‘മമ്മൂട്ടി സാർ, ഇതെങ്ങനെ സാധിക്കുന്നു? കളങ്കാവലിൽ മുഴുകിയിരുന്നുപോയി’; അഭിനന്ദനവുമായി നടൻ രാഹുൽ രവീന്ദ്രൻ

കളങ്കാവൽ എന്ന ചിത്രത്തേയും മമ്മൂട്ടിയേയും അഭിനന്ദിച്ച് തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ രാഹുൽ രവീന്ദ്രൻ. കളങ്കാവൽ സിനിമയിൽ മുഴുകിയിരുന്നുപോയെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് 'കളങ്കാവല്‍'. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്.
‘കളങ്കാവലി’ലെ മമ്മൂട്ടിയുടെ പ്രകടനത്തിൽ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുകയാണ് രാഹുൽ രവീന്ദ്രൻ. ഇതെങ്ങനെ സാധിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. എന്തൊരു മനുഷ്യൻ, എന്തൊരു നടൻ, എന്തൊരു നിർമാതാവ്. തന്റെ മുഴുവൻ ശ്രദ്ധയും കളങ്കാവൽ അപഹരിച്ചെന്നും രാഹുൽ പറഞ്ഞു.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവൽ. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥയൊരുക്കി ശ്രദ്ധനേടിയ ജിതിന്‍ കെ. ജോസ് ആദ്യമായി സംവിധാനംചെയ്ത ചിത്രമാണ് 'കളങ്കാവല്‍'. മമ്മൂട്ടി, വിനായകന്‍ എന്നിവരുടെ ഗംഭീരപ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇന്ത്യന്‍ സിനിമയിലെ മറ്റൊരു സൂപ്പര്‍താരവും ധൈര്യപ്പെടാത്ത രീതിയില്‍ മുഴുനീള വില്ലന്‍ വേഷം ചെയ്ത് കൊണ്ട് മമ്മൂട്ടി ഞെട്ടിക്കുമ്പോള്‍, പോലീസ് ഓഫീസര്‍ ആയി തന്റെ കരിയറിലെ ഏറ്റവും വേറിട്ട് നില്‍ക്കുന്ന പ്രകടനമാണ് വിനായകന്‍ നല്‍കിയത്.
ഫൈസല്‍ അലിയുടെ ദൃശ്യങ്ങളും മുജീബ് മജീദ് ഒരുക്കിയ ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും വലിയ കൈയടി നേടുന്നുണ്ട്. ജിബിന്‍ ഗോപിനാഥ്, ബിജു പപ്പന്‍, രജിഷ വിജയന്‍, ഗായത്രി അരുണ്‍, മാളവിക, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖതാരങ്ങള്‍. കേരളത്തില്‍ ആദ്യദിനം 258 ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിനായി കൂട്ടിച്ചേര്‍ത്തത്.
ഗായിക ചിന്മയിയുടെ ഭർത്താവുകൂടിയാണ് രാഹുൽ. രാഹുൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ദ ഗേൾഫ്രണ്ട് എന്ന ചിത്രം ഈയിടെയാണ് റിലീസായത്. ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായെത്തിയത്.
Content Highlights: Telugu actor and director Rahul Ravindran highly praises Mammootty`s performance in the film `Kalamkaval`, calling it captivating and astonishing.