ടി.എസ്. ലൗലജൻ ഡിസംബർ 24-ന് ചാർജെടുക്കുന്നു; ശ്രദ്ധനേടി മോഹൻലാലിന്റെ 'അതിമനോഹരം' പോസ്റ്റർ

സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക വേഷത്തിൽ ഒരുകൈയിൽ ബാഗും മറുകൈയിൽ ഹെൽമറ്റുമായി വീട്ടിൽനിന്ന് ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരൻ. മോഹൻലാൽ എസ്.ഐ. ടി.എസ്. ലൗലജനായി എത്തുന്ന 'അതിമനോഹരം' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ ശ്രദ്ധനേടുന്നു. ഡിസംബർ 24-ന് ചിത്രം പ്രദർശനത്തിനെത്തുന്നതിന്റെ ഭാഗമായാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമാണ് മോഹൻലാലിന്റെ ലൗലജൻ. അയാളുടെ ഔദ്യോഗികജീവിതത്തിലും വ്യക്തിജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളെ കോർത്തിണക്കി പോലീസ് പ്രൊസീജ്യറൽ ഡ്രാമയായിട്ടാണ് ചിത്രത്തിന്റെ അവതരണം. സാധാരണ ജീവിതത്തോട് ചേർന്നുനിന്നുകൊണ്ടുള്ള സമീപനമാണ് ചിത്രത്തിലുടനീളം സംവിധായകനായ തരുൺ മൂർത്തി സ്വീകരിച്ചിരിക്കുന്നത്.
മീരാ ജാസ്മിനാണ് നായിക. ലാലു അലക്സ്, മുകേഷ്, ജഗദീഷ്, മനോജ് കെ. ജയൻ, ഇർഷാദ് അലി, പ്രമോദ് വെളിയനാട് തുടങ്ങിയവരോടൊപ്പം പുതുതലമുറ സാന്നിധ്യമായ സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. 'ഇഷ്ക്', 'ആലപ്പുഴ ജിംഖാന' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. 'തുടരും' സിനിമയിലെ പ്രധാന സാങ്കേതികപ്രവർത്തകർ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സെൻട്രൽ പിക്ചേഴ്സ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
ഛായാഗ്രഹണം: ഷാജികുമാർ, എഡിറ്റിങ്: ഷഫീഖ് വി.ബി, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: മഷർ ഹംസ, കോ- ഡയറക്ടർ: ബിനു പപ്പു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ്ഖാൻ, അസോസിയേറ്റ് ഡയറക്ടർ: അഫ്നാസ് വി, സ്റ്റിൽസ്: അമൽ സി. സദർ, പ്രൊഡക്ഷൻ മാനേജർ: ജോമോൻ ജോയ് (ചാലക്കുടി), പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എസ്.കെ. എസ്തപ്പാൻ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, പി.ആർ.ഒ: വാഴൂർ ജോസ്.
Content Highlights: The makers of Mohanlal's upcoming police drama Athimanoharam released a new poster announcing its December 24 theatrical release. Directed by Tharun Moorthy and produced by Ashiq Usman, the film features Mohanlal as Sub-Inspector T.S. Loulajan. Meera Jasmine plays the female lead alongside Lalu Alex, Mukesh, Jagadish, and Manoj K. Jayan. Written by Ratheesh Ravi, the film reunites the core technical crew of Thudarum and will be distributed by Central Pictures.