സിംബയ്ക്കൊപ്പം മോഹൻലാൽ, ഡബ്ബിങ്ങിലാണേയെന്ന് മമ്മൂട്ടി; സോഷ്യൽമീഡിയ തൂക്കി സൂപ്പർതാരങ്ങൾ

സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടി മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പങ്കുവെച്ച ചിത്രങ്ങൾ. പുറത്തിറങ്ങാനിരിക്കുന്ന ചിത്രം 'പേട്രിയറ്റി'ന്റെ ഡബ്ബിങ് സ്റ്റുഡിയോയിൽനിന്നുള്ള ചിത്രമാണ് മമ്മൂട്ടി ചൊവ്വാഴ്ച പങ്കുവെച്ചത്. തന്റെ വളർത്തുമൃഗത്തിനൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചത്. ഇരുചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു.
നടി ലിസിയുടെ ഉടമസ്ഥതയിലുള്ള ലെ മാജിക് ലാന്റേൺ സ്റ്റുഡിയോയിലാണ് 'പേട്രിയറ്റ്' ഡബ്ബിങ് നടക്കുന്നത്. നേരത്തെ, സ്റ്റുഡിയോയിൽ മമ്മൂട്ടിക്കും പ്രിയദർശനുമൊപ്പമെടുത്ത ചിത്രം ലിസി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് മമ്മൂട്ടി തന്നെ സ്റ്റുഡിയോയിൽ ഡബ്ബിങ്ങിനിടെയുള്ള ചിത്രം പങ്കുവെച്ചത്.
'പേട്രിയറ്റ്' എന്ന ഹാഷ്ടാഗിനൊപ്പം ഡബ്ബിങ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം. മൈക്കിന് മുന്നിൽ സ്‌ക്രീനിൽ നോക്കി സംഭാഷണം പറയാനൊരുങ്ങുന്ന മമ്മൂട്ടിയെ ചിത്രത്തിൽ കാണാം. മമ്മൂട്ടിക്കും ചിത്രത്തിനും വിജയാശംസ നേർന്ന് ആരാധകർ കമന്റ് ബോക്‌സിലെത്തി. സിങ്ക് സൗണ്ട് അല്ലാത്തതിനാൽ മമ്മൂട്ടിയുടെ ശബ്ദഗാംഭീര്യം ചിത്രത്തിൽ അനുഭവിച്ചറിയാമെന്ന സന്തോഷവും ആരാധകർ പങ്കുവെക്കുന്നുണ്ട്. മോഹൻലാൽ നേരത്തെ തന്റെ ഭാഗം ഡബ്ബിങ് പൂർത്തിയാക്കിയിരുന്നു.
മോഹൻലാലിന് വളർത്തുമൃഗങ്ങളോടുള്ള സ്‌നേഹം പ്രസിദ്ധമാണ്. നായകൾക്കും പൂച്ചകൾക്കുമൊപ്പമുള്ള ചിത്രം മോഹൻലാൽ പതിവായി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. എൽ366 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി ചിത്രത്തിലെ ലുക്കിലുള്ള മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. 'സിംബ പേരിനൊത്ത് ജീവിക്കുകമാത്രമല്ല, അതിനെ നിർവചിക്കുകതന്നെ ചെയ്യുന്നു', എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷൻ.
വലിയ മുതൽമുടക്കിൽ മഹേഷ് നാരായണൻ ഒരുക്കുന്ന പേട്രിയറ്റ് ഈ വരുന്ന ഏപ്രിൽ 23-ന് തിയേറ്ററുകളിലെത്തും. മമ്മൂട്ടി, മോഹൻലാൽ, എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ.സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാണം. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.