‘കേട്ടിട്ട് വിശ്വസിക്കാനാവുന്നില്ല അല്ലേ, അനുഭവിച്ച എനിക്കും പറ്റിയില്ല’; ലണ്ടനിൽ മമ്മൂട്ടിക്കൊപ്പം ചെലവഴിച്ചതിനേക്കുറിച്ച് ആരാധകൻ

ലണ്ടനിൽ നടൻ മമ്മൂട്ടിക്കൊപ്പം സമയം ചെലവിടാൻ കഴിഞ്ഞതിലെ സന്തോഷം പങ്കുവെച്ച് മലയാളി. ഡേവിഡ് എബ്രഹാം എന്ന യുവാവാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ വിവരം പങ്കുവെച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള നിമിഷങ്ങൾ വീഡിയോ ആക്കി അദ്ദേഹം പോസ്റ്റ് ചെയ്തു. ‘അവിശ്വസനീയമായ നിമിഷങ്ങൾ’ എന്നാണ് വീഡിയോക്ക് ഡേവിഡ് അടിക്കുറിപ്പ് നൽകിയത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് മമ്മൂട്ടി ലണ്ടനിലെത്തിയത്.
മമ്മൂട്ടിയുടെ വാഹനത്തിന്റെ ഡ്രൈവറായി ഏതാനും ദിവസങ്ങൾ പ്രവർത്തിച്ചെന്നും അദ്ദേഹത്തെ ലണ്ടനിലെ അപ്പാർട്ട്മെന്റിൽ കൊണ്ടുവിട്ടെന്നും ഡേവിഡ് പങ്കുവച്ചു. സുഹൃത്തിന്റെ ജന്മദിനം മമ്മൂട്ടിയോടൊത്ത് അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റിൽ ആഘോഷിക്കുന്നതും ഡേവിഡ് പങ്കുവെച്ച വീഡിയോയിലുണ്ട്. ലണ്ടനിൽ മമ്മൂട്ടിയോടൊത്ത് ഷോപ്പിങ്ങിന് പോയെന്നും അദ്ദേഹം പറഞ്ഞു. തനിക്കിത് വിശ്വസിക്കാൻ കഴിയാത്ത അനുഭവമായിരുന്നു എന്ന് ഡേവിഡ് പറയുന്നു.
'ഇതൊന്നും കേട്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ? കുറച്ചുനേരത്തേക്ക് എനിക്കും പറ്റിയില്ല' എന്നാണ് മമ്മൂട്ടിക്കൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ച് ഡേവിഡിന്റെ രസകരമായ പ്രതികരണം. മമ്മൂട്ടിക്കൊപ്പമുള്ള ഏതാനും വീഡിയോകൾകൂടി ഡേവിഡ് പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഡേവിഡിന്റെ വീഡിയോക്ക് പ്രതികരണവുമായെത്തിയത്. പലരുടെയും സ്വപ്നമാണ് ഡേവിഡിന്റെ ഈ വിഡിയോ എന്നാണ് ആരാധകർ കമന്റ് ചെയ്തത്. സ്വപ്നം ഒന്നും അല്ലല്ലോ അല്ലേ? എന്ന് ചോദിച്ചവരുമുണ്ട്.
മമ്മൂട്ടിയും മോഹൻലാലുമാണ് പാട്രിയറ്റിൽ നായകന്മാരാകുന്നത്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, സെറിന്‍ ഷിഹാബ്, രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ.ജി അനില്‍കുമാര്‍. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സി.ആര്‍. സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സി.ആര്‍. സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മാണം നിര്‍വഹിക്കുന്നത്. സി.വി. സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ്. ശ്രീലങ്ക, അസര്‍ബൈജാന്‍, ഡല്‍ഹി, ഷാര്‍ജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നു. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് പാര്‍ട്ണര്‍.
Content Highlights: A Malayali fan, David Abraham, shares his incredible experience spending time with actor Mammootty in London while he was filming `Patriot`. See the videos!