പ്രതീക്ഷയോടെ നിർമിച്ച മമ്മൂട്ടി ചിത്രം,വിജയിച്ചില്ലെങ്കിലും പൊൻകുഞ്ഞ്-ഓർമ പങ്കുവെച്ച് ദിനേശ് പണിക്കർ

1999- ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'സ്റ്റാലിൻ ശിവദാസി'നെക്കുറിച്ചുള്ള ഓർമ പങ്കുവെച്ച് നിർമാതാവും നടനുമായ പി. ദിനേശ് പണിക്കർ. വിജയിച്ചില്ലെങ്കിലും 'സ്റ്റാലിൻ ശിവദാസ്' തനിക്ക് പൊൻകുഞ്ഞ് തന്നെയായിരുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. ആദ്യം 'ചെങ്കൊടി' എന്നായിരുന്നു ചിത്രത്തിന് പേര് നിശ്ചയിച്ചിരുന്നതെന്നും അദ്ദേഹം ഓർമിച്ചു. ചിത്രത്തിൽനിന്നുള്ള മമ്മൂട്ടിയുടെ ഒരു ഫോട്ടോയും ദിനേശ് പണിക്കർ പങ്കുവെച്ചു.
'1999-ൽ ഏറെ പ്രതീക്ഷയോടെ ഞാൻ നിർമിച്ച രാഷ്ട്രീയപശ്ചാത്തലമുള്ള, ആദ്യം 'ചെങ്കൊടി' എന്ന പേരിട്ട ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത പിന്നീട് സ്റ്റാലിൻ ശിവദാസ് എന്ന പേരിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. വിജയച്ചിത്രമായില്ലെങ്കിലും 'സ്റ്റാലിൻ ശിവദാസ്' എനിക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് തന്നെയാണ്. ഖുശ്ബു, നെടുമുടി വേണു, ക്യാപ്റ്റൻ രാജു, ശങ്കർ, മധുപാൽ, മധു സർ, മണിയൻ പിള്ളരാജു എന്ന വലിയൊരു താരനിര തന്നെ സിനിമയിൽ ഉണ്ടായിരുന്നു', ദിനേശ് പണിക്കർ കുറിച്ചു.
ചിത്രത്തെക്കുറിച്ച് ആരാധകരുടെ ചോദ്യത്തിന് കമന്റ് ബോക്‌സിൽ ദിനേശ് പണിക്കർ മറുപടി നൽകി. 'ഇത് ഇപ്പോൾ പോസ്റ്റ് ചെയ്യാൻ കാരണം?', എന്ന ചോദ്യത്തിന് പ്രത്യേക കാരണമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്റെ എല്ലാ സിനിമകളേ പറ്റിയും പറയുന്ന കൂട്ടത്തിൽ സ്റ്റാലിൻ ശിവദാസിന്റെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തുവെന്നേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങളുടെ അറുപതുലക്ഷം രൂപ നഷ്ടമായല്ലേ എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു ഒരാൾക്ക് ദിനേശ് പണിക്കർ നൽകിയ മറുപടി. 15 ദിവസംകൊണ്ട് പൂർത്തിയാക്കിയ സിനിമയല്ലേയെന്ന് ചോദിച്ചപ്പോൾ, 25 ദിവസമെടുത്തുവെന്നും ഒട്ടുമുക്കാൽ ദിവസങ്ങളിലും ഡബിൾ യൂണിറ്റ് ചിത്രീകരണമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ടി. ദാമോദരന്റെ തിരക്കഥയിൽ ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത 'സ്റ്റാലിൻ ശിവദാസ്', സുരേഷ് ഗോപി ചിത്രം 'പത്ര'ത്തിനൊപ്പമായിരുന്നു റിലീസ് ചെയ്തത്. മോഹൻലാൽ നായകനായ 'കിരീടം' ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങൾ ദിനേശ് പണിക്കർ നിർമിച്ചിട്ടുണ്ട്. പിന്നീട് നടനായി തിളങ്ങിയ ദിനേശ് പണിക്കർ ഇപ്പോൾ ടെലിവിഷൻ പരമ്പരകളിൽ സജീവമാണ്.
Content Highlights: Even If Not Successful, A Golden Child; Producer Dinesh Panicker with 'Stalin Sivadas' Memories