ആഗ്രഹംകൊണ്ട് ചെയ്യുന്നതാണ് വില്ലൻ വേഷങ്ങൾ, നടൻ എന്ന് അറിയപ്പെടാനാണ് ഇഷ്ടം -മമ്മൂട്ടി

വില്ലൻ സ്വഭാവമുള്ള വേഷങ്ങൾ അവതരിപ്പിക്കുന്നതിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു. നെഗറ്റീവ് റോളുകൾ ചെയ്യുന്നത് ധൈര്യം കൊണ്ടല്ലെന്നും ആഗ്രഹംകൊണ്ടാണെന്നും മമ്മൂട്ടി പറഞ്ഞു. കളങ്കാവൽ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഒരു നടനായിരിക്കുക എന്നതിനാണ് മുൻഗണന. നടനെന്ന് അറിയപ്പെടാനാണ് ആഗ്രഹമെന്നും മമ്മൂട്ടി പറഞ്ഞു.
ഒരു റൊമാൻ്റിക് വേഷം ചോദിച്ചാൽ അത് കിട്ടുമെങ്കിലും അതിലൊരു രസമില്ലെന്ന് മമ്മൂട്ടി പറഞ്ഞു. ഒരു കാലഘട്ടം കഴിഞ്ഞ് മുതിർന്ന വേഷങ്ങളിലേക്ക് മാറുമ്പോൾ, നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ കൂടുതൽ അവസരം ലഭിക്കും. ഒരു നായകന് പരിമിതികളുണ്ടാകും; അതിപ്പോൾ കുറച്ച് മാറിയിട്ടുണ്ട്. പക്ഷെ വില്ലന് അതൊന്നുമില്ല. കളങ്കാവൽ എന്ന ചിത്രത്തിൽ താൻ വില്ലനെന്ന് വിളിക്കാത്ത, എന്നാൽ ഒരു നല്ലവനുമല്ലാത്ത ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കളങ്കാവൽ എന്ന ചിത്രത്തിലെ കഥാപാത്രങ്ങൾ നമ്മൾ സാധാരണ കാണുന്ന ആളുകളെപ്പോലുള്ളവരാണെന്നും മമ്മൂട്ടി പറഞ്ഞു.
"നെഗറ്റീവ് റോളുകൾ ചെയ്യുന്നത് ധൈര്യം കൊണ്ടല്ല, ആഗ്രഹംകൊണ്ടാണ്. എൻ്റെയുള്ളിലെ നടനെ അവഗണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു നടന്റെയുള്ളിലെ ദാഹം എന്ന് പറയുന്നതുപോലെയാണത്. മറ്റെന്തിനേക്കാളുമുപരി എൻ്റെയുള്ളിലെ നടനെ തൃപ്തിപ്പെടുത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് ഏറ്റവും ഇഷ്ടം നടനാവുക എന്നതാണ്. മറ്റതെല്ലാം എന്നിലേക്ക് പിന്നീട് വന്നുചേർന്നതാണ്. എന്നെ താരമെന്ന് വിളിക്കുന്നതിൽ എനിക്ക് എതിർപ്പില്ല, പക്ഷെ ഒരു നടനായിരിക്കുന്നതിനാണ് എൻ്റെ മുൻഗണന. പുട്ടുറുമീസും വാറുണ്ണിയുമെല്ലാം ഈ നടന്റെ ആഗ്രഹമാണ്. നടൻ എന്ന് അറിയപ്പെടാനാണ് ഇഷ്ടം." മമ്മൂട്ടിയുടെ വാക്കുകൾ.
ഒരു കഥാപാത്രം കിട്ടുമ്പോൾ നന്നാവുമോ ഇല്ലയോ എന്ന് ആലോചിച്ചിരുന്നാൽ പറ്റില്ല. അത് അപ്പോഴേക്കും വേറെ ആളുകൾ ചെയ്യും. നമ്മൾ ധൈര്യപൂർവം ഇറങ്ങണം. തണുക്കും എന്നുപറഞ്ഞ് വെള്ളത്തിൽ ഇറങ്ങാതിരിക്കരുത്. കരയിൽ നിന്നാൽ നീന്തൽ പഠിക്കാൻ പറ്റില്ലെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ അദ്ദേഹവും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് ഒരുക്കിയത്. 'കളംകാവലി'ൽ മമ്മൂട്ടിക്കും വിനായകനുമൊപ്പം ജിബിൻ ഗോപിനാഥ്, ഗായത്രി അരുൺ, രജിഷ വിജയൻ എന്നിവരും അഭിനയിക്കുന്നു.
Content Highlights: Mammootty's Artistic Revival: Embracing Villainous Roles for Deeper Satisfaction