‘ഇനിയൊരു ‘ജയിലർ’ സീക്വലുമായി സഹകരിക്കില്ല, മോഹൻലാലിന്റെ സീനുകൾ വെട്ടി’; നിരാശ പ്രകടിപ്പിച്ച് കോസ്റ്റ്യൂം ഡിസൈനർ

രജനീകാന്ത് ചിത്രം 'ജയിലർ 2'- ന് വേണ്ടി ഷൂട്ട് ചെയ്ത മോഹൻലാലിന്റെ ഭൂരിഭാഗം സീനുകളും വെട്ടിമാറ്റിയതായി കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീൻ. ട്രെയ്ലറിൽ കാണിച്ച രംഗങ്ങളും മൂന്ന് വ്യത്യസ്ത ലുക്കുകളും വെട്ടിമാറ്റിയെന്ന് ജിഷാദ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മലയാളത്തിലെ സൂപ്പർതാരത്തിന്റെ സീനുകൾ വെട്ടിമാറ്റിയതിൽ കടുത്ത നിരാശയും അമർഷവും ജിഷാദ് പങ്കുവെച്ചു. 'ജയിലർ 2' പുറത്തിറങ്ങിയതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിലുണ്ടായ ചർച്ചകളിലാണ് ജിഷാദിന്റെ വിശദീകരണം.
'എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവർക്കുംവേണ്ടി, ജയിലർ 2 പുറത്തിറങ്ങിയ പശ്ചാത്തലത്തിൽ ഒരു പ്രധാന കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ട്രെയ്ലറിൽ വെറും രണ്ട് സെക്കൻഡിലേക്ക് ഒതുക്കിയപ്പോഴും ഷൂട്ട് ചെയ്തതിലെ എന്റെ ജോലിയിൽ എനിക്ക് പൂർണ ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ, ചിത്രം പുറത്തിറങ്ങിയപ്പോൾ, മോഹൻലാൽ സാറിന്റെ മൂന്ന് വ്യത്യസ്ത ലുക്കുകൾ പൂർണമായും എഡിറ്റ് ചെയ്ത് ഒഴിവാക്കിയതായി മനസിലാക്കുന്നു. ട്രെയ്ലറിലെ സീൻ പോലും ട്രിം ചെയ്തു കളഞ്ഞു', ജിഷാദ് കുറിച്ചു.
'എന്റെ സിനിമാ അനുഭവത്തിൽ, മോഹൻലാലിനെപ്പോലൊരു സൂപ്പർസ്റ്റാറിന്റെ സീനുകൾ വെട്ടിമാറ്റുന്നത് തീർത്തും അനാവശ്യമാണ്. നമ്മുടെ സൂപ്പർസ്റ്റാറിനെ ഇങ്ങനെ വെട്ടിക്കുറയ്ക്കുന്നത് കാണുമ്പോൾ, ഇനിയൊരു ഭാഗമുണ്ടെങ്കിൽ ഞാൻ അതിന്റെ ഭാഗമാവില്ല. എന്നെ വിശ്വസിച്ച എല്ലാവരോടും ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. ഞാൻ ആനുകൂല്യങ്ങൾക്ക് വേണ്ടിയോ, ലാഭത്തിനോ കോടി ക്ലബ്ബുകൾക്കോ സ്റ്റാർഡത്തിനോ വേണ്ടിയല്ല നിലനിൽക്കുന്നത്. ആരാധകർക്കും സിനിമയെ സ്നേഹിക്കുന്നവർക്കും മോഹൻലാൽ സാറിനും വേണ്ടിമാത്രം ഞാൻ നിലകൊള്ളും. എന്റെ യാത്രയിൽ എപ്പോഴും കൂടെ നിന്നതിന് നന്ദി', ജിഷാദ് കൂട്ടിച്ചേർത്തു.
കേരളത്തിൽ 800 സ്ക്രീനുകളിലടക്കം വമ്പൻ റിലീസായാണ് 'ജയിലർ 2' തിയേറ്ററിലെത്തിയത്. ബ്ലോക്ബസ്റ്റർ വിജയമായ 'ജയിലറി'ലെ മുത്തുവേൽ പാണ്ഡ്യനായി രജനീകാന്ത് തിരിച്ചെത്തിയ ചിത്രം സംവിധാനം ചെയ്തത് നെൽസൺ ദിലീപ് കുമാർ ആണ്.
Content Highlights: Costume designer Jishad Shamsudeen revealed that most of Mohanlal's shot scenes were cut from 'Jailer 2'. Three distinct looks designed for Mohanlal and scenes shown in the trailer were edited out of the final cut. Expressing deep disappointment, Jishad declared he will not collaborate on any future installment of the franchise. He emphasized that he stands solely for the fans, cinema lovers, and Mohanlal, rather than financial gains or star status. Directed by Nelson Dilipkumar and starring Rajinikanth, 'Jailer 2' released across 800 screens in Kerala.