‘അമ്മയിലെ വിവാദങ്ങൾ മോഹൻലാലിനെ വിഷമിപ്പിച്ചു, സംഘടന നശിച്ചുപോകുന്നത് അദ്ദേഹത്തിന് കാണാനാവില്ല’

മോഹൻലാൽ, മണിയൻപിള്ള രാജു | Photo: Mathrubhumi
മോഹൻലാൽ, മണിയൻപിള്ള രാജു | Photo: Mathrubhumi

തിരുവനന്തപുരം: വിവാദങ്ങൾ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടൻ മണിയൻപിള്ള രാജു. വിവാദങ്ങളിൽ മോഹൻലാലിനെപ്പോലുള്ളവർക്ക് വലിയ വിഷമമുണ്ട്. സംഘടന ഇല്ലാതായിപ്പോവരുതെന്ന് ആഗ്രഹമുണ്ട്. പ്രത്യേകലക്ഷ്യവുമായെത്തി സംഘടനയെ തകർക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കാൻ പ്രയാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതൃഭൂമി ഡോട്ട്കോമിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പുതുതലമുറയിലെ അഭിനേതാക്കൾ സംഘടനാ പ്രവർത്തനത്തിൽ സജീവമാകാത്തതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അമ്മ നശിച്ചുപോകുന്നത് മോഹൻലാലിന് സഹിക്കാൻ കഴിയില്ല. അദ്ദേഹം ഉൾപ്പെടെ ചുമതല ഒഴിഞ്ഞപ്പോൾ സംഘടനയുടെ ഉയിര് നഷ്ടമായെന്നും മണിയൻപിള്ള രാജു അഭിപ്രായപ്പെട്ടു.

‘ഞാൻ 18 വർഷം എക്സിക്യൂട്ടീവ് അംഗമായിരുന്നു. പിന്നീട് സ്വയം മാറിനിന്നു. മുമ്പുണ്ടായിരുന്ന ഭരണസമിതികൾ ജനറൽ ബോഡിയുടെ ഭക്ഷണ മെനു വരെ എന്നോട് ചോദിക്കുമായിരുന്നു. എന്തൊക്കെ വിഭവങ്ങൾ വേണമെന്ന് ഞാൻ നിർദേശിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ ആരും ഒന്നും ചോദിച്ചില്ല’, അദ്ദേഹം പരാതിപ്പെട്ടു.

‘സംഘടന ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. പക്ഷേ അടുത്തകാലത്തുണ്ടായ ചില വിവാദങ്ങൾ അതിന്റെ ശോഭ കുറച്ചിട്ടുണ്ട്. ആളുകൾ പലതും പറയും. ഞാൻ ആ വിവാദങ്ങളെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നില്ല. കാരണം അതിനെക്കുറിച്ച് ഇതിനകം തന്നെ ഒരുപാട് പേർ സംസാരിച്ച് വിഷയം കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. മോഹൻലാലിനെപ്പോലുള്ളവർക്ക് അതിൽ വലിയ വിഷമമുണ്ട്. കാരണം, 'അമ്മ'യ്ക്ക് വേണ്ടി എത്രയോ രാത്രികൾ ഉറക്കം നഷ്ടപ്പെടുത്തി ഡാൻസും പാട്ടും പഠിച്ച് സ്റ്റേജ് ഷോകൾ നടത്തിയവരാണ് അവർ’, അദ്ദേഹം ഓർമിപ്പിച്ചു.

