള്ള കല്പക ടൂറിസ്റ്റ് ഹോമിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. ബാബു ആന്റണി ചേട്ടന്റെ ഇൻട്രൊഡക്ഷൻ ഫൈറ്റ് സീൻ എടുത്തത് കല്പകയിലാണ്. തൃപ്പൂണിത്തുറ ഹിൽപാലസും പരിസരവുമായിരുന്നു പ്രധാന ലൊക്കേഷൻ. ഇന്നത്തെപ്പോലെ ഒരു ആർട്ടിസ്റ്റിന് ഒരു റൂം എന്ന സിസ്റ്റം ഒന്നും ആ കാലത്ത് ഉണ്ടായിരുന്നില്ല. റൂം പങ്കിട്ടാണ് 90% ആർട്ടിസ്റ്റുകളും താമസിച്ചിരുന്നത്.

ഇന്നത്തെ പ്രശസ്ത നിർമ്മാതാവും ലാലേട്ടന്റെ സന്തതസഹചാരിയുമായ ആന്റണി പെരുമ്പാവൂരിനെ മുൻപ് പരിചയം ഉണ്ടായിരുന്നെങ്കിലും ലാലേട്ടൻ കൂടെകൂട്ടിയത് മൂന്നാംമുറയുടെ സെറ്റിൽ നിന്നാണ്.

വർഷങ്ങൾക്കു മുൻപ് ശങ്കരാചാര്യരായി സിനിമയിൽ വേഷമിട്ട മുരളി മോഹൻ, ഇപ്പോൾ അദ്ദേഹം സിനിമയിലും സീരിയലിലും ഒക്കെ അഭിനയിക്കുന്നുണ്ട്. മൂന്നാം മുറയിൽ അദ്ദേഹം ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. അതിനു പിന്നിലും ഒരു കഥയുണ്ട്. വൈശാലിയിലെ ലോമപാദ രാജാവിനെ എല്ലാവർക്കും ഓർമ്മയുണ്ടാകുമല്ലോ. ബാബു ആന്റണിചേട്ടൻ ചെയ്തു വലിയ പ്രശംസ നേടിയ വേഷം. യഥാർത്ഥത്തിൽ ആവേഷം അഭിനയിക്കേണ്ടിയിരുന്നത് ദേവേട്ടൻ (നടൻ ദേവൻ ) ആയിരുന്നു. വൈശാലിയിൽ അഭിനയിക്കാൻ എത്തും മുമ്പ് ഹരികുമാർ സാറിന്റെ ഊഴം എന്ന പടത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. അവിടെ ഒരു സംഘട്ടന രംഗത്ത് ചെറിയൊരു പരിക്ക് പറ്റിയതിനാൽ അദ്ദേഹത്തിനു വൈശാലിയിൽ അഭിനയിക്കാനായില്ല. അങ്ങനെ കുറച്ച് ആർട്ടിസ്റ്റുകളെ മൈസൂർ പാണ്ഡവപുരത്തു വരുത്തി മേക്കപ്പ് ടെസ്റ്റ് ചെയ്ത കൂട്ടത്തിൽ മുരളി മോഹനെയും വിളിച്ചുവരുത്തി മേക്കപ്പ് ടെസ്റ്റ് ചെയ്തിരുന്നു.

ക്യാരക്ടറിന്റെ രൂപം ഭരതൻ സാർ ആഗ്രഹിച്ച രീതിയിൽ വരാത്തതുകൊണ്ട് അദ്ദേഹം തിരിച്ചു പോയി. വൈശാലിയിൽ ചെറിയൊരു വേഷം അഭിനയിക്കാൻ വന്ന ബാബു ആന്റണി ചേട്ടനെ മേക്കപ്പ് ടെസ്റ്റ് ചെയ്തു നോക്കുകയും രാജാവിന്റെ വേഷത്തിൽ ബാബു ആന്റണി ചേട്ടനെ കണ്ടപ്പോൾ ഭരതൻ സാറിന് പൂർണ തൃപ്തിയാവുകയും ചെയ്തു. അന്ന് സിനിമയിൽ അഭിനയിച്ചു തുടങ്ങിയിട്ടില്ലാത്ത നരേന്ദ്രപ്രസാദ് സാറിന്റെ ശബ്ദം കൂടി ചേർന്നപ്പോൾ ലോമപാദൻ വെള്ളിത്തിരയിൽ തിളങ്ങി.

വൈശാലിയുടെ പ്രൊഡക്ഷൻ മാനേജരും ഞാനായിരുന്നു. വൈശാലി സെവൻ ആർട്സ് ആണ് വിതരണം ചെയ്തത്. മുരളി മോഹൻ നിരാശനായി മടങ്ങേണ്ടി വന്നപ്പോൾ മധുസാറിന്റെ സമ്മതത്തോടെ വിജയകുമാർ സർ തൊട്ടടുത്തു നിർമ്മിച്ച മൂന്നാംമുറയിൽ അദ്ദേഹത്തിനൊരു വേഷം നൽകുകയായിരുന്നു.

ഓരോ സിനിമയുടെ പിന്നിലും ഇതുപോലെ പ്രേക്ഷകർ അറിഞ്ഞതും അറിയാത്തതുമായ ഒരുപാട് സംഭവങ്ങൾ ഉണ്ടാകും. സന്തോഷവും സങ്കടവും നിരാശയും ഉണ്ടാക്കുന്ന ഒരുപാട് അനുഭവങ്ങൾ. ഒരു മഹാ ദുരന്തത്തിന്റെ ഓർമ്മ കൂടിയുണ്ട് മൂന്നാംമുറ ഷൂട്ടിംഗ് കാലത്ത്. 1988 ജൂലൈ 8 ന് പെരുമൺ തീവണ്ടി ദുരന്തം ഉണ്ടാകുന്നത് മൂന്നാംമുറയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്തായിരുന്നു.

യുക്തിഭദ്രമായി ഉരുത്തിരിഞ്ഞു വരുന്ന തിരക്കഥയിൽ രൂപപ്പെടുന്ന സിനിമയെ, സെൻസർ കത്രിക വികൃതമാക്കിയാൽ ചിലപ്പോൾ ആ സിനിമക്ക് അർഹിക്കുന്ന വിജയം കൈവരിക്കാനാവാതെ പോകും. അന്നത്തെ സൂപ്പർ ഹിറ്റ് സിനിമകളുടെ പട്ടികയിലാണ് മൂന്നാംമുറ. ഒരു മെഗാഹിറ്റ് വിജയം ആ സിനിമ തീർച്ചയായും അർഹിച്ചിരുന്നു. അത് ആ സിനിമയെ അതിന്റെ പൂർണ്ണ രൂപത്തിൽ കണ്ട ഞങ്ങളെപ്പോലുള്ളവർക്ക് മനസ്സിലാകും.

Content Highlights: Production Controller Sidhu Panakkal reveals that the original climax of the cult hit Moonnam Mura was heavily censored and shares how the film served as a launchpad for stars like Keerikkadan Jose and the lifelong bond between Mohanlal and Antony Perumbavoor.