‘അമ്മയ്ക്ക് തീരെ വയ്യ ശ്രീക്കുട്ടാ എന്ന് ലാലു പറഞ്ഞിരുന്നു, അമ്മയായിരുന്നു അദ്ദേഹത്തിന്റെ ലോകം’

#മൂവി ഡെസ്ക്
എം.ജി. ശ്രീകുമാർ | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ \ മാതൃഭൂമി
എം.ജി. ശ്രീകുമാർ | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ \ മാതൃഭൂമി

കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയെ അനുസ്മരിച്ച് ഗായകൻ എം.ജി. ശ്രീകുമാർ. ചെറുപ്പംതൊട്ടേ അറിയാവുന്ന കുടുംബമാണ് മോഹൻലാലിന്റേതെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മോഹൻലാലിന്റെ അമ്മയുടെ കയ്യിൽനിന്ന് ഒരുപാട് ആഹാരം വാങ്ങിക്കഴിച്ചതാണ്. കഴിഞ്ഞദിവസം മോഹൻലാലിനെ വിളിച്ചപ്പോൾ അമ്മയ്ക്ക് തീരെ സുഖമില്ലെന്ന് അറിയിച്ചിരുന്നെന്നും എം.ജി. ശ്രീകുമാർ കൂട്ടിച്ചേർത്തു.

"ഒരുപാട് വിഷമമുണ്ട്. കാരണം എനിക്കെന്റെ കുട്ടിക്കാലംതൊട്ടേ അറിയാം. അവിടെ ചെല്ലുമ്പോൾ അമ്മയുടെ കയ്യിൽനിന്ന് ഒരുപാട് ആഹാരം വാങ്ങിക്കഴിച്ചതാണ്. കഴിഞ്ഞദിവസം ഞാൻ ലാലുവിനെ വിളിച്ചതാണ്. പുതുവത്സരമായിട്ട് എന്തെങ്കിലും പരിപാടിയുണ്ടോ എന്ന് ഞാൻ ചോദിച്ചു. അമ്മയ്ക്ക് തീരെ സുഖമില്ല ശ്രീക്കുട്ടാ എന്നാണ് ലാലു പറഞ്ഞത്. ഇന്ന് അമ്മയെ കാണാൻ ചെല്ലാമെന്ന് പറഞ്ഞതായിരുന്നു.

അമ്മയുടെ ആരോഗ്യം പരിഗണിച്ച് ലാലു ഇവിടെത്തന്നെ ഉണ്ടായിരുന്നു. അമ്മ എന്നാൽ ലാലുവിന് എല്ലാമാണ്. എനിക്കും അങ്ങനെത്തന്നെയായിരുന്നു. ഒരുപാട് ഓർമകളുണ്ട്. സ്കൂളിൽനിന്ന് കളിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്ക് കഴിക്കാൻ കാപ്പിയും മധുരപലഹാരങ്ങളും തന്ന ഒരമ്മയായിരുന്നു അവർ. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

ലാലുവിനെപ്പോലെതന്നെയാണ് ഞങ്ങളെയെല്ലാവരേയും അമ്മ സ്നേഹിച്ചിരുന്നത്. ഒരുപാട് സംസാരിക്കും. എന്റെ അമ്മയ്ക്ക് എന്നേക്കാളും ഇഷ്ടം ലാലിനോടായിരുന്നു. കുടുംബപരമായ അടുപ്പമായിരുന്നു മോഹൻലാലിന്റെ കുടുംബത്തോടുണ്ടായിരുന്നത്." എം.ജി. ശ്രീകുമാർ പറഞ്ഞു.

Content Highlights: Singer MG Sreekumar fondly remembers Santhakumari, mother of actor Mohanlal. He shares cherished childhood memories and expresses his deep sorrow.