മമ്മൂട്ടി -ഖാലിദ് റഹ്‌മാൻ ടീം വീണ്ടും; പുതിയ സിനിമ പ്രഖ്യാപിച്ച് ക്യൂബ്‌സ് എന്റർടൈൻമെന്റ്

ഖാലിദ് റഹ്‌മാനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ വിവരങ്ങൾ പുറത്ത്. ക്യൂബ്‌സ് എന്റർടൈൻമെന്റ് ആണ് പുതിയ അനൗൺസ്‌മെന്റുമായെത്തിയത്. മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന ഖാലിദ് റഹ്‌മാൻ ചിത്രമാണ് തങ്ങളുടെ പുത്തൻ സിനിമയെന്ന, ഷെരീഫ് മുഹമ്മദിന്റെ ക്യൂബ്‌സ് എന്റർടെയിൻമെന്റ് പുറത്ത് വിട്ട വാർത്ത, സോഷ്യൽ മീഡിയയിലടക്കം ശ്രദ്ധനേടുകയാണ്.
പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആയ മാർക്കോ, ഇപ്പോൾ ചിത്രീകരണം തുടരുന്ന കാട്ടാളൻ എന്നിവക്ക് ശേഷം ക്യൂബ്‌സ് എന്റർടെയിൻമെന്റ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. നിയോഗ്, സുഹാസ്, ഷർഫു എന്നിവർ ചേർന്ന് രചിച്ച ചിത്രം, മമ്മൂട്ടി എന്ന നടനും താരത്തിനുമുള്ള ആദരമായാണ് ഒരുക്കുന്നത്. വേഷ പകർച്ചകൾ കൊണ്ട് ഓരോ തവണയും നമ്മളെ ഞെട്ടിക്കുന്ന മമ്മൂട്ടി എന്ന മഹാനടൻ പുതു തലമുറയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളായ ഖാലിദ് റഹ്‌മാനൊപ്പം ഒന്നിക്കുമ്പോൾ പ്രതീക്ഷകളെറെയാണ്.
മലയാളത്തിലെയും മലയാളത്തിന് പുറത്തുമുള്ള ഒട്ടേറെ വമ്പൻ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 2026-ൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർടെയ്നർ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. ഇന്ത്യൻ സിനിമയിലെ വമ്പൻ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന്റെ പിന്നണിയിൽ അണിനിരക്കുക.
'ഉണ്ട' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷമാണ് മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ടീം ഒന്നിക്കുന്നത്. ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റിന് ശേഷം ഖാലിദ് റഹ്‌മാൻ ഒരുക്കുന്ന ചിത്രമാണിത്.
ടികി ടാക്കക് ശേഷം നിയോഗ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, പിആർഒ- വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Mega Star Mammootty joins hands with director Khalid Rahman for a big-budget mass entertainer produced by CubeS Entertainment.