'എന്തോ...എന്നെ ഇഷ്ട്ടമാണ് ആളുകൾക്ക്'; മോഹൻലാലിന്റെ 'സവാരി ഗിരി ഗിരി' പോസ്റ്റിന് കമന്റുമായി താരങ്ങൾ

രാവണപ്രഭു എന്ന ചിത്രത്തിൽ മോഹൻലാൽ | ഫോട്ടോ: Instagram
രാവണപ്രഭു എന്ന ചിത്രത്തിൽ മോഹൻലാൽ | ഫോട്ടോ: Instagram

തിയേറ്ററുകളിൽ വീണ്ടും പ്രദർശനത്തിനെത്തിയ മോഹൻലാൽ-രഞ്ജിത് കൂട്ടുകെട്ടിലൊരുങ്ങിയ രാവണപ്രഭു എന്ന ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിയിരിക്കുകയാണ്. ചലച്ചിത്രരംഗത്തെ പ്രമുഖരടക്കം പോസ്റ്റിന് ലൈക്കും കമന്റുമായെത്തി.

രാവണപ്രഭു എന്ന ചിത്രത്തിൽനിന്നുള്ള ഒരു ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. സിനിമയിലെ നിർണായകമായ സംഘട്ടനരംഗത്തിൽനിന്നുമുള്ള ഭാഗമാണ് ഫോട്ടോയിലുള്ളത്. ഹേയ്, സവാരി ഗിരി ഗിരി എന്നാണ് മോഹൻലാൽ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. നിമിഷനേരംകൊണ്ടുതന്നെ ഫോട്ടോ അക്ഷരാർത്ഥത്തിൽ സോഷ്യൽ മീഡിയയെ കത്തിച്ചു. സംവിധായകൻ അൽഫോൺസ് പുത്രൻ, ടൊവിനോ തോമസ്, ആന്റണി വർഗീസ് തുടങ്ങിയവർ കമന്റുമായെത്തി.

രാവണപ്രഭുവിലെ തന്റെ ഇഷ്ടരംഗത്തേക്കുറിച്ചുള്ളതായിരുന്നു അൽഫോൺസ് പുത്രന്റെ കമന്റ്. "നടേശ കൊല്ലണ്ട..അത് കേക്കുമ്പോൾ വരുന്ന ചിരി. എനിക്ക് നല്ല നാടൻ തല്ല് അറിയാം.. അത് competition item അല്ലാത്തത് കൊണ്ട് ഗപ്പ് ഒന്നും കിട്ടിയില്ല… ഇതാണ് എന്റെ favourite scene" എന്നാണ് അൽഫോൺസിന്റെ കമന്റ്. രാവണപ്രഭുവിൽ മോഹൻലാലിന്റെ കഥാപാത്രം പറയുന്ന 'എന്തോ...എന്നെ ഇഷ്ട്ടമാണ് ആളുകൾക്ക്' എന്ന സംഭാഷണമാണ് പെപ്പേ കുറിച്ചത്. തീ ഇമോജിയാണ് ടൊവിനോ തോമസും നീരജ് മാധവും പോസ്റ്റ് ചെയ്തത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം 4K അറ്റ്മോസില്‍ എത്തിച്ചത് മാറ്റിനി നൗ ആണ്. മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ നെപ്പോളിയന്‍, സിദ്ദിഖ്, രതീഷ്, സായ് കുമാര്‍, ഇന്നസന്റ്, വസുന്ധരാ ദാസ്, രേവതി, ഭീമന്‍ രഘു, അഗസ്റ്റിന്‍, രാമു, മണിയന്‍പിള്ള രാജു തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നു.

സുരേഷ് പീറ്റേഴ്സിന്റേതാണ് സംഗീതം. പി. സുകുമാര്‍ ആണ് ഛായാഗ്രഹണം, രഞ്ജന്‍ എബ്രഹാം എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു. രാജാണിയുടേതാണ് പശ്ചാത്തലസംഗീതം.

Content Highlights: Mohanlal`s instagram post wows fans. Directors and actors like Alphonse Puthren, Tovino Thomas, and Antony Varghese react, sharing their favorite scenes and dialogues.