‘ഷൂട്ടിങ് ദിവസങ്ങൾ പോലും മാറ്റിവെച്ച് റിഹേഴ്സൽ നടത്തി സമാഹരിച്ച പണമാണ് പിന്നീട് 'അമ്മ'യുടെ കെട്ടിടവും മറ്റു സൗകര്യങ്ങളും ഉണ്ടാക്കാൻ ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ഇന്ന് ഉണ്ടാകുന്ന ആരോപണങ്ങൾ ഞങ്ങളെല്ലാവരെയും വേദനിപ്പിക്കുന്നുണ്ട്. പുതിയ തലമുറയിലെ പലരും സംഘടനാ പ്രവർത്തനങ്ങളിൽ അത്ര സജീവമല്ല. വർഷങ്ങളായി മീറ്റിങ്ങുകളിൽ പോലും പങ്കെടുക്കാത്തവരുണ്ട്. അവർ ഒരു അകലം പാലിക്കുന്നതുപോലെയാണ് തോന്നുന്നത്. അവർക്ക് ഇന്ന് അതിന്റെ ആവശ്യകത അത്ര അനുഭവപ്പെടുന്നില്ലായിരിക്കാം. എന്നാൽ ഞങ്ങളൊക്കെ അനുഭവിച്ച കഷ്ടപ്പാടുകൾ നേരിട്ട് കണ്ടവരാണ്’, അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഈ സംഘടന നിന്ന് പോകരുതെന്ന് ആഗ്രഹമുണ്ട്. ഒരു ലക്ഷ്യവുമായി എത്തി സംഘടനയെ തകർക്കാൻ ശ്രമിച്ചാൽ അതിനെ പ്രതിരോധിക്കാൻ പ്രയാസമാണ്. ഏകദേശം 120 പേർക്കാണ് 'അമ്മ'യുടെ സഹായം ലഭിക്കുന്നത്. ഇതെല്ലാം നിലച്ചുപോകുമോ എന്ന ആശങ്കയാണ് എല്ലാവർക്കുമുള്ളത്. അതാണ് മോഹൻലാലിനെയും ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത്. 'അമ്മ' നശിച്ചുപോകുന്നത് അദ്ദേഹത്തിന് കാണാനാകില്ല. അദ്ദേഹമൊക്കെ ചുമതല ഒഴിഞ്ഞപ്പോഴേ ഇതിന്റെ ഉയിര് നഷ്ടമായി. ഇന്നസെന്റ് 18 വർഷം പ്രസിഡന്റായിരുന്ന കാലത്തും പിന്നീട് മോഹൻലാൽ ചുമതലയേറ്റപ്പോഴും സംഘടനയെ കൂടുതൽ ശക്തമാക്കാനുള്ള പദ്ധതികളുണ്ടായിരുന്നു. 'അമ്മ'യുടെ ഓഫീസ് വികസിപ്പിക്കണമെന്ന ആലോചന പോലും ഉണ്ടായിരുന്നു’, മണിയൻപിള്ള രാജു പറഞ്ഞു.

‘'അമ്മ' ശക്തമായി തിരിച്ചുവരുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. അല്ലെങ്കിൽ രണ്ട് വർഷത്തിനുള്ളിൽ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല. ഈ സംഘടന നിലനിൽക്കണം. ഒരുപാട് പേർക്ക് ഇതിലൂടെ ഗുണമുണ്ട്. സുരേഷ് ഗോപി കുറച്ചുകാലം സംഘടനയിൽനിന്ന് മാറിനിന്നിരുന്നു. പിന്നീട് ആ പിണക്കം മാറി അദ്ദേഹം തിരിച്ചുവന്നു. എല്ലാവർക്കും വിഷമമുണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹം കൂടെയുണ്ട്. സംഘടനയെക്കുറിച്ചുള്ള ആശങ്ക എല്ലാവർക്കുമുണ്ട്’, അദ്ദേഹം വ്യക്തമാക്കി.

‘പഴയ തലമുറ മാറി പുതിയ തലമുറയ്ക്ക് നേതൃത്വം നൽകണമെന്ന അഭിപ്രായമുണ്ട്. പക്ഷേ പുതിയ തലമുറ തന്നെ സംഘടനയിലേക്ക് സജീവമായി വരുന്നില്ല. ഒരു മീറ്റിങ്ങിൽ പോലും പ്രമുഖ നായകന്മാരോ നായികമാരോ എത്തുന്നില്ല. പൃഥ്വിരാജിനോട് പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് മോഹൻലാൽ ചോദിച്ചപ്പോൾ, ‘ഇപ്പോൾ ബാക്കിയുള്ളവർ തുടരട്ടെ, കാലം കിടക്കുകയല്ലേ,’ എന്നായിരുന്നു മറുപടി’, മണിയൻപിള്ള രാജു വെളിപ്പെടുത്തി.

Content Highlights: Veteran actor Maniyanpilla Raju stated that the recent controversies surrounding the AMMA association have deeply saddened Mohanlal and tarnished the group's reputation. He emphasized that Mohanlal and others spent sleepless nights doing stage shows to raise funds for the association's building and welfare schemes. Raju expressed deep concern over the new generation of actors staying away from organizational activities and failing to attend crucial executive meetings. He revealed that Mohanlal had previously approached actor Prithviraj Sukumaran to take up the president's post, but Prithviraj declined, suggesting seniors continue for now. Despite the current crisis and fears regarding the welfare of 120 dependent members, Raju remains hopeful that AMMA will make a strong comeback with everyone's support