ബെഡ്റൂം സീനായാലും മുഴുവൻ വസ്ത്രവും ഇടണം, അഭിനയം മുഖത്തുമതി എന്നാണ് തിട്ടൂരം;'മിസ'യെ പിന്തുണച്ച് ലാലി

#മൂവി ഡെസ്ക്
ലാലി പി.എം | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ \ മാതൃഭൂമി
ലാലി പി.എം | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ \ മാതൃഭൂമി

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച മിസ എന്ന നാടകത്തിനെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ പ്രതികരണവുമായി നടി ലാലി പി.എം. ഇങ്ങനെയൊരു നാടകം വേദിയിൽ അവതരിപ്പിക്കാൻ ധൈര്യം കാണിച്ച ഡിവൈഎഫ്ഐക്കും അണിയറ പ്രവർത്തകർക്കും അഭിവാദ്യങ്ങളർപ്പിക്കുന്നുവെന്ന് അവർ കുറിച്ചു. നാടകവുമായി ബന്ധപ്പെട്ട് നടി ചിന്നൂസ് ചിലങ്കയ്ക്കെതിരെ സൈബർ ആക്രമണം ഉയർന്ന സാഹചര്യത്തിലാണ് ലാലി പ്രതികരണവുമായി എത്തിയത്.

“എത്ര ഓ.ടി.ടി. പ്ലാറ്റ്ഫോമുകൾ വന്നിട്ടും കാര്യമില്ല. ഒരു കഥയും അതിലെ കഥാസന്ദർഭങ്ങളും ആവശ്യപ്പെടുന്ന രീതിയിൽ വസ്ത്രം ധരിക്കാൻ ഇവിടത്തെ സദാചാര സമൂഹം സമ്മതിക്കില്ല. നമ്മൾ ബെഡ്റൂം സീനിൽ പോലും മുഴുവൻ വസ്ത്രവും ഇട്ടേ അഭിനയിക്കൂ. അഭിനയം ഒക്കെ മുഖത്ത് മാത്രം മതി എന്നതാണ് സമൂഹത്തിന്റെ തിട്ടൂരം. ഇങ്ങനെയൊരു നാടകം സ്റ്റേജിൽ കാണിക്കാൻ ധൈര്യം കാണിച്ച നാടകത്തിന്റെ അണിയറ പ്രവർത്തകർക്കും DYFI ക്കും അഭിവാദ്യങ്ങൾ.” ലാലി പി.എം ഇൻസ്റ്റാഗ്രാമിൽ കുറിച്ചതിങ്ങനെ. മിസ എന്ന നാടകത്തിലെ ഒരു രംഗവും അവർ ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനവേദിയിലാണ് 'മിസ' അവതരിപ്പിച്ചത്. ചിന്നൂസ് ചിലങ്കയാണ് പ്രധാന കഥാപാത്രമായെത്തിയത്. നാടകത്തിൽ ചിന്നൂസ് ചിലങ്ക അഭിനയിച്ച ഭാഗങ്ങൾ എഡിറ്റ് ചെയ്ത് അശ്ലീലച്ചുവയോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് സ്നേഹലത റെഡ്ഢി എന്ന നാടകപ്രവർത്തക അനുഭവിച്ച പീഡനങ്ങളായിരുന്നു നാടകത്തിന്റെ ഇതിവൃത്തം. ഇതിലെ രംഗങ്ങൾ അടർത്തിയെടുത്ത് അതോടൊപ്പം ഇല്ലാതിരുന്ന തെറ്റിദ്ധരിപ്പിക്കുന്ന ഗാനങ്ങളും ചേർത്താണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.

മിസ എന്ന നാടകം ജനങ്ങളോട് പറയുന്നത് നമ്മുടെ രാജ്യത്തെ ഭരണകൂടഭീകരതയെ കുറിച്ചാണെന്നാണ് ഇതിനോട് ചിന്നൂസ് പ്രതികരിച്ചത്. 1975-ലെ അടിയന്തരാവസ്ഥയിൽ തുടങ്ങി ഇന്ന് രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ഭരണകൂടഭീകരത ഉൾപ്പെടെയുള്ള വിഷയങ്ങളാണ് മിസ സംസാരിക്കുന്നതെന്നും അവർ പറഞ്ഞു.

നാടകത്തിനെതിരായ പ്രചാരണങ്ങൾക്കെതിരെ നേരത്തേ ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിരുന്നു. നാടകത്തിന്റെ ഒരു രംഗം മാത്രം മുറിച്ചെടുത്ത് സദാചാരത്തിന്റെ കണ്ണടയിലൂടെ നോക്കുന്നവർ അടിയന്തരാവസ്ഥക്കാലത്തെ തീക്ഷ്ണമായ പീഡനങ്ങളെ മറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കാനുള്ള അധികാരത്തിന്റെ രാഷ്ട്രീയം ഇന്നും അവസാനിക്കുന്നില്ല എന്ന സന്ദേശമാണ് സ്നേഹലതയുടെ ജീവിതം വരച്ച് കാട്ടുന്ന 'മിസ' മുന്നോട്ട് വെയ്ക്കുന്നതെന്നും സനോജ് പറഞ്ഞു.

കോഴിക്കോട് ചിലങ്ക ഫ്‌ളോട്ടിങ് തിയേറ്ററാണ് ഡിവൈഎഫ്ഐ സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ 'മിസ' അവതരിപ്പിച്ചത്.

Content Highlights: Actress Lali PM voiced strong support for the DYFI and actress Chinnus Chilanka following a wave of moral policing and cyberattacks over edited clips of the political play Misa.